മാൾട്ടാ വാർത്തകൾ

മാൾട്ടയിലെ ഒലീവ് ഓയിൽ ഉൽപ്പാദനം ശക്തിപ്പെടുത്താൻ 930,000 യൂറോ നിക്ഷേപം നടത്തി ബിഎസ്എസ്

കാർഷിക മേഖലയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി റബാത്തത്തിൽ അത്യാധുനിക ഒലിവ് പ്രൊസസിംഗ് കേന്ദ്രം സ്ഥാപിച്ച് ബിഎസ്എസ് (BSS) ലിമിറ്റഡ്. 9,30,000 യൂറോയിലധികം ചെലവ് വരുന്ന പദ്ധതിക്കായി യൂറോപ്യൻ യൂണിയന്റെ ഫണ്ടുകളാണ് വിനിയോഗിച്ചിരിക്കുന്നത്. മാൾട്ടയുടെ കോമൺ അഗ്രികൾച്ചറൽ പോളിസി സ്ട്രാറ്റജിക് പ്ലാനിന് കീഴിലാണ് ഈ പദ്ധതിക്ക് ധനസഹായം ലഭിച്ചത്.

അത്യാധുനിക പ്രൊസസിംഗ് സാങ്കേതികവിദ്യകൾ അവതരിപ്പിക്കുന്നതിലൂടെ മാൾട്ടയിലെ ഒലിവ് എണ്ണ ഉൽപ്പാദന രംഗത്ത് വലിയ മുന്നേറ്റമുണ്ടാക്കാൻ ഈ കേന്ദ്രത്തിന് സാധിക്കും. ഉൽപ്പാദനക്ഷമതയും ഗുണനിലവാരവും വർദ്ധിപ്പിക്കാൻ പുതിയ സാങ്കേതികവിദ്യ സഹായിക്കും.

ഈ നിക്ഷേപം പ്രാദേശിക കർഷകർക്ക് മികച്ച സംസ്കരണ സേവനങ്ങൾ ലഭ്യമാക്കുകയും വിപണിയിൽ അവരുടെ സ്ഥാനം ശക്തമാക്കുകയും ചെയ്യും. പ്രതിവർഷം രണ്ടായിരത്തോളം കർഷകരും ഒലിവ് ഉൽപ്പാദകരും ഈ സൗകര്യം ഉപയോഗപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

‘ഇന്നൊവേഷൻ ആൻഡ് സസ്റ്റൈനബിലിറ്റി ഫോർ മാൾട്ടീസ് ഒലിവ് ഓയിൽ പ്രൊഡക്ഷൻ’ എന്ന പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ ഇ.യു ഫണ്ട്, സോഷ്യൽ ഡയലോഗ്, ഉപഭോക്തൃ സംരക്ഷണ മന്ത്രി കീത്ത് അസോപാർഡി തന്തി പങ്കെടുത്തു. “കൃഷിയിൽ യൂറോപ്യൻ ഫണ്ടുകൾ നിക്ഷേപിക്കുമ്പോൾ, നമ്മുടെ കർഷകരുടെ അധ്വാനത്തിലും ഭാവിയിലുമാണ് നാം നിക്ഷേപിക്കുന്നത്,” എന്ന് മന്ത്രി ഊന്നിപ്പറഞ്ഞു. ഈ പദ്ധതി കർഷകർക്ക് ആധുനിക സാങ്കേതികവിദ്യ ലഭ്യമാക്കുകയും ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം ഉയർത്താനും വിപണിയിൽ മികച്ച സ്ഥാനം ഉറപ്പിക്കാനും സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മാൾട്ടയുടെ കാർഷിക മേഖലയെ, പ്രത്യേകിച്ച് ഒലിവ് എണ്ണ ഉൽപ്പാദനത്തെ ശക്തിപ്പെടുത്തുന്നതിനുള്ള മറ്റൊരു പ്രധാന ചുവടുവയ്പ്പാണ് ഈ നിക്ഷേപമെന്ന് കാർഷിക, ഫിഷറീസ്, ഭക്ഷ്യകാര്യ മന്ത്രി ആന്റൺ റീഫാലോ പ്രസ്താവിച്ചു. “നമ്മുടെ കർഷകർക്ക് അവരുടെ ഉൽപ്പന്നങ്ങൾ മെച്ചപ്പെടുത്താനും മത്സരശേഷിയുള്ളവരാകാനും ആവശ്യമായ ഉപകരണങ്ങളും ഇൻഫ്രാസ്ട്രക്ചറും അവസരങ്ങളും ആവശ്യമാണ്. ഈ ആധുനിക കേന്ദ്രത്തിലൂടെ മാൾട്ടയിലെ ഒലിവ് കർഷകർക്ക് ഞങ്ങൾ പുതിയ അവസരങ്ങൾ സൃഷ്ടിക്കുകയും പ്രാദേശിക ഉൽപ്പന്നങ്ങൾക്ക് കൂടുതൽ മൂല്യം നൽകുകയും ചെയ്യുന്നു,” എന്ന് അദ്ദേഹം പറഞ്ഞു.

