കടുത്ത ചൂട് : കേബിളുകൾ തകർന്ന് മൂന്ന് പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങി

കടുത്ത ചൂടിനെ തുടർന്ന് മൂന്ന് പ്രദേശങ്ങളിൽ വൈദ്യുതി വിതരണം തടസ്സപ്പെട്ടു. ബിർകിർകാര (Birkirkara), ബൽസാൻ (Balzan), ഇക്ലിൻ (Iklin) എന്നീ പ്രദേശങ്ങളിലെ വീടുകളെയും സ്ഥാപനങ്ങളെയും ബാധിച്ച വൈദ്യുതി മുടക്കം നാല് വ്യത്യസ്ത കേബിൾ തകരാറുകൾ മൂലമാണെന്ന് പ്രാദേശിക ഊർജ്ജ വിതരണ കമ്പനിയായ ‘എനെമൽറ്റ’ (Enemalta) അറിയിച്ചു.
ജനങ്ങൾക്ക് നേരിടേണ്ടി വന്ന ബുദ്ധിമുട്ട് കുറയ്ക്കുന്നതിനായി താൽക്കാലികമായി മൊബൈൽ ജനറേറ്ററുകൾ സജ്ജമാക്കിയിട്ടുണ്ടെന്നും മാൾട്ടയുടെ സബ്സ്റ്റേഷനുകൾ ദേശീയ ഗ്രിഡുമായി വീണ്ടും ബന്ധിപ്പിക്കുന്നതുവരെ ഈ ജനറേറ്ററുകൾ വഴി വൈദ്യുതി ലഭ്യമാക്കും. തകരാറുകൾ ഉടനടി പരിഹരിച്ച് വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കുന്നതിനായി എഞ്ചിനീയർമാരെയും സാങ്കേതിക വിദഗ്ദ്ധരെയും സ്ഥലത്ത് നിയോഗിച്ചിട്ടുണ്ടെന്ന് കമ്പനി വ്യക്തമാക്കി.
കേബിൾ തകരാറായത് രാജ്യത്ത് അനുഭവപ്പെടുന്ന കടുത്ത ഉഷ്ണതരംഗം കാരണമെന്ന് എനെമൽറ്റ പറഞ്ഞു. ചൂട് കൂടിയതോടെ വൈദ്യുതി ഉപഭോഗം എക്കാലത്തെയും ഉയർന്ന നിരക്കിലെത്തിയിരിക്കുകയാണ്. 2023-ൽ രേഖപ്പെടുത്തിയ 663 മെഗാവാട്ട് എന്ന റെക്കോർഡ് ഉപഭോഗത്തെയും ഇന്ന് മറികടക്കുമെന്നാണ് കരുതുന്നതെന്ന് കമ്പനി വ്യക്തമാക്കി. വിതരണ ശൃംഖല കൂടുതൽ ശക്തമാക്കുന്നതിനായി വൻകിട നിക്ഷേപ പദ്ധതികൾ നടപ്പിലാക്കി വരികയാണെന്നും കമ്പനി കൂട്ടിച്ചേർത്തു.
അതേസമയം, വൈദ്യുതി തടസ്സപ്പെട്ടതിൽ പ്രതിഷേധിച്ച് നിരവധി ആളുകൾ സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തി. കടുത്ത ചൂടുള്ള സമയത്തുണ്ടാകുന്ന ഇത്തരം വൈദ്യുതി മുടക്കങ്ങൾ അംഗീകരിക്കാനാവില്ലെന്ന് ബിർകിർകാര മേയർ ഡെസിറെ ഗ്രെച്ച് പറഞ്ഞു. ഇത് വെറുമൊരു ബുദ്ധിമുട്ട് മാത്രമല്ല, ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുമെന്ന് അവർ ചൂണ്ടിക്കാട്ടി.



