അന്തർദേശീയം

ട്രംപിനു തിരിച്ചടി; ബാൾറൂം നിർമാണ പദ്ധതിക്ക് കോടതിയുടെ വിലക്ക്

വാഷിങ്ടൺ ഡിസി : വൈറ്റ് ഹൗസ് സമുച്ചയത്തിൽ 400 മില്യൺ ഡോളർ (ഏകദേശം 3807 കോടി രൂപ) ചെലവിൽ വിപുലമായ ബാൾറൂം നിർമിക്കാനുള്ള ഡോണൾഡ് ട്രംപിന്റെ പദ്ധതിക്ക് യുഎസ് ഫെഡറൽ അപ്പീൽ കോടതിയുടെ താൽക്കാലിക വിലക്ക്. ചരിത്രപ്രാധാന്യമുള്ള വൈറ്റ് ഹൗസ് സമുച്ചയത്തിൽ മാറ്റങ്ങൾ വരുത്താനും നിർമാണ പ്രവർത്തനങ്ങൾ നടത്താനുമുള്ള പ്രസിഡന്റിന്റെ അധികാരത്തെച്ചൊല്ലിയുള്ള നിയമപോരാട്ടത്തിൽ ട്രംപ് ഭരണകൂടത്തിനു വലിയ തിരിച്ചടിയാണ് വിധി. കോൺഗ്രസിന്റെ (യുഎസ് പാർലമെന്റ്) അനുമതി തേടാതെ വൈറ്റ് ഹൗസിന്റെ കിഴക്കേ അറ്റത്തുള്ള ഈസ്റ്റ് വിങ് പൊളിച്ചുമാറ്റി ബാൾറൂം നിർമാണം ആരംഭിച്ചതിനെതിരെ നാഷണൽ ട്രസ്റ്റ് ഫോർ ഹിസ്റ്റോറിക് പ്രിസർവേഷൻ എന്ന സംഘടനയാണ് കോടതിയെ സമീപിച്ചത്. സംഘടനയ്ക്ക് അനുകൂലമായി കീഴ്ക്കോടതി പുറപ്പെടുവിച്ച താൽക്കാലിക സ്റ്റേ ഉത്തരവ് യുഎസ് കോർട്ട് ഓഫ് അപ്പീൽസ് ഫോർ ദി ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയ സർക്യൂട്ട് ശരിവയ്ക്കുകയായിരുന്നു.

90,000 ചതുരശ്ര അടി വിസ്തീർണമുള്ള ബാൾറൂമിന്റെ ഉപരിതല നിർമാണ പ്രവർത്തനങ്ങളാണ് ഇപ്പോൾ തടഞ്ഞിരിക്കുന്നത്. എന്നാൽ, ട്രംപ് ഭരണകൂടത്തിനു യുഎസ് സുപ്രീം കോടതിയെ സമീപിക്കാൻ സമയം നൽകി കോടതി ഉത്തരവ് 14 ദിവസത്തേക്ക് താൽക്കാലികമായി സ്റ്റേ ചെയ്തിട്ടുണ്ട്. കോടതിയിൽ ട്രംപ് ഭരണകൂടത്തിനു വേണ്ടി ഹാജരായ ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് അഭിഭാഷകൻ യാക്കോവ് റോത്ത്, സ്വകാര്യ ഫണ്ട് ഉപയോഗിച്ച് നടത്തുന്ന നിർമാണ പ്രവർത്തനങ്ങളിൽ കോടതികൾ ഇടപെടരുതെന്ന് വാദിച്ചു. പഴയ ഈസ്റ്റ് വിങ് കെട്ടിടം, പ്രസിഡന്റിനും വൈറ്റ് ഹൗസ് ഉദ്യോഗസ്ഥർക്കും സുരക്ഷാ ഭീഷണിയുയർത്തിയിരുന്നുവെന്നും, ഒരു സംഘടനയുടെ ആർക്കിടെക്ചറൽ താൽപര്യങ്ങൾ രാജ്യസുരക്ഷയേക്കാൾ വലുതാകരുതെന്നും അദ്ദേഹം വാദിച്ചു. എന്നാൽ, ട്രംപ് ഭരണകൂടത്തിനു കോൺഗ്രസിനെ അഭിമുഖീകരിക്കാൻ മടിയായതുകൊണ്ടാണ് ഈ വാദങ്ങൾ ഉന്നയിക്കുന്നതെന്ന് പ്രിസർവേഷൻ ഗ്രൂപ്പിന്റെ അഭിഭാഷകൻ തദേവൂസ് ഹ്യൂവർ തിരിച്ചടിച്ചു.

വലിയ ഔദ്യോഗിക ചടങ്ങുകൾ നടത്തുന്നതിനും വൈറ്റ് ഹൗസിലെ സുരക്ഷ വർധിപ്പിക്കുന്നതിനും ഈ സൗകര്യം ആവശ്യമാണെന്നാണ് ഭരണകൂടത്തിന്റെ വാദം. പദ്ധതിയുടെ ചെലവ് മുൻപ് കണക്കാക്കിയതിന്റെ ഇരട്ടിയായതിനെയും ട്രംപ് ന്യായീകരിച്ചു. ബാൾറൂം ആദ്യ നിർദേശത്തേക്കാൾ ഇരട്ടി വലുപ്പമുള്ളതും ഉയർന്ന ഗുണനിലവാരമുള്ളതുമായതിനാലാണ് ചെലവ് കൂടിയതെന്നും, പദ്ധതി പൂർത്തിയാകുമ്പോൾ ഇത് കൂടുതൽ മനോഹരവും സുരക്ഷിതവുമായിരിക്കുമെന്നും ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പോസ്റ്റിൽ കുറിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button