വിവേചനപരമായ ബജറ്റ് നടപടി; ‘ഗ്രീൻ റിബൺ പ്രോജക്ടി’ന്റെ ഭാഗമായി കാസ്റ്റിലിലേക്ക് മനുഷ്യച്ചങ്ങല തീർത്ത് പ്രതിഷേധം

ദീർഘകാല താമസാനുമതിയില്ലാത്ത മൂന്നാം രാജ്യ പൗരന്മാരെ (TCNs) ബാധിക്കുന്ന ബജറ്റ് 2027 നടപടികൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് വെള്ളിയാഴ്ച വൈകുന്നേരം കാസ്റ്റിലിലേക്ക് മനുഷ്യച്ചങ്ങല തീർത്ത് പ്രതിഷേധം. ഏകദേശം 75 പേരാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്.
മാൾട്ടയിലെ വിദേശ തൊഴിലാളികളുടെ സംഭാവനകൾ ഉയർത്തിക്കാട്ടുന്നതിനും തങ്ങളെ ബാധിക്കുന്ന നയങ്ങൾക്കെതിരെ പ്രതികരിക്കാൻ ഭയപ്പെടുന്ന മൂന്നാം രാജ്യ പൗരന്മാർക്ക് ശബ്ദമുയർത്താൻ അവസരമൊരുക്കുന്നതിനുമായി സംഘടിപ്പിക്കുന്ന ഒരാഴ്ച നീളുന്ന ‘ഗ്രീൻ റിബൺ പ്രോജക്ടി’ന്റെ ഭാഗമായിരുന്നു പ്രതിഷേധം. ടിസിഎൻ അലയൻസ്, സോളിഡാർജിറ്റ, മൂവിമെന്റ് ഗ്രാഫിറ്റി, ടിസിഎൻസ് യുണൈറ്റഡ് എന്നീ സംഘടനകളാണ് പ്രചാരണ പരിപാടിക്ക് നേതൃത്വം നൽകുന്നത്.
മാൾട്ടീസ്, യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലെ പൗരന്മാർക്കും മൂന്നാം രാജ്യ പൗരന്മാർക്കുമൊപ്പം പങ്കെടുത്തവർ ശക്തമായ കാറ്റിനെ അവഗണിച്ചാണ് കാസ്റ്റിലിലേക്ക് മാർച്ച് നടത്തിയത്. ഒരുകൈയിൽ നീളമുള്ള പച്ച റിബണും മറുകൈയിൽ മെഴുകുതിരിയോ വെളിച്ചം തെളിച്ച മൊബൈൽ ഫോണോ പിടിച്ചായിരുന്നു ഓരോരുത്തരും അണിനിരന്നത്.
പാർലമെന്റിന് സമീപത്തെ പടികൾ കയറി കാസ്റ്റിലിലേക്ക് നീങ്ങിയ പ്രതിഷേധക്കാർ സംഗീതത്തിന്റെ അകമ്പടിയോടെ മനുഷ്യച്ചങ്ങല നിലനിർത്തി. കാസ്റ്റിലിന് മുന്നിലെത്തിയതോടെ സംഘം വൃത്താകൃതിയിൽ അണിനിരന്നു. തുടർന്ന് ടിസിഎൻ അലയൻസ് പ്രതിനിധി പട്രീഷ്യ ഗ്രഹാം പ്രധാനമന്ത്രി റോബർട്ട് അബേലയ്ക്കും ധനമന്ത്രി ക്ലൈഡ് കരുവാനയ്ക്കും അയച്ച കത്ത് വായിച്ചു.
“മാൾട്ടയുടെ സമ്പദ്വ്യവസ്ഥയെ മുന്നോട്ടുകൊണ്ടുപോകുന്ന തൊഴിലാളികളോട് അനീതിയും വിവേചനവും കാണിക്കുന്നതും അവരെ ദോഷകരമായി ബാധിക്കുന്നതുമാണ് ഈ നടപടികളെന്ന് ഞങ്ങൾ വിശ്വസിക്കുന്നു,” ഗ്രഹാം പറഞ്ഞു. ബജറ്റിലെ പുതിയ നടപടികൾ മൂന്നാം രാജ്യ പൗരന്മാർക്ക് അന്യായമായ സാമ്പത്തിക ബാധ്യതയാണ് സൃഷ്ടിക്കുന്നതെന്നും അവർ ചൂണ്ടിക്കാട്ടി. “മാൾട്ടീസ്, യൂറോപ്യൻ യൂണിയൻ പൗരന്മാർക്ക് ബോണസുകളും ആനുകൂല്യ വർധനകളും ലഭിക്കുമ്പോൾ, പുതിയതും ഉയർന്നതുമായ ഫീസുകളിലൂടെ ബജറ്റിന്റെ ഒരു ഭാഗം കണ്ടെത്താനുള്ള ബാധ്യത മൂന്നാം രാജ്യ പൗരന്മാരുടെ മേൽ ചുമത്തുകയാണ്,” ഗ്രഹാം പറഞ്ഞു.