കൂടുതൽ യുവാക്കളെ കാർഷിക മേഖലയിലേക്ക് ആകർഷിക്കുന്നതിനും ഈ പദ്ധതി സഹായിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. പുതിയ തലമുറയ്ക്ക് മുന്നിൽ കാർഷിക മേഖലയെ ഒരു നല്ല അവസരമായി ഉയർത്തിക്കാട്ടാനും, കൂടുതൽ ചെറുപ്പക്കാരെ ഈ രംഗത്തേക്ക് കൊണ്ടുവരാനും സാങ്കേതികവിദ്യയിലുള്ള ഇത്തരം നിക്ഷേപങ്ങൾ വഴിയൊരുക്കും. വരുംതലമുറയ്ക്കായി കൂടുതൽ സുസ്ഥിരവും നവത പുലർത്തുന്നതുമായ ഒരു കാർഷിക മേഖല പടുത്തുയർത്തുകയാണ് ലക്ഷധ്യമെന്നും മന്ത്രി പറഞ്ഞു.

“ഒരു കുടുംബ ബിസിനസ്സ് എന്ന നിലയിൽ, മാൾട്ടയുടെ ഒലിവ് കൃഷി പാരമ്പര്യത്തിന് ശക്തമായ ഒരു ഭാവിയുണ്ടെന്ന് ഞങ്ങൾ വിശ്വസിക്കുന്നു,” എന്ന് ബിഎസ്എസ് ലിമിറ്റഡ് ജനറൽ മാനേജർ കുർട്ട് ഗ്രിമ പറഞ്ഞു. “ഈ നിക്ഷേപത്തിലൂടെ, മാൾട്ടയിലെയും ഗോസോയിലെയും കർഷകർക്ക് അവരുടെ ഒലിവ് ഉയർന്ന ഗുണനിലവാരമുള്ള എണ്ണയാക്കി മാറ്റാൻ ഞങ്ങൾ ആധുനിക സാങ്കേതികവിദ്യ വാഗ്ദാനം ചെയ്യുന്നു. മൂന്ന് മരങ്ങളോ മുന്നൂറ് മരങ്ങളോ ഉള്ളവരാകട്ടെ, ഏത് കർഷകരെയും പിന്തുണയ്ക്കാൻ ഞങ്ങൾ സദാ സന്നദ്ധരാണ്,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കാർഷിക മേഖലയുടെ ആധുനികവൽക്കരണത്തിനും പ്രാദേശിക ഉൽപ്പാദകർക്ക് ആഗോളതലത്തിൽ മത്സരശേഷി നേടുന്നതിനും യൂറോപ്യൻ ഫണ്ടുകൾ എങ്ങനെ പ്രയോജനപ്പെടുത്താമെന്നതിന്റെ മികച്ച ഉദാഹരണമാണ് ഈ പദ്ധതി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button