അന്തർദേശീയം

‘എഐ ജേർണി 2026’ : മലയാളി 16 കാരനെ പ്രശംസിച്ച് വ്ലാഡിമിർ പുടിൻ

മോസ്കോ : റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമിർ പുടിൻ്റെ പ്രശംസ ഏറ്റുവാങ്ങി മലയാളിയായ 16 കാരൻ റൗൾ ജോൺ അജു. മോസ്കോയിൽ നടന്ന ‘എഐ ജേർണി 2026’ അന്താരാഷ്ട്ര സമ്മേളനത്തിലാണ് ‘ഇന്ത്യയുടെ എഐ കിഡ്’ എന്നറിയപ്പെടുന്ന റൗളിൻ്റെ നിർമ്മിതബുദ്ധി പ്രൊജക്റ്റുകളെ പുടിൻ അഭിനന്ദിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതിക്ക് കരുത്തുപകരുന്നതാണ് റൗളിൻ്റെ കണ്ടെത്തലുകളെന്ന് പുടിൻ പറഞ്ഞു.

‘മോസ്കോയിലെ സമ്മേളനത്തിൽ ലോകത്തെ പ്രമുഖർക്കൊപ്പം ഇരിക്കാനായത് തൻ്റെ കാഴ്ചപ്പാടിനെ കൂടുതൽ വ്യക്തമാക്കി. ഇനിയും ഏറെ ദൂരം സഞ്ചരിക്കാനുണ്ട്. എ ഐ യാത്രയിൽ എന്നേക്കാൾ മിടുക്കരായ നിരവധി പേരെ കണ്ടുമുട്ടിയത് എനിക്ക് ഇനിയും പഠിക്കാനുണ്ടെന്ന് ബോധ്യപ്പെടുത്തി തന്നു. ഈ യാത്രയുടെ ഭാഗമായ എല്ലാവർക്കും നന്ദി. ഒരു കൊച്ചുകുട്ടിയുടെ സ്വപ്നങ്ങൾ യാഥാർഥ്യമാക്കിയതിന്. ഇപ്പോഴും കൗതുകമുള്ള ഒരു കുട്ടി തന്നെയാണ്, കൂടുതൽ കഥകൾ പറയാനുണ്ടെന്ന് മാത്രം’ ഇൻസ്റ്റാഗ്രാമിലെ കുറിപ്പിൽ റൗൾ ജോൺ അജു പറഞ്ഞു. പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി എഴുമറ്റൂർ കരിവത്തുംമൂട്ടിൽ അജു ജോസഫിൻ്റെയും ഷേബ ആനിൻ്റെയും മകനാണ്. നോർത്ത് ഇടപ്പള്ളി ജിഎച്ച്‌എസ് എസിലാണ് നിലവിൽ പഠനം.

കസാക്കിസ്ഥാൻ പ്രസിഡൻ്റ് കാസിം ജോമാർട്ട് ടോകയേവിനൊപ്പം ഇന്ത്യ, റഷ്യ, കസാക്കിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള യുവ സംരംഭകരുമായി സംവദിക്കുകയായിരുന്നു പുടിൻ. വേദിക്ക് പുറത്തുവെച്ച് പുടിനൊപ്പം റൗൾ എടുത്ത സെൽഫി സമൂഹമാധ്യമങ്ങളിൽ വൈറലായി. ‘ഒൻപതാം വയസ്സിൽ വീട്ടിലെ ബാത്ത്റൂമിലിരുന്ന് ആദ്യ വീഡിയോ എടുത്തതു മുതൽ പ്രസിഡൻ്റ് പുടിനൊപ്പം സെൽഫി എടുക്കുന്നതുവരെയുള്ള ഈ യാത്ര സ്വപ്നത്തിൽ പോലും വിചാരിച്ചതല്ല,’ ചിത്രം പങ്കുവെച്ചുകൊണ്ട് റൗൾ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. വിദ്യാഭ്യാസ രംഗത്ത് നിർമ്മിതബുദ്ധിയുടെ ഉപയോഗത്തെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു. എഐയെ അമിതമായി ആശ്രയിക്കുന്നത് കുട്ടികളുടെ സ്വതന്ത്രമായി ചിന്തിക്കാനുള്ള ശേഷിയെയും ഓർമ്മശക്തിയെയും ബാധിക്കുമെന്ന് പുടിൻ ആശങ്ക പ്രകടിപ്പിച്ചു.

