അന്തർദേശീയം
റഷ്യയിൽ റിക്ടർ സ്കെയിലിൽ 7.0 തീവ്രത രേഖപ്പെടുത്തിയ അതിശക്തമായ ഭൂചലനം

മോസ്കോ : റഷ്യയിൽ വൻ ഭൂചലനം. റഷ്യയുടെ കിഴക്കൻ തീരമേഖലയിലുള്ള കാംചാത്ക ഉപദ്വീപിലാണ് അതിശക്തമായ ഭൂകമ്പം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 7.0 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് ഉണ്ടായതെന്ന് യൂറോപ്യൻ-മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്റർ അറിയിച്ചു.
പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 3:35 ഓടെയാണ് ഭൂചലനമുണ്ടായത്. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം ഭൂമിക്കടിയിൽ ഏകദേശം 140 കിലോമീറ്റർ ആഴത്തിലാണെന്ന് സീസ്മോളജിക്കൽ സെന്റർ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഭൂകമ്പത്തെത്തുടർന്ന് വൻ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല. തുടർചലനങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെങ്കിലും സുനാമി ഭീഷണിയില്ലെന്നാണ് റഷ്യയിലെ സുനാമി വാണിങ് സെൻ്ററിൽ നിന്നുള്ള അറിയിപ്പ്. അധികൃതർ മേഖലയിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.



