അന്തർദേശീയം

യുഎസിന്റെ സാമ്പത്തിക ഉപരോധത്തിൽ പങ്കാളികളായാൽ ശത്രുരാജ്യങ്ങളായി കണക്കാക്കും : ഇറാൻ

തെഹാറാൻ : ഇറാനെ സാമ്പത്തികമായി തകർക്കാനുള്ള അമേരിക്കൻ നീക്കത്തിൽ അയൽരാജ്യങ്ങൾ പങ്കാളികളായാൽ അവയെ ശത്രുരാജ്യങ്ങളായി കണക്കാക്കുമെന്ന മുന്നറിയിപ്പുമായി ഇറാൻ. അവരുടെ താൽപര്യങ്ങൾ ലക്ഷ്യമിടുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി മോഹ്സെൻ റസായിയാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. ഇറാൻ്റെ ഔദ്യോഗിക ടെലിവിഷനായ ഐആർഐബിക്ക് നൽകിയ അഭിമുഖത്തിലാണ് റായിയുടെ മുന്നറിയിപ്പ്. അമേരിക്കയുടെ സാമ്പത്തിക യുദ്ധത്തിൽ പങ്കാളികളാകരുതെന്ന് എല്ലാ അയൽരാജ്യങ്ങളോടും ഞങ്ങൾ പറയുകയാണ്. അങ്ങനെ ചെയ്താൽ അവരെ ഞങ്ങൾ ശത്രുരാജ്യങ്ങളായി കണക്കാക്കും എന്നായിരുന്നു മോഹ്സെൻ റസായിയുടെ മുന്നറിയിപ്പ്. ഇറാനെതിരെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭരണകൂടം സാമ്പത്തിക സമ്മർദം ശക്തമാക്കുന്ന സാഹചര്യത്തിലാണ് ഈ പ്രസ്താവന.

സമീപരാജ്യങ്ങളോടുള്ള ഇറാന്റെ സമീപനം മൂന്ന് ഘട്ടങ്ങളുള്ള തന്ത്രമാണെന്നും രസായി വ്യക്തമാക്കി. ആദ്യഘട്ടത്തിൽ ചർച്ചകളിലൂടെ പ്രശ്നപരിഹാരത്തിന് ശ്രമിക്കും. തുടർന്ന് സൗഹൃദപരമായ ഭാഷയിൽ അവരെ അമേരിക്കയിൽ നിന്ന് അകറ്റാൻ ശ്രമിക്കുമെന്നുമായിരുന്നു റസായി പറഞ്ഞത്. അമേരിക്കയുടെ പക്ഷത്ത് തുടർന്നുനിൽക്കുന്ന രാജ്യങ്ങൾക്ക് നിലപാട് പുനഃപരിശോധിക്കാൻ സമയം നൽകുമെന്നും, എന്നാൽ മൂന്നാം ഘട്ടത്തിൽ നിശ്ചയമായും നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. അമേരിക്കയുടെ സൈനിക നടപടികൾ തുടരുന്നതിനിടെ സാമ്പത്തിക സമ്മർദം വർധിപ്പിച്ച് ഇറാനിലെ ആഭ്യന്തര ഐക്യം തകർക്കാനാണ് ട്രംപ് ഭരണകൂടം ശ്രമിക്കുന്നതെന്ന് റസായി ആരോപിച്ചു. ‘സാമ്പത്തിക സമ്മർദത്തിലൂടെ നമ്മുടെ ഐക്യം തകർക്കാനും ജനങ്ങളെ തെരുവിലിറക്കാനും അവർ പ്രതീക്ഷിക്കുന്നു. അങ്ങനെ സംഭവിച്ചാൽ അത് അമേരിക്കൻ എഫ്-35 യുദ്ധവിമാനങ്ങളുടെ ദൗത്യത്തിന് സഹായകമാകുമെന്നാണ് അവരുടെ കണക്കുകൂട്ടൽ’ എന്നും റസായി പ്രതികരിച്ചു.

