അന്തർദേശീയം

പെന്റഗണിൽ അഴിച്ചുപണി; ഉന്നത സൈനിക ആസൂത്രകനെ പുറത്താക്കി ഹെഗ്സെത്ത്

വാഷിങ്ടൺ ഡിസി : ഇറാനെതിരായ സൈനികാക്രമണം പുനരാരംഭിക്കണോയെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആലോചിക്കുന്നതിനിടെ, പെന്റഗണിലെ ഉന്നത സൈനിക ആസൂത്രകനെ പുറത്താക്കി പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്. സൈനിക തന്ത്രങ്ങളും യുദ്ധപദ്ധതികളും ആസൂത്രണം ചെയ്യുന്ന വിഭാഗത്തിന്റെ തലവനായ ലെഫ്റ്റനന്റ് ജനറൽ ബ്രെറ്റ് സിൽവിയയെയാണ് നീക്കിയത്. അമേരിക്കൻ പ്രതിരോധ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

സൈനിക വൃത്തങ്ങളിൽ ‘J5’ എന്നറിയപ്പെടുന്ന സ്ട്രാറ്റജി, പ്ലാൻസ് ആൻഡ് പോളിസി ഡയറക്ടറേറ്റിന്റെ തലവനായിരുന്നു സിൽവിയ. സൈനിക ലക്ഷ്യങ്ങൾ പ്രവർത്തനപദ്ധതികളാക്കി മാറ്റുന്നതിലും ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് ചെയർമാനും പ്രസിഡന്റുമായുള്ള സൈനിക ആസൂത്രണ ഏകോപനത്തിലും നിർണായക പങ്കുവഹിക്കുന്ന വിഭാഗമാണിത്. സിൽവിയയെ നീക്കിയതിന്റെ കാരണം അധികൃതർ വ്യക്തമാക്കിയിട്ടില്ല. പകരക്കാരനെ ഇതുവരെ നിശ്ചയിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്. ജോയിന്റ് സ്റ്റാഫിൽ ചുമതലയേൽക്കുന്നതിനുമുമ്പ് കെന്റക്കിയിലെ ഫോർട്ട് ക്യാംപ്ബെല്ലിലുള്ള 101-ാമത് എയർബോൺ ഡിവിഷന്റെ കമാൻഡറായിരുന്നു സിൽവിയ.

നവംബർ മൂന്നിന് നടക്കുന്ന അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിനുശേഷം ഇറാനെതിരെ വീണ്ടും ആക്രമണം നടത്തണോയെന്ന് ട്രംപ് പരിഗണിക്കുന്നതിനിടെയാണ് സൈനിക നേതൃത്വത്തിലെ മാറ്റം. പുതിയ ആക്രമണസാധ്യത കണക്കിലെടുത്ത് മേഖലാ പങ്കാളികളോട് തയാറെടുപ്പുകൾ നടത്താൻ അമേരിക്ക മുന്നറിയിപ്പ് നൽകിയതായി നയതന്ത്ര ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറയുന്നു.

ആക്രമണം പുനരാരംഭിച്ചാൽ ഇറാന്റെ തിരിച്ചടി ഊർജകേന്ദ്രങ്ങളെയും മറ്റ് സുപ്രധാന അടിസ്ഥാനസൗകര്യങ്ങളെയും ലക്ഷ്യമിടുമോയെന്ന ആശങ്കയും മേഖലാ രാജ്യങ്ങൾക്കുണ്ട്. എന്നാൽ പുതിയ ആക്രമണത്തിന് ട്രംപ് അന്തിമ അനുമതി നൽകിയിട്ടില്ല.

ഹെഗ്സെത്ത് പ്രതിരോധ സെക്രട്ടറിയായതിനുശേഷം മുതിർന്ന സൈനിക ഉദ്യോഗസ്ഥർ പദവികൾ ഒഴിയുന്ന സംഭവങ്ങളുടെ തുടർച്ചയിലാണ് സിൽവിയയുടെ നീക്കവും. ഹെഗ്സെത്തിന്റെ കാലത്ത് J5 ഡയറക്ടർ പദവിയിൽനിന്ന് പുറത്താകുന്ന രണ്ടാമത്തെ ജനറലാണ് അദ്ദേഹം. മുൻഗാമിയായ ലെഫ്റ്റനന്റ് ജനറൽ ജോസഫ് മക്ഗീയെ കഴിഞ്ഞ ഒക്ടോബറിൽ വിരമിക്കാൻ നിർബന്ധിതനാക്കിയതായി റിപ്പോർട്ടുണ്ടായിരുന്നു.

കൂടാതെ ഹെഗ്സെത്തിന്റെ കാലത്ത് രണ്ട് ഡസനോളം ജനറൽമാരും അഡ്മിറൽമാരും മറ്റ് മുതിർന്ന സൈനിക നേതാക്കളും പുറത്താക്കപ്പെടുകയോ വിരമിക്കാൻ നിർബന്ധിതരാകുകയോ പദവികൾ ഒഴിയുകയോ ചെയ്തിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. കരസേനയിലെയും നാവികസേനയിലെയും സിവിലിയൻ മേധാവികളും വിവിധ സൈനിക വിഭാഗങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരും ഇതിൽ ഉൾപ്പെടുന്നു.

മുതിർന്ന സൈനിക ഉദ്യോഗസ്ഥരുടെ എണ്ണം കുറക്കാനും ഹെഗ്സെത്ത് നിർദേശം നൽകിയിട്ടുണ്ട്. 2027 ജനുവരി ഒന്നിനകം ഉന്നത ഉദ്യോഗസ്ഥരുടെ തസ്തികകൾ 20 ശതമാനം കുറക്കണമെന്നാണ് കഴിഞ്ഞ മാസം അദ്ദേഹം പ്രഖ്യാപിച്ചത്. നേരത്തേ ആസൂത്രണം ചെയ്തിരുന്ന വെട്ടിക്കുറക്കലിന്റെ ഇരട്ടിയാണിത്. അമേരിക്കൻ സൈന്യത്തിൽ ജനറൽ, ഫ്ലാഗ് ഓഫീസർ പദവികളിലായി ഏകദേശം 800 തസ്തികകളുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button