എന്നാൽ, എഐ മനുഷ്യൻ്റെ അറിവിന് പകരമല്ലെന്നും മറിച്ച് പഠനത്തെ സഹായിക്കുന്ന ഒരു ഉപാധി മാത്രമാണെന്നും റൗൾ മറുപടി നൽകി. കാൽക്കുലേറ്ററുകൾ ഉപയോഗിക്കുന്നതിന് മുൻപ് അടിസ്ഥാന ഗണിതം പഠിക്കുന്നതുപോലെ, അടിസ്ഥാന അറിവുകൾ നേടിയ ശേഷമാണ് കുട്ടികൾ എഐ ഉപയോഗിക്കേണ്ടതെന്നും റൗൾ വ്യക്തമാക്കി. കാണാതെ പഠിക്കുന്ന രീതിക്ക് പകരം പ്രായോഗിക അറിവിനും സർഗ്ഗാത്മകതയ്ക്കും പ്രാധാന്യം നൽകണമെന്നും റൗൾ പറഞ്ഞു.

അഡോബി കമ്പനിയിൽ ജോലി ചെയ്തിരുന്ന പിതാവിൻ്റെ സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് വീഡിയോ എഡിറ്റിങ് പരീക്ഷിച്ചാണ് റൗൾ സാങ്കേതിക ലോകത്തേക്ക് എത്തിയത്. പന്ത്രണ്ടാം വയസ്സിൽ ‘മി-ബോട്ട്’ എന്ന ആദ്യ ഹ്യൂമനോയിഡ് റോബോട്ടിനെ നിർമ്മിച്ചു. നിലവിൽ പത്തിലധികം എഐ ടൂളുകൾ വികസിപ്പിച്ചിട്ടുള്ള റൗൾ, ‘എഐ റിയൽ ടെക്നോളജീസ്’ എന്ന സ്റ്റാർട്ടപ്പിൻ്റെ സ്ഥാപകനാണ്. സാധാരണക്കാർക്ക് നിയമപരമായ വിവരങ്ങൾ ലളിതമായി മനസ്സിലാക്കാൻ സഹായിക്കുന്ന ‘പ്രൊജക്റ്റ് 47എക്സ്’, മലയാളം ഉൾപ്പെടെയുള്ള ഇന്ത്യൻ ഭാഷകൾ മനസ്സിലാക്കുന്ന വോയ്സ് പ്രോസസിംഗ് സംവിധാനങ്ങൾ, വിദ്യാർത്ഥികൾക്കായുള്ള ‘തിങ്ക് ക്രാഫ്റ്റ്’എന്നിവയാണ് റൗളിൻ്റെ പ്രധാന പ്രൊജക്ടുകൾ.

പൊതുസേവനങ്ങളിൽ എഐ ഉൾപ്പെടുത്തുന്നതിനായി കേരള സർക്കാരും ദുബായ് സർക്കാരും റൗളിൻ്റെ ഉപദേശം തേടിയിട്ടുണ്ട്. 2026 ആദ്യം ഡൽഹിയിൽ നടന്ന ഉച്ചകോടിയിൽ യുഎൻ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടെറസുമായും റൗൾ സംവദിച്ചിരുന്നു. കമ്പനിയുടെ ഭരണപരമായ കാര്യങ്ങളിൽ ആമസോൺ, ഐബിഎം തുടങ്ങിയ പ്രമുഖ കമ്പനികളിൽ പ്രവർത്തിച്ച പരിചയസമ്പത്തുള്ള പിതാവാണ് റൗളിന് പിന്തുണയുമായി ഒപ്പമുള്ളത്. അമേരിക്കയുടെയും ചൈനയുടെയും എഐ മാതൃകകളെ അനുകരിക്കുന്നതിന് പകരം ഇന്ത്യയുടെ ആവശ്യങ്ങൾക്കിണങ്ങുന്ന സാങ്കേതികവിദ്യകൾ നാം സ്വയം വികസിപ്പിക്കണമെന്നാണ് ഈ കൊച്ചു മിടുക്കൻ്റെ പക്ഷം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button