അന്തർദേശീയം

ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസുകളില്‍ നിന്ന് പാക്കിസ്ഥാന്‍ ഉള്‍പ്പെടെ 31 രാജ്യങ്ങളിലെ പൈലറ്റുമാരെ വിലക്കി എയര്‍ ഫ്രാന്‍സ്

പാരീസ് : സെപ്റ്റംബര്‍ 30ന് ‘ഫ്‌ളൈ ദുബായ്’ വിമാനത്തില്‍ ഒമാനി സഹപൈലറ്റ് നടത്തിയ ഭീകരാക്രമണശ്രമത്തെത്തുടര്‍ന്ന് ഇസ്രയേല്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു. ഇതിന്‍റെ ഭാഗമായി ഇസ്രയേലിലേക്കും തിരിച്ചുമുള്ള വിമാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതില്‍ നിന്ന് പാക്കിസ്ഥാനി പൈലറ്റുമാരെയും ജീവനക്കാരെയും എയര്‍ ഫ്രാന്‍സ് വിലക്കി. ഒമാനും പാക്കിസ്ഥാനും ഉള്‍പ്പെടെ, ഇസ്രയേലുമായി നയതന്ത്രബന്ധമില്ലാത്ത 31 രാജ്യങ്ങള്‍ക്കാണ് വിലക്ക്. ഇസ്രയേലിന്‍റെ വ്യോമാതിര്‍ത്തിയിലേക്ക് സര്‍വിസ് നടത്തുന്ന വിമാനങ്ങളിലെ പൈലറ്റുമാരും ക്യാബിന്‍ ക്രൂ അംഗങ്ങളും ഇസ്രയേലുമായി നയതന്ത്രബന്ധമില്ലാത്ത രാജ്യങ്ങളിലെ പൗരന്മാരായിരിക്കാന്‍ പാടില്ലെന്ന് ഈ മാസം ഒന്നിനാണ് ഇസ്രയേല്‍ ഗതാഗത-റോഡ് സുരക്ഷാ മന്ത്രാലയം വിദേശ വിമാനക്കമ്പനികളെ അറിയിച്ചത്.

ഇസ്രയേലിനെ ഒരു രാഷ്‌ട്രമായി അംഗീകരിക്കാത്തതും, അതുമായി ഔദ്യോഗിക നയതന്ത്രബന്ധം ഒരിക്കലും പുലര്‍ത്താത്തതുമായ രാജ്യങ്ങളിലൊന്നാണ് പാക്കിസ്ഥാന്‍. റിപ്പോര്‍ട്ടുകള്‍ പ്രകാരം 31 രാജ്യങ്ങള്‍ക്കാണ് എയര്‍ ഫ്രാന്‍സിന്‍റെ നിയന്ത്രണങ്ങള്‍ ബാധകമാകുന്നത്. ഇതില്‍ പലതും മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളാണ്. പാക്കിസ്ഥാന്‍, ഇറാന്‍, ഒമാന്‍, സൗദി അറേബ്യ, അള്‍ജീരിയ, ടുണീഷ്യ, നൈജര്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. പാക്കിസ്ഥാന്‍ ഉള്‍പ്പെടെ 31 രാജ്യങ്ങളിലെ പൗരന്മാരെ ബാധിക്കുന്ന ഈ നയം, ഫ്രഞ്ച് നിയമപ്രകാരം വിമാനക്കമ്പനി ജീവനക്കാര്‍ക്കെതിരായ വിവേചനത്തിന് കാരണമായേക്കാമെന്ന ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്.

സെപ്റ്റംബര്‍ 30ലെ സംഭവത്തിനു ശേഷം ഇസ്രയേല്‍ വ്യോമയാന സുരക്ഷ കര്‍ശനമാക്കിയിരിക്കുകയാണ്. അതിന്‍റെ ഭാഗമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഇതിനകം തന്നെ വിമാന സര്‍വീസുകളെ ബാധിച്ചിട്ടുണ്ട്. ടെല്‍ അവീവിലേക്ക് പോവുകയായിരുന്ന എത്യോപ്യന്‍ എയര്‍ലൈന്‍സ് വിമാനത്തിലെ പൈലറ്റ് ഇന്തോനേഷ്യക്കാരനാണെന്ന് ഇസ്രയേല്‍ അധികൃതര്‍ തിരിച്ചറിഞ്ഞതിനെത്തുടര്‍ന്ന്, ആ വിമാനത്തോട് അഡിസ് അബാബയിലേക്ക് തിരികെ പോകാന്‍ നിര്‍ദേശം നല്‍കുകയുണ്ടായി.

ടെല്‍ അവീവിലേക്ക് വീണ്ടും പുറപ്പെടുന്നതിന് മുന്‍പ് എയര്‍ലൈന്‍ അധികൃതര്‍ പൈലറ്റിനെ മാറ്റിയതായാണ് വിവരം. പൈലറ്റിന് ഈ വിമാനം പറത്തുന്നതിന് വിലക്കുണ്ടായിരുന്ന കാര്യം തങ്ങള്‍ അറിഞ്ഞിരുന്നില്ലെന്നും, ഇതൊരു അബദ്ധം മാത്രമാണെന്നും എത്യോപ്യന്‍ എയര്‍ലൈന്‍സ് വ്യക്തമാക്കുകയും ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button