പത്തനംതിട്ടയിൽ കാറും ലോറിയും കൂട്ടിയിടിച്ചു; അച്ഛനും മകള്‍ക്കും ദാരുണാന്ത്യം

പത്തനംതിട്ട : പത്തനംതിട്ട കലഞ്ഞൂരില്‍ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. കാറും ലോറിയും കൂട്ടിയിടിച്ച് അച്ഛനും മകളുമാണ് മരിച്ചത്. തമിഴ്‌നാട് ശിവകാശി സ്വദേശികളായ സുന്ദര്‍രാജ് മകള്‍ ജനനി എന്നിവരാണ് മരിച്ചത്.
കാറിലുണ്ടായിരുന്ന സുന്ദര്‍രാജിന്റെ മകന്‍, ലോറിയിലുണ്ടായിരുന്നവര്‍ എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജനനിയുടെ ഭര്‍ത്താവ് പ്രണവ് കാര്യമായ പരിക്കുകളില്ലെന്നാണ് റിപ്പോര്‍ട്ട്.
പുനലൂര്‍- മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ വെച്ചാണ് അപകടം ഉണ്ടായത്. കലഞ്ഞൂര്‍ വലിയപള്ളിക്ക് സമീപം പുലര്‍ച്ചെയായിരുന്നു അപകടം. വൈക്കോലുമായി വന്ന ലോറിയുമായിട്ടാണ് കൂട്ടിയിടിച്ചത്. കാര്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.
കൂട്ടിയിടിയെത്തുടര്‍ന്ന് ലോറി സമീപത്തെ തോട്ടിലേക്ക് തലകീഴായി മറിഞ്ഞു. തമിഴ്‌നാട്ടില്‍ നിന്നു വന്ന കാറും തമിഴ്‌നാട്ടിലേക്ക് പോയ ലോറിയും തമ്മിലാണ് അപകടമുണ്ടായത്. ലോറി ഉയര്‍ത്താനുള്ള ശ്രമം തുടരുകയാണ്. സ്ഥിരമായി അപകടമേഖലയാണിതെന്ന് നാട്ടുകാര്‍ പറഞ്ഞു.



