നശിപ്പിക്കുമെന്ന ട്രംപിൻറെ ഭീഷണി; പരിഹസിക്കാന്‍ തെലുങ്ക് സിനിമയിലെ രംഗം പങ്കുവച്ച് സിംബാബ്‌വെ ഇറാന്‍ എംബസി

ഹരാരെ : ഇറാനെ നശിപ്പിക്കുമെന്ന അമേരിക്കയുടെ പരാമര്‍ശത്തെ പരിഹസിക്കാന്‍ തെലുങ്ക് സിനിമയിലെ ദൃശ്യങ്ങളുപയോഗിച്ച് സിംബാബ്‌വെയിലെ ഇറാന്‍ എംബസി. ഇറാന്‍ പ്രതിരോധശേഷിയില്ലാത്ത രാജ്യമല്ലെന്നുള്ള സൂചനയോടെയാണ് എംബസി സമൂഹമാധ്യമ പോസ്റ്റ്. അമേരിക്കയെയും ട്രംപിനെയും ലക്ഷ്യമിട്ടുള്ള മീമുകള്‍ ഉപയോഗിക്കുന്നതിന്റെ ഭാഗമായി, ട്രംപ് ഭരണകൂടം ഹോളിവുഡ് സിനിമകള്‍ക്ക് പകരം ബോളിവുഡ് സിനിമകളാണ് കാണുന്നതെന്ന് എംബസി പരിഹസിച്ചു. 58 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ തെലുങ്ക് നടന്‍ നന്ദമൂരി ബാലകൃഷ്ണ അഭിനയിച്ച ഭഗവന്ത് കേസരി എന്ന സിനിമയിലെ തീവ്രമായ ഏറ്റുമുട്ടല്‍ രംഗമാണ്.
യുഎന്‍ പൊതുസഭയുടെ സമ്മേളനത്തില്‍ ചൊവ്വാഴ്ച നടത്തിയ പ്രസംഗത്തിനിടെയാണ് ട്രംപ് ഇറാനെ നശിപ്പിക്കും എന്ന തരത്തിലുള്ള പരാമര്‍ശം നടത്തിയത്. ഏഴ് മാസമായി തുടരുന്ന സംഘര്‍ഷത്തിനൊടുവില്‍ ഇറാന്റെ പുനര്‍നിര്‍മാണത്തിന് അനുവദിക്കുന്ന തരത്തിലുള്ള ഒരു കരാറിന് സമ്മതിക്കണോ, അതോ ഇസ്ലാമിക് റിപ്പബ്ലിക്കിനെ വേഗത്തില്‍ നശിപ്പിക്കണോ എന്ന വലിയ തീരുമാനമാണ് തനിക്ക് മുന്നിലുള്ളതെന്ന് ട്രംപ് പറഞ്ഞിരുന്നു. ഇറാനുമായി ഒരു കരാര്‍ ഉണ്ടാകുമോയെന്നും അതിലൂടെ അവര്‍ക്ക് മുമ്പുണ്ടായിരുന്നതിനെക്കാള്‍ വളരെ ശക്തമായ ഒരു രാജ്യമാകാനും ഒരു പക്ഷേ മിഡില്‍ ഈസ്റ്റിലോ ലോകത്തുതന്നെയോ ഏറ്റവും മികച്ച രാജ്യങ്ങളിലൊന്നാകാനും കഴിയുമോ എന്നും ട്രംപ് ചോദിച്ചിരുന്നു. അല്ലാത്ത പക്ഷം ഇസ്ലാമിക് റിപ്പബ്ലിക്കിനെ താന്‍ നശിപ്പിക്കണോ എന്നും വീണ്ടും ആളുകളെയും രാജ്യങ്ങളെയും കൊല്ലാനും നശിപ്പിക്കാനും അവര്‍ക്ക് അവസരം നല്‍കാതിരിക്കണമോ എന്നും പൊതുസഭാ സമ്മേളനത്തില്‍ ട്രംപ് ചോദിച്ചിരുന്നു.