തൊഴിൽ പെർമിറ്റിനുള്ള അപേക്ഷാ ഫീസ് 600 യൂറോയിൽനിന്ന് 800 യൂറോയായി ഉയർത്തുന്നതും പെർമിറ്റ് അപേക്ഷകൾക്കും പുതുക്കലുകൾക്കും പ്രതിവർഷം 400 യൂറോയുടെ പുതിയ ഫീസ് ഏർപ്പെടുത്തുന്നതും അവർ ചൂണ്ടിക്കാട്ടി. പൊതുഗതാഗതം ഉപയോഗിക്കുന്നതിന് പ്രതിമാസം 33 യൂറോയും സ്വകാര്യ കാർ ഉപയോഗിക്കുന്നതിന് പ്രതിമാസം ഏകദേശം 83 യൂറോയും ഈടാക്കാനുള്ള നിർദേശങ്ങളും ബജറ്റിലുണ്ട്. കാർ ഉപയോഗത്തിനുള്ള വാർഷിക ചെലവ് ഏകദേശം 1,000 യൂറോ വരും. മാൾട്ടയിൽ അഞ്ച് വർഷത്തിൽ താഴെ താമസിച്ചിട്ടുള്ള മൂന്നാം രാജ്യ പൗരന്മാർക്ക് ശിശുപരിചരണവും പൊതുഗതാഗതവും ഉൾപ്പെടെ മറ്റ് താമസക്കാർക്ക് സൗജന്യമായി ലഭിക്കുന്ന സേവനങ്ങൾ നിഷേധിക്കുന്നതിനെയും ഗ്രഹാം വിമർശിച്ചു.
“പൗരത്വത്തിന്റെ അടിസ്ഥാനത്തിൽ മാത്രം ഒരേ പൊതുസേവനങ്ങൾക്ക് വ്യത്യസ്ത നിരക്കുകൾ ഈടാക്കുന്നത് തുല്യപരിഗണനയല്ല. ഇത് ഭരണഘടനയിലെയും യൂറോപ്യൻ യൂണിയനിലെയും വിവേചനവിരുദ്ധ തത്വങ്ങളുമായി പൊരുത്തപ്പെടുന്നുണ്ടോയെന്ന കാര്യത്തിൽ ഗൗരവമായ ചോദ്യങ്ങൾ ഉയരുന്നുണ്ട്,” അവർ പറഞ്ഞു.
ആരോഗ്യരംഗം, വിനോദസഞ്ചാരം, ഹോട്ടൽ-ഭക്ഷണ സേവന മേഖല, നിർമാണം, ഗതാഗതം, ഉൽപ്പാദനം, ഭരണനിർവഹണം തുടങ്ങിയ നിർണായക മേഖലകളിൽ ജോലി ചെയ്യുന്നവരടക്കം മൂന്നാം രാജ്യ പൗരന്മാർ ഇതിനകം മാൾട്ടയുടെ സമ്പദ്വ്യവസ്ഥയ്ക്ക് വലിയ സംഭാവന നൽകുന്നുണ്ടെന്നും അവർ വ്യക്തമാക്കി. ജനുവരി ഒന്നുമുതൽ ഈ നടപടികൾ പ്രാബല്യത്തിൽ വന്നാൽ പലർക്കും ഈ അധിക ചെലവുകൾ താങ്ങാനാകില്ലെന്നും ഗ്രഹാം അഭിപ്രായപ്പെട്ടു. നടപടികൾ പ്രഖ്യാപിക്കുന്നതിന് മുമ്പ് ബാധിക്കപ്പെടുന്ന സമൂഹങ്ങളുമായും സാമൂഹിക പങ്കാളികളുമായും സർക്കാർ കൂടിയാലോചന നടത്തിയില്ലെന്നും അവർ വിമർശിച്ചു.
ജനസംഖ്യാ വർധന നിയന്ത്രിക്കാനും തൊഴിലാളികളുടെ തുടർച്ചയായ കൊഴിഞ്ഞുപോക്ക് കുറയ്ക്കാനും സർക്കാർ ലക്ഷ്യമിടുന്നതായി അംഗീകരിച്ചെങ്കിലും, നിലവിൽ മാൾട്ടയിൽ താമസിക്കുന്ന തൊഴിലാളികളെയാണ് നിർദേശങ്ങൾ ശിക്ഷിക്കുന്നതെന്ന് ഗ്രഹാം പറഞ്ഞു.
