ഹുർമുസ് കടലിടുക്കിൽ വീണ്ടും സംഘർഷം; ഇറാന്റെ രണ്ട് ഡ്രോണുകൾ തകർത്തതായി യുഎസ്

വാഷിങ്ടൺ ഡിസി : ഹുർമുസ് കടലിടുക്കിൽ വീണ്ടും സംഘർഷം. ഇറാന്റെ രണ്ട് ഡ്രോണുകൾ തകർത്തതായി യു.എസ് സെൻട്രൽ കമാൻഡ് അവകാശപ്പെട്ടു. ശനിയാഴ്ച വൈകിയായിരുന്നു സംഭവം. ഹുർമുസിൽ കപ്പലുകളെ ലക്ഷ്യംവെച്ച ഡ്രോണുകളാണ് വെടിവെച്ചിട്ടതെന്ന് യു.എസ് പറഞ്ഞു.ലക്ഷ്യസ്ഥാനത്ത് പതിച്ച് സ്ഫോടനം സൃഷ്ടിക്കാൻ രൂപകൽപ്പന ചെയ്ത ‘വൺ-വേ അറ്റാക്ക് ഡ്രോണുകളാണ്’ വെടിവെച്ചിട്ടതെന്ന് സെൻട്രൽ കമാൻഡ് അറിയിച്ചു.
ഇറാൻ ആക്രമണങ്ങൾക്കെതിരെ ശക്തമായ പ്രതിരോധം തുടരാൻ യു.എസ് സൈന്യം എല്ലാ സജ്ജീകരണങ്ങളോടെയും നിലയുറപ്പിച്ചിട്ടുണ്ടെന്നും യു.എസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കുന്നു. വിഷയത്തിൽ യു.എസ് അവകാശവാദത്തോട് ഇറാൻ പ്രതികരിച്ചിട്ടില്ല.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മേഖലയിൽ യു.എസും ഇറാനും തമ്മിൽ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ ശക്തമായി തുടരുകയാണ്. കഴിഞ്ഞ ദിവസം ഇറാന്റെ സമുദ്രപരിധിയിൽ പ്രവേശിച്ച അമേരിക്കൻ എം.ക്യു-1 ഡ്രോൺ വെടിവെച്ചിട്ടതായി ഐ.ആർ.ജി.സി വ്യക്തമാക്കിയിരുന്നു. ഇതിന് തിരിച്ചടിയായി ഇറാന്റെ തീരദേശ റഡാർ കേന്ദ്രങ്ങളിൽ യു.എസ് വ്യോമാക്രമണം നടത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ശനിയാഴ്ച വീണ്ടും രണ്ട് ഡ്രോണുകൾ കൂടി വെടിവെച്ചിട്ടതായി യു.എസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കിയത്.
പശ്ചിമേഷ്യയിൽ സമാധാന ചർച്ചകൾ അനിശ്ചിതത്വത്തിലായിരിക്കെ, ഇറാന്റെയും യു.എസിന്റെയും തുടർച്ചയായുള്ള ആക്രമണങ്ങൾ മേഖലയെ വീണ്ടും ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ കുവൈത്തിലും ബഹ്റൈനിലും ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ നടത്തിയിരുന്നു. വെടിനിർത്തൽ ധാരണകൾ ലംഘിച്ച് ലബനാനിൽ ഇസ്രായേലും കൂട്ടക്കുരുതി തുടരുകയുമാണ്. ഹുർമുസ് കടലിടുക്കിൽ നാവിക ഉപരോധത്തിലുള്ള യു.എസ് ഒരാഴ്ചക്കിടെ ഇത് അഞ്ചാം തവണയാണ് കടൽ കേന്ദ്രീകരിച്ച് ആക്രമണം നടത്തുന്നത്.