അമേരിക്ക പ്രഖ്യാപിച്ച പുതിയ സാമ്പത്തിക നടപടികൾ ഐക്യരാഷ്ട്രസഭയിലെ അംഗരാജ്യങ്ങളിലേക്കുള്ള അതിർത്തി കടന്ന പരമാധികാര പ്രയോഗം ആണെന്ന് ഇറാന്റെ വിദേശകാര്യ മന്ത്രാലയവും ശനിയാഴ്ച പ്രതികരിച്ചിരുന്നു. ഇറാനെതിരെ ചരിത്രത്തിലെ ഏറ്റവും കടുത്ത സാമ്പത്തിക ഉപരോധങ്ങൾ പ്രഖ്യാപിക്കാനൊരുങ്ങുന്ന അമേരിക്കയുടെ നീക്കത്തെയും ഇറാൻ ശക്തമായി അപലപിച്ചു. പുതിയ ഉപരോധങ്ങൾ ഇറാന്റെ സമ്പദ്‌വ്യവസ്ഥയെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നതോടൊപ്പം ഇറാന്റെ പ്രധാന വ്യാപാര പങ്കാളികളായ ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങളെയും ബാധിക്കുമെന്നും ഇറാന്റെ പ്രതികരിച്ചു. അതേസമയം ട്രംപിന്റെ നടപടികൾക്ക് പിന്തുണ നൽകിയ യൂറോപ്യൻ രാജ്യങ്ങളടക്കമുള്ള അമേരിക്കൻ സഖ്യകക്ഷികളെയും ഭാവിയിൽ ആക്രമണലക്ഷ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തുന്നത് ഇറാൻ പരിഗണിക്കുന്നതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഇതിനിടെ ഭൂഗർഭ ബാലിസ്റ്റിക് മിസൈൽ നിർമാണ കേന്ദ്രം സന്ദർശിച്ച് രാജ്യത്തിന്റെ മിസൈൽ ശേഷി കൂടുതൽ ശക്തിപ്പെട്ടതായി ഇറാൻ്റെ സായുധസേനാ മേധാവി അബ്ദുല്ലാഹി അവകാശപ്പെട്ടു. മുമ്പത്തേക്കാൾ മികച്ച ശേഷിയിലും ഗുണമേന്മയിലും അളവിലും ഈ കേന്ദ്രത്തിന് ആയുധങ്ങൾ നിർമ്മിക്കാൻ കഴിയുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അമേരിക്കൻ ആക്രമണങ്ങൾ ഇറാന്റെ നാവിക-വ്യോമസേനകൾക്ക് വലിയ തിരിച്ചടിയുണ്ടാക്കിയെങ്കിലും എണ്ണക്കപ്പലുകളുടെ ഗതാഗതം തടസ്സപ്പെടുത്താനും പ്രാദേശിക എതിരാളികളെ ആക്രമിക്കാനും മതിയായ മിസൈൽ ഡ്രോൺ ശേഷി ഇറാന് ഇപ്പോഴും ഉണ്ടെന്നാണ് വിലയിരുത്തൽ.

ഇതിനിടെ നിരവധി അയൽരാജ്യങ്ങൾ പുതിയ പ്രാദേശിക സുരക്ഷാ സംവിധാനങ്ങളെയും സാമ്പത്തിക സഹകരണത്തെയും കുറിച്ച് സന്ദേശങ്ങൾ അയച്ചിട്ടുണ്ടെന്ന് പാർലമെന്റ് സ്പീക്കർ ഖാലിബാഫ് വ്യക്തമാക്കി. അമേരിക്ക ഇസ്രയേലിന്റെ താൽപര്യത്തിനായി സ്വന്തം സഖ്യരാജ്യങ്ങളുടെ സുരക്ഷ പോലും അപകടത്തിലാക്കുകയാണെന്നും സ്വതന്ത്രമായ പ്രാദേശിക സംവിധാനങ്ങളിലൂടെ മാത്രമേ സമാധാനവും സുരക്ഷയും ഉറപ്പാക്കാനാകൂവെന്നും ഖാലിബാഫ് വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button