“ഇവിടെ ഇതിനകം താമസിക്കുകയും നിർണായക സേവനങ്ങൾ നിലനിർത്തുകയും ചെയ്യുന്നവരുടെ ജീവിതച്ചെലവ് വർധിപ്പിക്കുന്നത് ഈ ലക്ഷ്യം കൈവരിക്കാനുള്ള നീതിയുക്തമായ മാർഗമല്ല. അന്തസ്സുള്ള മനുഷ്യരെന്ന നിലയിൽ തൊഴിലാളികളെ കാണുന്നതിനുപകരം നിയന്ത്രിക്കേണ്ട സാമ്പത്തിക ബാധ്യതയായാണ് സർക്കാർ കാണുന്നത്,” അവർ കൂട്ടിച്ചേർത്തു.
പ്രസംഗത്തിനുശേഷം ഗ്രഹാം ജനക്കൂട്ടത്തിന്റെ കൈയടികൾക്കിടെ കാസ്റ്റിലിന്റെ പടികൾ കയറി പ്രധാനമന്ത്രിക്കും ധനമന്ത്രിക്കും അയച്ച കത്ത് കൈമാറി. ബജറ്റ് 2027ൽ മൂന്നാം രാജ്യ പൗരന്മാർക്കായി മാത്രം കൊണ്ടുവന്ന പ്രത്യേക ഫീസുകളും സേവനനിഷേധ നടപടികളും പിൻവലിക്കുകയോ പുനഃപരിശോധിക്കുകയോ ചെയ്യണമെന്നാണ് കത്തിലെ പ്രധാന ആവശ്യം. പൗരത്വവ്യത്യാസമില്ലാതെ എല്ലാ താമസക്കാർക്കും പൊതുസേവനങ്ങളും ആനുകൂല്യങ്ങളും തുല്യമായി ലഭ്യമാക്കണമെന്നും സംഘടനകൾ ആവശ്യപ്പെട്ടു.
നടപടികളെ ന്യായീകരിക്കാൻ സർക്കാർ ഉപയോഗിച്ച പഠനങ്ങളും ആഘാത വിലയിരുത്തൽ റിപ്പോർട്ടുകളും പരസ്യപ്പെടുത്തണം. മാറ്റങ്ങൾ പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് മൂന്നാം രാജ്യ പൗരന്മാരുടെ പ്രതിനിധികൾ, തൊഴിലാളി യൂണിയനുകൾ, തൊഴിലുടമകൾ, സന്നദ്ധ സംഘടനകൾ എന്നിവരെ ഉൾപ്പെടുത്തി ഔദ്യോഗിക കൂടിയാലോചനകൾ നടത്തണമെന്നും കത്തിൽ ആവശ്യപ്പെട്ടു.
ചൂഷണപരമായ തൊഴിൽ കരാറുകൾ, ഉയർന്ന വാടക തുടങ്ങിയ അനിശ്ചിതത്വം നിറഞ്ഞ തൊഴിൽ സാഹചര്യങ്ങളുടെ അടിസ്ഥാന കാരണങ്ങൾ പരിഹരിക്കുന്നതിനായി നിയമനടപടികളും തൊഴിലാളി സംരക്ഷണവും ശക്തിപ്പെടുത്തണമെന്നും സംഘടനകൾ സർക്കാരിനോട് ആവശ്യപ്പെട്ടു.
തങ്ങളുടെ ആശങ്കകൾ പ്രധാനമന്ത്രി റോബർട്ട് അബേലയുമായും ധനമന്ത്രി ക്ലൈഡ് കരുവാനയുമായും നേരിട്ട് ചർച്ച ചെയ്യാൻ സംഘടനകൾ തയ്യാറാണെന്ന് ഗ്രഹാം അറിയിച്ചു. “ഞങ്ങൾ പ്രത്യേക പരിഗണനയല്ല ആവശ്യപ്പെടുന്നത്. നീതിയോടെയും ബഹുമാനത്തോടെയും ഞങ്ങളോട് പെരുമാറണമെന്നാണ് ആവശ്യപ്പെടുന്നത്,” അവർ പറഞ്ഞു.
പ്രതിഷേധ പരിപാടിയായ ഗ്രീൻ റിബൺ പ്രോജക്ടിന്റെ ഭാഗമായി ശനിയാഴ്ച വൈകുന്നേരം നാലിന് ട്രൈറ്റൺ ഫൗണ്ടനിൽ ‘യുണൈറ്റഡ് എഗെയ്ൻസ്റ്റ് ഡിസ്ക്രിമിനേഷൻ’ എന്ന പേരിൽ സമാധാനപരമായ സംഗമവും സംഗീതപരിപാടിയും സംഘടിപ്പിച്ചു.



