ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം; അടുത്ത അഞ്ചുദിവസം മഴ കനക്കും
കാസർകോട്, വയനാട്, കണ്ണൂർ ജില്ലകളിൽ റെഡ് അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം വ്യാപകമായി ഇടിയോടു മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.വടക്കൻ ബംഗാൾ ഉൾക്കടലിൽ മധ്യഭാഗത്തായി പുതിയൊരു ന്യൂനമർദം രൂപപ്പെട്ടിട്ടുണ്ട്. അടുത്ത രണ്ടു ദിവസത്തിനുള്ളിൽ ന്യൂനമർദം ശക്തിപ്രാപിച്ചു വടക്കു -പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചു ഒഡീഷ തീരത്ത് എത്താൻ സാധ്യതയുണ്ട്.
വടക്കു കിഴക്കൻ അറബിക്കടലിൽ ഒരു ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നു. വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത്തീരം വരെ ന്യൂനമർദ പാത്തിയും സ്ഥിതിചെയ്യുന്നു. അതോടൊപ്പം കേരള തീരത്തു പടിഞ്ഞാറൻ/ വടക്കു പടിഞ്ഞാറൻ കാറ്റ് ശക്തമായി തുടരുന്നു. ഇതിന്റെ ഫലമായാണ് മഴ ശക്തമാകുന്നത്. സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം. കാസർകോട് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. നേരത്തെ വയനാട്, കണ്ണൂർ ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
അതേസമയം, 7 ജില്ലകളിൽ ഓറഞ്ച് അലർട്ടും തുടരുകയാണ്. കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. കേരള തീരത്ത് വെള്ളിയാഴ്ച (19-07-2024) രാത്രി 11.30 വരെ 2.5 മുതൽ 3.4 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രംഅറിയിച്ചു. കണ്ണൂർ, കാസർഗോഡ് തീരങ്ങൾക്ക് പ്രത്യേക ജാഗ്രത ആവശ്യമാണെന്നും കടൽ കൂടുതൽ പ്രക്ഷുബ്ധമാകാനും സാധ്യതയുള്ളതായും മുന്നറിയിപ്പ് നൽകി. തമിഴ്നാട്ടിലും 19ന് 11.30 വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കുക.