മാൾട്ടാ വാർത്തകൾ

2026 ലെ ആദ്യ പാദത്തിൽ മാൾട്ടയുടെ സമ്പദ്‌വ്യവസ്ഥ 3.9% വളർച്ച നേടി : എൻഎസ്‌ഓ

2026 ലെ ആദ്യ പാദത്തിൽ മാൾട്ടയുടെ സമ്പദ്‌വ്യവസ്ഥ 3.9% വളർച്ച നേടിയാതായി എൻഎസ്‌ഓ. 2026ലെ ആദ്യ പാദത്തിൽ മാൾട്ടയുടെ മൊത്ത ആഭ്യന്തര ഉൽപ്പാദനം (GDP) കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 3.9% വർധിച്ചതായി ദേശീയ സ്ഥിതിവിവരക്കണക്ക് ഓഫീസ് (NSO) പുറത്തുവിട്ട പ്രാഥമിക കണക്കുകൾ വ്യക്തമാക്കുന്നു.

ഇന്ന് (വെള്ളിയാഴ്ച) പ്രസിദ്ധീകരിക്കാനിരുന്ന സർക്കാർ ധനകാര്യവും തൊഴിലില്ലായ്മ സംബന്ധിച്ച കണക്കുകളും “പ്രതിഫലന ദിനം” ആതിനാൽ പ്രസിദ്ധീകരിക്കില്ലെന്ന് ബുധനാഴ്ച എൻഎസ്‌ഓ അറിയിച്ചത്ത്. മേയ് 30ത്തിന് പൊതുതെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷമേ ഈ രണ്ട് ഡാറ്റാസെറ്റുകളും പ്രസിദ്ധീകരിക്കുകയുള്ളൂ.

എൻഎസ്ഓയുടെ കണക്കുകൾ പ്രകാരം, ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ ജിഡിപി €6.2 ബില്യണായി ഉയർന്നു. ഇത് 2025ലെ ആദ്യ പാദത്തേക്കാൾ €402.2 മില്യൺ അഥവാ 7% വർധനവാണ്.

സമ്പദ്‌വ്യവസ്ഥയിലുടനീളമുള്ള വിലമാറ്റങ്ങൾ അളക്കുന്ന ജിഡിപി ഡിഫ്ലേറ്റർ കഴിഞ്ഞ വർഷത്തെ ഇതേ പാദത്തേക്കാൾ 3% ഉയർന്നു. ഇത് 2025ലെ അവസാന പാദത്തിൽ രേഖപ്പെടുത്തിയ നിരക്കിനെക്കാൾ 2 ശതമാന പോയിന്റ് കൂടുതലാണ്.

സേവനമേഖലയാണ് വളർച്ചയ്ക്ക് പ്രധാന പ്രേരകശക്തിയായത്. മൊത്ത മൂല്യവർധനയിൽ 3.5 ശതമാന പോയിന്റിന്റെ സംഭാവന ഈ മേഖല നൽകി. വ്യവസായ മേഖല 0.3 ശതമാന പോയിന്റ് കൂടി സംഭാവന ചെയ്‌തപ്പോൾ, കൃഷിയും മത്സ്യബന്ധനവും 0.1 ശതമാന പോയിന്റ് കുറവുണ്ടാക്കി.

സേവനമേഖലയിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചത് ധനകാര്യ-ഇൻഷുറൻസ് പ്രവർത്തനങ്ങളാണ്. ഇവ 9% വളർന്നു. വിവരസാങ്കേതിക-സമ്പർക്ക മേഖല 5.3%യും, പ്രൊഫഷണൽ, ശാസ്ത്രീയ, സാങ്കേതിക പ്രവർത്തനങ്ങൾ 4.7%യും വളർച്ച രേഖപ്പെടുത്തി.

ചെലവിന്റെ അടിസ്ഥാനത്തിൽ നോക്കുമ്പോൾ, ആഭ്യന്തര ആവശ്യകത ജിഡിപി വളർച്ചയ്ക്ക് 3.6 ശതമാന പോയിന്റ് സംഭാവന ചെയ്‌തു. വിദേശ ആവശ്യകത 0.3 ശതമാന പോയിന്റ് കൂടി ചേർത്തു. അന്തിമ ഉപഭോഗ ചെലവ് 5% ഉയർന്നു. കുടുംബ ചെലവ് 3.8% വർധിച്ചപ്പോൾ, സർക്കാർ ചെലവ് 8.5% ഉയർന്നു. സ്ഥിര നിക്ഷേപ രൂപീകരണവും 3.6% വർധിച്ചു.

സാധനങ്ങളുടെയും സേവനങ്ങളുടെയും കയറ്റുമതിയും ഇറക്കുമതിയും യഥാക്രമം 4.9%യും 5.6%യും ഉയർന്നു.

ജിഡിപി വിതരണം പരിശോധിക്കുമ്പോൾ, €402.2 മില്യൺ നാമമാത്ര ജിഡിപി വർധനയിൽ €232.5 മില്യൺ ജീവനക്കാരുടെ പ്രതിഫല വർധനവിൽ നിന്നുമാണ് ഉണ്ടായത്. €98.2 മില്യൺ മൊത്ത പ്രവർത്തന ലാഭവും മിശ്രവരുമാനവും വഴി ലഭിച്ചു. ഉൽപ്പാദന-ഇറക്കുമതി നികുതികളിൽ നിന്നുള്ള വർധന €71.4 മില്യണായിരുന്നു.

