അന്തർദേശീയം

ഹുർമുസ് കടലിടുക്ക് കടക്കാൻ കപ്പൽ ജീവനക്കാർക്ക് വൻ തുക വാഗ്ദാനം ചെയ്ത് ഷിപ്പിങ് കമ്പനികൾ

തെഹ്റാൻ : യു.എസ് – ഇറാൻ യുദ്ധത്തെ തുടർന്ന് സംഘർഷ മേഖലയായി മാറിയ ഹുർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പൽ ജീവനക്കാർക്ക് വൻ തുക വാഗ്ദാനം ചെയ്ത് ഷിപ്പിങ് കമ്പനികൾ. കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം റെക്കോർഡ് അളവിലേക്ക് കുറഞ്ഞെങ്കിലും, ഈ അപകടകരമായ റൂട്ടിൽ ജോലി ചെയ്യുന്ന നാവികർക്ക് കനത്ത തുക ബോണസായി ലഭിക്കുന്നതായി റിപ്പോർട്ട്. ഹുർമുസിലൂടെയുള്ള ഓരോ യാത്രക്കും കപ്പിത്താന് 1,00,000 ഡോളർ (96.67 ലക്ഷം രൂപ) വരെ അടിസ്ഥാന ശമ്പളവും അധികമായി 50,000 ഡോളർ (48.33 ലക്ഷം രൂപ) ബോണസുമാണ് ലഭിക്കുന്നത്.

യുദ്ധഭീതി നിലനിൽക്കുന്ന ഈ പ്രദേശത്ത് വലിയ തോതിലുള്ള ആക്രമണ ഭീഷണികൾ നേരിട്ടാണ് നാവികർ ജോലികൾ ചെയ്യുന്നത്. കപ്പലിലെ മറ്റ് ജീവനക്കാർക്കും അവരുടെ സാധാരണ ശമ്പളത്തിന്റെ നാലിരട്ടി മുതൽ ആറിരട്ടി വരെയാണ് പ്രതിഫലമായി ലഭിക്കുന്നത്. ഇന്ത്യ, ഫിലിപ്പീൻസ്, ചൈന തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരാണ് ഈ വലിയ റിസ്ക് ഏറ്റെടുത്ത് കടലിടുക്ക് കടക്കാൻ തയ്യാറാകുന്നത്. ചില റിക്രൂട്ട്മെന്റ് പരസ്യങ്ങൾ പ്രകാരം സാധാരണ ജോലിക്കാർക്ക് പോലും ഒരു യാത്രക്ക് 25,000 ഡോളർ (24.16 ലക്ഷം രൂപ) വരെ ബോണസ് വാഗ്ദാനം ചെയ്യുന്നുണ്ട്.

ആക്രമണങ്ങളിൽ നിന്നും റഡാർ നിരീക്ഷണങ്ങളിൽ നിന്നും രക്ഷനേടാനായി കപ്പലുകളുടെ ലൈറ്റുകളും ജി.പി.എസ് ട്രാക്കറുകളും പൂർണമായി ഓഫ് ചെയ്താണ് രാത്രികാലങ്ങളിൽ ഈ പാതയിലൂടെ സഞ്ചരിക്കുന്നത്. ഡ്രോൺ അല്ലെങ്കിൽ മിസൈൽ ആക്രമണ സാധ്യത മുൻനിർത്തി കപ്പലിന്റെ പ്രധാന ഡെക്കുകൾ മണൽചാക്കുകൾ ഉപയോഗിച്ച് ക്രൂ അംഗങ്ങൾ ബാരിക്കേഡ് ചെയ്തിരിക്കുകയാണ്.

എണ്ണ കയറ്റുമതി മുടങ്ങാതെ മുന്നോട്ട് കൊണ്ടുപോകുന്നതിനായി കപ്പൽ കമ്പനികളും എണ്ണ ഉത്പാദകരും വലിയ തോതിലുള്ള ചെലവുകളാണ് ഇതിനായി വഹിക്കുന്നത്. ഒരു റൗണ്ട് ട്രിപ്പിനായി ഷിപ്പിങ് കമ്പനികൾ 3 കോടി മുതൽ 4 കോടി ഡോളർ വരെ ചെലവഴിക്കുന്നതായാണ് റിപ്പോർട്ട്.

നിലവിൽ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടൽപാതകളിലൊന്നായ ഹുർമുസ് കടക്കുന്നത് നാവികർക്ക് ജീവൻ പണയംവെച്ചുള്ള യാത്രയായി മാറിയിരിക്കുകയാണ്. ഇതിനകം നിരവധി കപ്പലുകൾ ആക്രമിക്കപ്പെടുകയും ഇന്ത്യൻ നാവികരടക്കമുള്ള കപ്പൽ ജീവനക്കാർ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

യുദ്ധത്തിന് പിന്നാലെ ഈ നിർണായക സമുദ്രപാതയിലൂടെയുള്ള ഗതാഗതം കനത്ത പ്രതിസന്ധിയിലായ പശ്ചാത്തലത്തിലാണ് നാവികർക്ക് കോടികളുടെ ബോണസ് പ്രഖ്യാപിച്ചിരിക്കുന്നത്. സാമ്പത്തിക നഷ്ടങ്ങൾ വകവെയ്ക്കാതെ കയറ്റുമതി മുടങ്ങാതെ മുന്നോട്ട് കൊണ്ടുപോകാൻ കമ്പനികൾ വലിയ തുകയാണ് പ്രതിഫലമായി നൽകുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button