കേരളം

വെടിക്കെട്ടിന് മാറ്റിവെച്ച പണം കൊണ്ട് വയോധികര്‍ക്ക് വീട്; ചന്ദനപ്പള്ളി ഇടവകയെ അഭിനന്ദിച്ച് സഭാധ്യക്ഷന്‍

പത്തനംതിട്ട : പള്ളിപ്പെരുന്നാളിന്റെ ഭാഗമായുള്ള വെടിക്കെട്ടിന് മാറ്റിവെച്ച തുക ഉപയോഗിച്ച് വയോധിക ദമ്പതികള്‍ക്ക് വീട് നിര്‍മിച്ചുനല്‍കിയ ചന്ദനപ്പള്ളി വലിയപള്ളി ഇടവകാംഗങ്ങളെ അഭിനന്ദിച്ച് മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭാധ്യക്ഷന്‍ കാതോലിക്ക ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് മൂന്നാമന്‍. ഏപ്രിലില്‍ തൃശൂരിലെ മുണ്ടത്തിക്കോട് പടക്ക നിര്‍മ്മാണത്തിനിടെ ഉണ്ടായ ദുരന്തത്തില്‍ 16 പേര്‍ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു സഭയുടെ നിര്‍ദേശം.

പള്ളിപ്പെരുന്നാളില്‍ വെടിക്കെട്ട് ഒഴിവാക്കി ആ തുക സാമൂഹിക സേവന പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കണമെന്ന് സഭ ഇടവകകളോട് അഭ്യര്‍ഥിച്ചിരുന്നു. ഇതിന് പിന്നാലെ പത്തനംതിട്ട ജില്ലയിലെ ചന്ദനപ്പള്ളി വലിയപള്ളി പതിവായി നടത്തിവന്നിരുന്ന വെടിക്കെട്ട് ഒഴിവാക്കാന്‍ തീരുമാനിച്ചു. കൂടാതെ വാര്‍ഷിക പ്രവാസി സംഗമം ലളിതമാക്കിയതിലൂടെ ലാഭിച്ച തുകയും ചേര്‍ത്ത് വയോധിക ദമ്പതികള്‍ക്കായി വീട് നിര്‍മിക്കുകയായിരുന്നു. ചന്ദനപ്പള്ളി വലിയപള്ളി പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തില്‍ 60 ദിവസത്തിനുള്ളിലാണ് വീട് പൂര്‍ത്തിയാക്കിയത്. രണ്ട് കിടപ്പുമുറികള്‍, ഹാള്‍, അടുക്കള, ശുചിമുറി എന്നിവ ഉള്‍പ്പെട്ട വീടിന്റെ താക്കോല്‍ ജൂലൈ 5ന് കുടുംബത്തിന് കൈമാറും.

‘പടക്കങ്ങളുടെ ശബ്ദത്തേക്കാള്‍ സ്‌നേഹത്തിന്റെ ഭാഷയ്ക്കാണ് കൂടുതല്‍ അര്‍ഥമുള്ളത്. ആഘോഷങ്ങളുടെ താല്‍ക്കാലിക തിളക്കത്തേക്കാള്‍ കരുണയുടെ വെളിച്ചം കൂടുതല്‍ പ്രകാശമുള്ളതാണ്. ഇത്തരം പ്രവര്‍ത്തനങ്ങളാണ് സഭയുടെ യഥാര്‍ഥ മഹത്വം കാണിക്കുന്നത്’ -മാത്യൂസ് മൂന്നാമന്‍ പറഞ്ഞു. വയോധിക ദമ്പതികള്‍ക്ക് വീട് ഒരുക്കിയ ഇടവകാംഗങ്ങളെയും പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാവരെയും അദ്ദേഹം അഭിനന്ദിക്കുകയും മുതിര്‍ന്ന പൗരന്മാരോടുള്ള സമൂഹത്തിന്റെ ഉത്തരവാദിത്തത്തിന്റെ മികച്ച മാതൃക കൂടിയാണിതെന്ന് അഭിപ്രായപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button