അന്തർദേശീയംചരമം

സാമ്പത്തിക വി​ദ​ഗ്ധൻ അലൻ ​ഗ്രീൻസ്പാൻ അന്തരിച്ചു

വാഷിങ്ടൺ ഡിസി : അമേരിക്കൻ സാമ്പത്തിക വിദ​ഗ്ധനും യുഎസ് ഫെഡറൽ റിസർവിന്റെ മുൻ ചെയർമാനുമായിരുന്ന അലൻ ​ഗ്രീൻസ്പാൻ (100) അന്തരിച്ചു. പാർക്കിൻസൺസ് രോഗബാധിതനായതിനെത്തുടർന്ന് ചികിത്സയിലായിരുന്നു. വീട്ടിൽ വച്ചായിരുന്നു അന്ത്യമെന്ന് ​ഗ്രീൻസ്പാന്റെ ഭാര്യയും മാധ്യമപ്രവർത്തകയുമായ ആൻഡ്രിയ മിച്ചൽ അറിയിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

1987 മുതൽ 2006 ജനുവരി വരെ ഫെഡറൽ റിസർവിനെ നയിച്ച ഗ്രീൻസ്പാൻ, അമേരിക്കൻ സമ്പദ്‌വ്യവസ്ഥയിൽ വലിയ സ്വാധീനം ചെലുത്തിയ കേന്ദ്രബാങ്ക് മേധാവികളിൽ ഒരാളായാണ് വിലയിരുത്തപ്പെടുന്നത്. റൊണാൾഡ് റീഗന്റെ കാലത്താണ് ഫെഡറൽ റിസർവ് ചെയർമാനായി ഗ്രീൻസ്പാൻ നിയമിതനായത്. 1987ലെ ഓഹരി വിപണി തകർച്ച, 1990-91മാന്ദ്യം, ഏഷ്യൻ-റഷ്യൻ സാമ്പത്തിക പ്രതിസന്ധി, ഡോട്ട്‌കോം ബബിൾ, 9/11ന് ശേഷമുള്ള സാമ്പത്തിക അനിശ്ചിതത്വം തുടങ്ങിയ ഘട്ടങ്ങളിൽ അമേരിക്കൻ സമ്പദ്‌വ്യവസ്ഥയുടെ അമരത്തുണ്ടായിരുന്ന ഗ്രീൻസ്പാനെതിരെ വ്യാപക വിമർശനവും ഉയർന്നിട്ടുണ്ട്. 2007 മുതൽ 2009 വരെയുള്ള രണ്ട് വർഷക്കാലം അമേരിക്കയിലുണ്ടായ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം ഗ്രീൻസ്പാന്റെ നയങ്ങളായിരുന്നുവെന്നായിരുന്നു വിമർശനം.

2006ൽ ഫെഡ് റിസർവിൽ നിന്ന് വിരമിച്ചെങ്കിലും തുടർന്നും അമേരിക്കൻ സാമ്പത്തിക രം​ഗത്തെ നിർണായക ശബ്ദമായിത്തന്നെ ​ഗ്രീൻസ്പാൻ തുടർന്നു. റീ​ഗനു പുറമെ ജോർജ് എച്ച് ഡബ്ല്യു ബുഷ്, ബിൽ ക്ലിന്റൺ, ജോർജ് ഡബ്ല്യു ബുഷ് എന്നിവരുടെ കാലത്തും കേന്ദ്രബാങ്ക് ചെയർമാനായി തുടർന്ന ​ഗ്രീൻസ്പാൻ ലോക സാമ്പത്തിക ചരിത്രത്തിൽ ഏറെ സ്വാധീനമുള്ള ഫെഡറൽ റിസർവ് ചെയർമാനായാണ് അറിയപ്പെട്ടത്. അമേരിക്കൻ പ്രസിഡന്റ് ഡോണൾ‌ഡ് ട്രംപിന്റെ സമീപകാല നയങ്ങളെ ഗ്രീൻസ്പാൻ വിമർശിച്ചിരുന്നു. ട്രംപിന്റെ താരിഫ് യുദ്ധത്തെ ഭ്രാന്തമായത് എന്ന് വിശേഷിപ്പിച്ച ഗ്രീൻസ്പാൻ തീരുവ യുദ്ധം അമേരിക്കയ്ക്കും നഷ്ടമുണ്ടാക്കുമെന്ന് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button