അന്തർദേശീയം

തുർക്കിയ സ്റ്റീൽ പ്ലാന്റ് സ്ഫോടനം; മരണസംഖ്യ ഉയരുന്നു

അങ്കാറ : തുർക്കിയയുടെ പടിഞ്ഞാറൻ മേഖലയിലെ ഇസ്മിർ പ്രവിശ്യയിൽ ഇരുമ്പ്, ഉരുക്ക് നിർമാണശാലയിലുണ്ടായ വൻ സ്ഫോടനത്തിലും തീപിടിത്തത്തിലും മരണസംഖ്യ ഉയരുന്നു. 16 മരണം സ്ഥിരീകരിച്ചു. 13 പേർക്ക് പരിക്കേറ്റു. ഇവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. അലിയാഗയിലെ ഹബാസ് സ്റ്റീൽ പ്ലാന്റിലാണ് തിങ്കളാഴ്ച ഉച്ചയോടെ അപകടമുണ്ടായത്.

പ്ലാന്റിലെ ബോയിലർ മാറ്റിസ്ഥാപിക്കുന്നതിനിടെ ക്രെയിൻ ഉരുക്കുചൂളയിലേക്ക് വീണതാണ് സ്ഫോടനത്തിന് കാരണമായതെന്ന് ഇസ്മിർ ഗവർണർ സുലൈമാൻ എൽബാൻ അറിയിച്ചു. ബോയിലർ മാറ്റുന്നതിനായി ഉൽപ്പാദനം നിർത്തിവച്ചതിനാൽ സാധാരണയുള്ള 300 തൊഴിലാളികൾക്ക് പകരം 200 പേരാണ് അപകടസമയത്ത് പ്ലാന്റിലുണ്ടായിരുന്നത്.

സ്ഫോടനത്തെ തുടർന്ന് പ്ലാന്റിൽ വൻ തീപിടിത്തമുണ്ടായി. പ്രദേശമാകെ ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടതായി ദൃക്സാക്ഷികൾ പറഞ്ഞു. ഭൂകമ്പമാണെന്നാണ് ആദ്യം കരുതിയതെന്നും പ്രദേശവാസികൾ വ്യക്തമാക്കി. അഗ്നിരക്ഷാസേനയും അടിയന്തര രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി.

സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം ആരംഭിച്ചതായി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗൻ അറിയിച്ചു. അപകടത്തിന്റെ കാരണവും ഉത്തരവാദികളെയും കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണത്തിനായി നാല് പബ്ലിക് പ്രോസിക്യൂട്ടർമാരെ നിയോഗിച്ചു. സ്ഫോടനവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ കസ്റ്റഡിയിലെടുത്തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button