ട്രാവലര്‍ ട്രക്കിലേക്ക് ഇടിച്ചുകയറി അസമില്‍ 23 പേര് മരിച്ചു; ഏഴ് പേര്‍ക്ക് ഗുരുതര പരിക്ക്

ഗുവാഹത്തി : അസമിലെ കാസിരംഗയില്‍ ട്രക്കും ട്രാവലറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ 23 പേര് മരിച്ചു. ഏഴ് പേര്‍ക്ക് പരിക്കേറ്റു. പലരുടെയും പരിക്ക് ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ബൊക്കാഖട്ടില് നിന്ന് നാഗോണിലേക്ക് പോവുകയായിരുന്ന ട്രാവലര്‍ ട്രക്കിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. കൂട്ടിയിടിയുടെ ആഘാതത്തില്‍ ട്രാവലര്‍ പൂര്‍ണ്ണമായും തകരുകയും നിരവധി യാത്രക്കാര്‍ വാഹനത്തിനുള്ളില്‍ കുടുങ്ങുകയും ചെയ്തു. പൊലീസും നാട്ടുകാരും സ്ഥലത്തെത്തി തകര്‍ന്ന വാഹനം വെട്ടിപ്പൊളിച്ചാണ് കുടുങ്ങിയവരെ പുറത്തെത്തിച്ചത്.
പരിക്കേറ്റവരെ ചികിത്സയ്ക്കായി കൊഹോറ മോഡല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ട്രാവലറിന്റെ അമിത വേഗമാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക വിവരം. ട്രാവലറില്‍ ഉണ്ടായിരുന്നവരില്‍ ഭൂരിഭാഗവും വിദ്യാര്‍ഥികളാണ്. അപകടത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. അപകടത്തില്‍ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ അതീവദുഃഖം രേഖപ്പെടുത്തി.



