അന്തർദേശീയം

ജീവിതച്ചെലവ് കുതിച്ചുയർന്നു; പ്യൂർട്ടോ റിക്കോയിൽ ആയിരങ്ങൾ തെരുവിലിറങ്ങി

സാൻ ഹുവാൻ : ജീവിതച്ചെലവ് കുതിച്ചുയരുന്നതിലും വൈദ്യുതി നിരക്ക് റെക്കോഡ് ഉയരത്തിലെത്തിയതിലും അടിസ്ഥാന സേവനങ്ങൾ തകരാറിലായതിലും പ്രതിഷേധിച്ച് പ്യൂർട്ടോ റിക്കോയുടെ തലസ്ഥാനമായ സാൻ ഹുവാനിൽ ആയിരങ്ങൾ തെരുവിലിറങ്ങി. തൊഴിലാളി യൂണിയനുകളും മതസംഘടനകളും ഉൾപ്പെടെ മുപ്പതോളം സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പെൻഷൻകാർ, സർവകലാശാല വിദ്യാർഥികൾ, ബസ് ഡ്രൈവർമാർ തുടങ്ങി വിവിധ മേഖലകളിലുള്ളവർ സമരത്തിൽ പങ്കെടുത്തു.

‘ദേശീയ രോഷ ദിനം’ എന്ന പേരിൽ സംഘടിപ്പിച്ച പ്രതിഷേധത്തിൽ പങ്കെടുക്കാൻ ദ്വീപിന്റെ വിവിധ നഗരങ്ങളിൽനിന്നും ഗ്രാമങ്ങളിൽനിന്നും നൂറുകണക്കിന് ആളുകൾ തലസ്ഥാനത്തെത്തി. പ്രധാന ദേശീയപാതകളിലൊന്ന് പ്രതിഷേധക്കാർ ഉപരോധിച്ചതോടെ ഗതാഗതം നിലച്ചു. 2025 ജനുവരിയിൽ ഗവർണർ ജെന്നിഫർ ഗോൺസാലസ് അധികാരമേറ്റെടുത്തശേഷം പ്യൂർട്ടോ റിക്കോയിൽ നടന്ന ഏറ്റവും വലിയ പ്രതിഷേധങ്ങളിലൊന്നാണിത്.

അടിക്കടിയുള്ള വൈദ്യുതി മുടക്കവും കുടിവെള്ള വിതരണത്തിലെ തടസ്സവും അവശ്യസാധനങ്ങളുടെ വിലക്കയറ്റവും ജനജീവിതം ദുസ്സഹമാക്കിയതായി പ്രതിഷേധക്കാർ പറഞ്ഞു. ചില ഗാർഹിക ഉപയോക്താക്കളുടെ പ്രതിമാസ വൈദ്യുതി ബിൽ 18 ശതമാനത്തോളം വർധിച്ച് 229 ഡോളറിൽനിന്ന് 271 ഡോളറായി. പ്യൂർട്ടോ റിക്കോയിൽ യൂണിറ്റിന് 33.86 സെന്റാണ് വൈദ്യുതി നിരക്ക്. അമേരിക്കൻ വൻകരയിലെ ശരാശരി നിരക്കായ 18.3 സെന്റിന്റെ ഏതാണ്ട് ഇരട്ടിയാണിത്.

വൈദ്യുതി പ്രസരണവും വിതരണവും കൈകാര്യം ചെയ്യുന്ന സ്വകാര്യ കമ്പനിയായ ലൂമ എനർജിക്കെതിരെയും പ്രതിഷേധമുയർന്നു. കമ്പനിയുമായുള്ള സർക്കാരിന്റെ കരാർ റദ്ദാക്കുന്നതിന് ബുധനാഴ്ച പ്യൂർട്ടോ റിക്കോ സുപ്രീംകോടതി അനുമതി നൽകിയിരുന്നു. ഗവർണർ കോടതി വിധിയെ സ്വാഗതം ചെയ്‌തെങ്കിലും വൈദ്യുതി പ്രതിസന്ധി തുടരുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button