അന്തർദേശീയം

ദേശീയ പതാകയുടെ അളവുകളിൽ മാറ്റം വരുത്തി ഉത്തരകൊറിയ

പ്യോങ്യാങ് : 1948-ൽ ഉത്തരകൊറിയ രൂപവത്കൃതമായശേഷം ആദ്യമായി ദേശീയ പതാകയുടെ അളവുകളിൽ മാറ്റം വരുത്തി ഭരണകൂടം. രാജ്യത്തിന്റെ സ്ഥാപകനായ കിം ഇൽ സുങുമായി ഏറെ ബന്ധമുള്ള പതാകയുടെ രൂപകല്പനയിലാണ് നിലവിലെ ഭരണാധികാരി കിം ജോങ് ഉന്നിന്റെ നേതൃത്വത്തിൽ മാറ്റം വരുത്തിയത്. രാജ്യത്തിന്റെ ദേശീയ സ്വത്വം പുനർനിർവചിക്കാനും അധികാരം കൂടുതൽ ശക്തിപ്പെടുത്താനുമുള്ള കിം ജോങ് ഉന്നിന്റെ നീക്കങ്ങളുടെ ഭാഗമായാണ് പുതിയ പരിഷ്‌കാരം വിലയിരുത്തപ്പെടുന്നത്.

ഉത്തരകൊറിയൻ സർക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ നൈനാരയിൽ (Naenara) അടുത്തിടെ പുതിയ രൂപത്തിലുള്ള ദേശീയ പതാക പ്രത്യക്ഷപ്പെട്ടു. നേരത്തെ 1:2 എന്ന അനുപാതത്തിലായിരുന്നു പതാകയുടെ നീളവും വീതിയും. ഇതാണ് ഇപ്പോൾ 1:1.65 എന്ന അനുപാതത്തിലേക്ക് മാറ്റിയിരിക്കുന്നത്. പതാകയിലെ ചുവപ്പ്, നീല നിറത്തിലുള്ള ഭാഗങ്ങളെ വേർതിരിക്കുന്ന രണ്ട് നേർത്ത വെള്ള വരകളുടെ വീതിയും വർധിപ്പിച്ചിട്ടുണ്ട്. മുകളിലും താഴെയുമുള്ള നീല വരകളുടെ വീതിയുടെ ഏകദേശം മൂന്നിലൊന്നായാണ് വെള്ള വരകളുടെ പുതിയ അളവ്.

2026 മാർച്ച് 23-ന് ഉത്തരകൊറിയയുടെ സോഷ്യലിസ്റ്റ് ഭരണഘടനയിൽ വരുത്തിയ ഭേദഗതിയുടെ ഭാഗമായാണ് പതാകയുടെ അളവുകളിൽ മാറ്റം വരുത്താൻ ഔദ്യോഗികമായി തീരുമാനിച്ചത്. പുതുക്കിയ ഭരണഘടനയിലെ ഏഴാം അധ്യായത്തിലെ 166-ാം അനുച്ഛേദത്തിലാണ് ഇതുൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ പുതുക്കിയ ഭരണഘടനയുടെ പൂർണരൂപം നൈനാര ചൊവ്വാഴ്ച പ്രസിദ്ധീകരിച്ചതോടെയാണ് മാറ്റം സംബന്ധിച്ച വിവരം ഉത്തരകൊറിയൻ വൃത്തങ്ങൾ സ്ഥിരീകരിച്ചത്.

പുതിയ അനുപാതം നിലവിൽ വന്നതോടെ ലോകത്ത് 1:1.65 എന്ന അനുപാതത്തിലുള്ള ദേശീയ പതാക ഉപയോഗിക്കുന്ന ഏക രാജ്യമായി ഉത്തരകൊറിയ മാറി. നേരത്തെയുണ്ടായിരുന്ന 1:2 എന്ന അനുപാതം ലോകത്ത് ഏറ്റവും കൂടുതൽ രാജ്യങ്ങൾ ഉപയോഗിക്കുന്ന രണ്ടാമത്തെ പതാകാ അനുപാതമാണ്. അമ്പതിലധികം രാജ്യങ്ങളാണ് ഈ മാതൃക പിന്തുടരുന്നത്. പുതിയ രൂപത്തിലുള്ള പതാക ഇതിനകം തന്നെ വിവിധ പൊതുപരിപാടികളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button