അന്തർദേശീയം

നൈജീരിയയിൽ എബോള വ്യാപന ആശങ്ക ശക്തമാകുന്നു

അബുജ : നൈജീരിയയിൽ എബോള വ്യാപന ആശങ്ക ശക്തമാകുന്നു. രാജ്യത്തിന്റെ വടക്കുകിഴക്കൻ മേഖലയിൽ രണ്ട് സംശയാസ്പദ കേസുകൾ കൂടി കണ്ടെത്തിയതായി ആരോഗ്യ അധികൃതർ അറിയിച്ചു. പത്ത് വർഷത്തിലേറെയായി രാജ്യത്ത് ആദ്യമായി എബോള കേസ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് പുതിയ സംഭവവികാസം. രോഗം സംശയിക്കുന്ന രണ്ടുപേരെയും ഐസൊലേഷനിലാക്കിയിട്ടുണ്ട്.

ഇവരുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്താനുള്ള നടപടികളും ലബോറട്ടറി പരിശോധനകളും പുരോഗമിക്കുകയാണ്. എന്നാൽ സംശയാസ്പദ കേസുകളായി കണ്ടെത്തിയെന്നത് എബോള സ്ഥിരീകരിച്ചതായി അർഥമാക്കില്ലെന്നും പരിശോധനാഫലത്തിന് ശേഷമേ അന്തിമ സ്ഥിരീകരണമുണ്ടാകൂ എന്നും നൈജീരിയ സെന്റർ ഫോർ ഡിസീസ് കൺട്രോൾ വ്യക്തമാക്കി.

ഉഗാണ്ടയിൽനിന്ന് നൈജീരിയയിലെത്തിയ സ്വിസ് വനിതയ്ക്ക് എബോള സ്ഥിരീകരിച്ചതോടെയാണ് രാജ്യത്ത് ആശങ്ക ഉയർന്നത്. ഇവരെയും ഭർത്താവായ സ്വിസ് നയതന്ത്ര ഉദ്യോഗസ്ഥനെയും ചികിത്സയ്ക്കായി സ്വിറ്റ്സർലൻഡിലേക്ക് മാറ്റിയിരുന്നു. ഇതോടെ ബുണ്ടിബുഗ്യോ വകഭേദം റിപ്പോർട്ട് ചെയ്യുന്ന അഞ്ചാമത്തെ രാജ്യമായി നൈജീരിയ മാറി.

അതേസമയം, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ എബോള വ്യാപനം രൂക്ഷമായി തുടരുകയാണ്. മേയിൽ ആരംഭിച്ച രോഗവ്യാപനത്തിൽ 5,000ത്തിലധികം പേർ മരിക്കുകയും 10,300ലധികം കേസുകൾ സ്ഥിരീകരിക്കുകയും ചെയ്തു. കോംഗോയുടെ ചരിത്രത്തിലെ ഏറ്റവും വലിയ എബോള വ്യാപനമാണിത്. നിലവിൽ ഈ വകഭേദത്തിനെതിരെ അംഗീകൃത വാക്സിനോ ചികിത്സയോ ലഭ്യമല്ലെങ്കിലും വാക്സിൻ പരീക്ഷണങ്ങൾ പുരോഗമിക്കുകയാണ്.

രോഗം നേരത്തേ കണ്ടെത്തുന്നതിലും സമ്പർക്കപ്പട്ടിക തയ്യാറാക്കുന്നതിലുമുള്ള വീഴ്ചകൾ വ്യാപനം തടയുന്നതിന് വെല്ലുവിളിയാണെന്ന് ആരോഗ്യ അധികൃതർ ചൂണ്ടിക്കാട്ടി. കോംഗോ, ഉഗാണ്ട, ഫ്രാൻസ്, കെനിയ, നൈജീരിയ എന്നീ രാജ്യങ്ങളിൽ ബുണ്ടിബുഗ്യോ വകഭേദം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ആഫ്രിക്കൻ രാജ്യങ്ങളിൽ നിരീക്ഷണവും പ്രതിരോധ പ്രവർത്തനങ്ങളും ശക്തമാക്കിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button