മാൾട്ടാ വാർത്തകൾ

മാൾട്ട സർവകലാശാലയിൽ 5,500-ലേറെ പുതിയ വിദ്യാർഥികൾ; സർവകലാശാലാ അധ്യയന വർഷത്തിന് തുടക്കം കുറിച്ച് ഫ്രഷേഴ്സ് വീക്കിന് ആവേശകരമായ തുടക്കം

2026-ലെ കെഎസ്‌യു (KSU) ഫ്രഷേഴ്സ് വീക്കിന് തുടക്കമായതോടെ 5,500-ലധികം പുതിയ വിദ്യാർത്ഥികളാണ് മാൾട്ട സർവകലാശാലയിൽ പഠനം ആരംഭിക്കുന്നത്.

തിങ്കളാഴ്ച ലഭിച്ച കണക്കുകൾ പ്രകാരം, 2,500-ലധികം പേർ ബിരുദ കോഴ്‌സുകളിലും (Undergraduate) 2,200-ലധികം പേർ ബിരുദാനന്തര ബിരുദ കോഴ്‌സുകളിലുമാണ് (Postgraduate) പ്രവേശനം നേടിയത്. ഇതുകൂടാതെ, എറാസ്മസ്+ (Erasmus+) പദ്ധതി വഴി എത്തിയ 350 ഓളം വിദ്യാർത്ഥികളെയും മൈക്രോ ക്രെഡൻഷ്യലുകൾ പഠിക്കുന്ന 500 സന്ദർശക വിദ്യാർത്ഥികളെയും യൂണിവേഴ്സിറ്റി സ്വാഗതം ചെയ്യുന്നു. 2026/27 അക്കാദമിക് വർഷത്തിൽ 130 രാജ്യങ്ങളിൽ നിന്നുള്ള രണ്ടായിരത്തോളം അന്താരാഷ്ട്ര വിദ്യാർത്ഥികളും ഇവിടെ പഠനം നടത്തുന്നുണ്ട്.

ജൂനിയർ കോളേജിലും ഇത്തവണ 1,100-ലധികം പുതിയ വിദ്യാർത്ഥികൾ ചേർന്നു. ഇതോടെ കോളേജിലെ ആകെ വിദ്യാർത്ഥികളുടെ എണ്ണം 2,100 കടന്നു. ലഭ്യമായ 931 കോഴ്‌സുകളിലായി 13,000-ലധികം വിദ്യാർത്ഥികളാണ് ഈ വർഷം മാൾട്ട സർവകലാശാലയിൽ പഠിക്കുന്നത്.

സർവകലാശാലയിലെ സർ ടെമി സമീറ്റ് ഹാളിൽ നടന്ന ചടങ്ങോടെയാണ് പുതിയ അധ്യയന വർഷത്തിന് ഔദ്യോഗിക തുടക്കമായത്. ചുമതലയേറ്റ ശേഷം ആദ്യമായി റെക്ടർ പ്രൊഫ. ഫ്രാങ്ക് ബെസീന പുതിയ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തു. ‘അറിവിലൂടെയും ലക്ഷ്യബോധത്തിലൂടെയും സമൂഹത്തിലൂടെയും നാളെ പടുത്തുയർത്താം’ (Building Tomorrow through Knowledge, Purpose and Community) എന്ന പ്രമേയത്തെ അധികരിച്ച് സംസാരിച്ച അദ്ദേഹം, പുതിയ വെല്ലുവിളികളെ നേരിടുന്നതിലും രാജ്യത്തിന്റെ വികസനത്തിലും ചർച്ചകളിലും സർവകലാശാലയ്ക്ക് വലിയ പങ്കുണ്ടെന്ന് വ്യക്തമാക്കി.

“യൂണിവേഴ്‌സിറ്റിയിലെ ബോധനത്തിലൂടെയും ഗവേഷണത്തിലൂടെയും രൂപപ്പെടുന്ന കാര്യങ്ങൾ നമ്മുടെ രാജ്യത്ത് ഗുണപരമായ മാറ്റങ്ങൾ ഉണ്ടാക്കണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്,” ബെസീന പറഞ്ഞു.

ചടങ്ങിൽ പങ്കെടുത്ത കെഎസ്‌യു പ്രസിഡന്റ് നിക്ക് മസ്‌കറ്റ്, അക്കാദമിക് പഠനത്തിനപ്പുറം വിദ്യാർത്ഥി സംഘടനകളിലും മറ്റ് സർഗ്ഗാത്മക പ്രവർത്തനങ്ങളിലും പങ്കാളികളായി കാമ്പസ് ജീവിതം പൂർണ്ണമായി പ്രയോജനപ്പെടുത്താൻ വിദ്യാർത്ഥികളോട് ആഹ്വാനം ചെയ്തു.

തുടർന്ന് ആഭ്യന്തര മന്ത്രി ബൈറൺ കാമിലേരി, റെക്ടർ ഫ്രാങ്ക് ബെസീന, കെഎസ്‌‌യു പ്രസിഡന്റ് നിക്ക് മസ്‌കറ്റ് എന്നിവർ ചേർന്ന് യൂണിവേഴ്‌സിറ്റി സ്റ്റാളിൽ ഫ്രഷേഴ്‌‌സ് വീക്ക് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

“വിദ്യാർത്ഥികൾക്ക് ആവശ്യമായ അറിവും യോഗ്യതകളും നൽകുക മാത്രമല്ല, അവരുടെ കഴിവുകളും ആത്മവിശ്വാസവും ലക്ഷ്യബോധവും വളർത്തിയെടുക്കാൻ സഹായിക്കുന്ന ഒരു സർവകലാശാലയാണ് നമുക്ക് വേണ്ടത്,” ബൈറൺ കാമിലേരി പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങളിലും സാമ്പത്തിക രംഗത്തുമുള്ള നിക്ഷേപങ്ങൾക്കപ്പുറം വിദ്യാർത്ഥികളുടെ അറിവിലും കഴിവിലും കഴിവ് തെളിയിക്കാനുള്ള അവസരങ്ങളിലുമാണ് വിദ്യാഭ്യാസം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button