അന്തർദേശീയം

സിംബാബ്‌വെയിൽ ബോട്ട് മറിഞ്ഞ് 15 മരണം; 27 പേരെ കാണാതായി

ഹരാരെ : സിംബാബ്‌വെയിലെ കരിബ തടാകത്തിൽ ബോട്ട് മറിഞ്ഞ് 15 പേർ മരിച്ചു. 27 പേരെ കാണാതായതായി ദേശീയ ദുരന്തനിവാരണ ഏജൻസി അറിയിച്ചു. പരിധിയില്‍ കൂടുതല്‍ ആളുകള്‍ ബോട്ടിലുണ്ടായിരുന്നു എന്നാണ് വിവരം.

അപകടത്തിൽ 77 പേരെ രക്ഷപ്പെടുത്തി തടാകത്തിലെ ഒരു ചെറിയ ദ്വീപിൽ എത്തിച്ചിട്ടുണ്ട്. ഇവരെ കരയിലെത്തിക്കുന്നതിനായി രക്ഷാപ്രവർത്തന ബോട്ടുകൾ സ്ഥലത്തേക്ക് അയച്ചിട്ടുണ്ട്.

ടിക്കറ്റ് വിൽപ്പനയുടെ കണക്കുപ്രകാരം, ബോട്ടിൽ 114 മുതിർന്ന യാത്രക്കാരും അഞ്ച് ജീവനക്കാരുമുണ്ടായിരുന്നു. ടിക്കറ്റ് എടുക്കേണ്ട പ്രായമെത്താത്ത കുട്ടികൾ ഉൾപ്പെടെ ഇതിലും കൂടുതൽ പേർ ബോട്ടിലുണ്ടായിരുന്നിരിക്കാമെന്ന് അധികൃതർ വ്യക്തമാക്കി. 90 പേരെ മാത്രം ഉൾക്കൊള്ളാൻ ശേഷിയുള്ള ബോട്ടിലാണ് ഇത്രയും പേർ യാത്ര ചെയ്തിരുന്നത്.

കരിബ തടാകത്തിൽ തിരച്ചിലും രക്ഷാപ്രവർത്തനവും തുടരുകയാണ്. ഹെലികോപ്റ്ററും സ്പീഡ് ബോട്ടുകളും ഉപയോഗിച്ചാണ് തിരച്ചിൽ പുരോഗമിക്കുന്നത്. സിംബാബ്‌വെ സ്റ്റേറ്റ് ബ്രോഡ്കാസ്റ്ററായ സിബിസി പുറത്തുവിട്ട ദൃശ്യങ്ങളിൽ മറിഞ്ഞുകിടക്കുന്ന ബോട്ടിനരികിലേക്ക് സ്പീഡ് ബോട്ടുകൾ നീങ്ങുന്നതും മുകളിൽ ഹെലികോപ്റ്റർ നിരീക്ഷണം നടത്തുന്നതും കാണാം. തടാകത്തിന്റെ അടിത്തട്ടിൽ തിരച്ചിൽ നടത്തുന്നതിനായി പ്രത്യേക സംഘത്തെയും വിന്യസിച്ചിട്ടുണ്ട്.

ഗ്രാമീണ മേഖലകളിൽനിന്നുള്ളവർ കരിബ നഗരത്തിലേക്ക് യാത്ര ചെയ്യാൻ ആശ്രയിക്കുന്ന ബോട്ടാണിതെന്ന് പ്രാദേശിക എംപി മുത്സ മുരോംബെഡ്‌സി പറഞ്ഞു.

സിംബാബ്‌വെയുടെയും അയൽരാജ്യമായ സാംബിയയുടെയും അതിർത്തിയിലാണ് കരിബ തടാകം സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ ഏറ്റവും വലിയ മനുഷ്യനിർമിത തടാകങ്ങളിലൊന്നായ കരിബ തടാകം സാംബസി നദിയിൽ അണക്കെട്ട് നിർമിച്ചതിനെ തുടർന്നാണ് രൂപപ്പെട്ടത്. 200 കിലോമീറ്ററിലധികം നീളവും ചില ഭാഗങ്ങളിൽ 40 കിലോമീറ്റർ വരെ വീതിയുമുള്ളതാണ് തടാകം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button