മാൾട്ടയും ലോകത്തിന്റെ മറ്റു ഭാഗങ്ങളും തമ്മിലുള്ള വരുമാന പ്രവാഹങ്ങൾ ഉൾപ്പെടുത്തി കണക്കാക്കുന്ന മൊത്ത ദേശീയ വരുമാനം (GNI) 2026ലെ ആദ്യ പാദത്തിൽ €5.6 ബില്യണായി കണക്കാക്കി.

ഈ കണക്കുകൾ താത്കാലികമാണെന്നും പിന്നീട് തിരുത്തലുകൾക്ക് വിധേയമാകാമെന്നും എൻഎസ്ഓ അറിയിച്ചു.

സാമ്പത്തിക സ്ഥിരതയുടെ തെളിവെന്ന നിലയിൽ സർക്കാർ

ഈ കണക്കുകൾ മാൾട്ടയുടെ സമ്പദ്‌വ്യവസ്ഥ യൂറോപ്യൻ രാജ്യങ്ങളെക്കാൾ മികച്ച പ്രകടനം കാഴ്ചവെക്കുന്നതിന്റെ തെളിവാണെന്ന് സർക്കാർ അവകാശപ്പെട്ടു. യൂറോ മേഖലയിലെ ശരാശരി വളർച്ചാനിരക്കിനെ അപേക്ഷിച്ച് ഏകദേശം അഞ്ചിരട്ടിയായിരുന്നു മാൾട്ടയുടെ വളർച്ചയെന്ന് സർക്കാർ പ്രസ്താവനയിൽ പറഞ്ഞു. കൂടാതെ, സെൻട്രൽ ബാങ്കും അന്താരാഷ്ട്ര നാണയനിധിയും (IMF) ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെ പ്രവചനങ്ങളെക്കാൾ ഉയർന്നതായിരുന്നു ഈ വളർച്ചയെന്നും സർക്കാർ വ്യക്തമാക്കി.

“2026ലെ ആദ്യ പാദത്തിൽ യൂറോ മേഖലയിലെ വളർച്ച 0.8% മാത്രമായിരിക്കെ, മാൾട്ടയുടെ സമ്പദ്‌വ്യവസ്ഥ 3.9% വളർന്നു. അതായത് ഏകദേശം അഞ്ചിരട്ടി,” എന്ന് പ്രധാനമന്ത്രി റോബർട്ട് അബെല സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ കുറിച്ചു. “യൂറോപ്യൻ കമ്മീഷനും മറ്റ് അന്താരാഷ്ട്ര സ്ഥാപനങ്ങളും പ്രവചിച്ചതിനേക്കാൾ വളർച്ച കൂടുതലായിരുന്നു. കൂടാതെ, തൊഴിലാളികളുടെ വരുമാനം ജിഡിപി വളർച്ചാനിരക്കിന്റെ ഇരട്ടിയായി ഉയർന്നു,” എന്നും അദ്ദേഹം പറഞ്ഞു.

കുടുംബ ഉപഭോഗം ശക്തമായതുകൊണ്ടാണ് വളർച്ചയുടെ ഏകദേശം പകുതിയും ഉണ്ടായതെന്ന് സർക്കാർ വിലയിരുത്തി. തൊഴിലാളികളുടെ വരുമാനം റെക്കോർഡ് €2.8 ബില്യണിലെത്തി. ഇത് കഴിഞ്ഞ വർഷത്തേക്കാൾ 9% കൂടുതലാണ്. അതിൽ നാലിലൊന്ന് വർധന പൊതുമേഖലാ ജീവനക്കാരുടെ പുതിയ കൂട്ടായ കരാറിന്റെ ഫലമാണെന്നും സർക്കാർ വ്യക്തമാക്കി.

ആഗോള സാമ്പത്തിക മന്ദഗതിയും അമേരിക്ക ചുമത്തിയ തീരുവകളും ഉണ്ടായിരുന്നിട്ടും കയറ്റുമതി €288 മില്യൺ വരെ ഉയർന്നതായി സർക്കാർ പറഞ്ഞു.

ഉയർന്ന ഊർജ്ജവിലകളുടെ ഭാരം ഇല്ലാത്തതും മറ്റു രാജ്യങ്ങളിൽ നടപ്പിലാക്കുന്ന പുതിയ നികുതികൾ മാൾട്ട സർക്കാർ ഏർപ്പെടുത്താത്തതുമാണ് മാൾട്ടീസ് ബിസിനസുകളെ മത്സരക്ഷമമാക്കുന്നതെന്ന് സർക്കാർ വാദിച്ചു.

സാമ്പത്തിക വളർച്ചയുടെ ഏകദേശം നാലിലൊന്ന് ഡിജിറ്റൽ മേഖലയിലൂടെ വന്നതായും, പ്രൊഫഷണൽ-അഡ്മിനിസ്ട്രേറ്റീവ് സേവനങ്ങൾ, ധനകാര്യ സേവനങ്ങൾ, ഹോട്ടൽ-റസ്റ്റോറന്റ് മേഖലകൾ എന്നിവയും വളർച്ചയ്ക്ക് പ്രധാന സംഭാവന നൽകിയതായും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button