അന്തർദേശീയം
യമനിൽ രണ്ടാഴ്‌ചയായി കുടുങ്ങിയ 19 ഇന്ത്യൻ നാവികരെ സുരക്ഷിതമായി ഒഴിപ്പിച്ചു : ഇന്ത്യൻ എംബസി

സന : യമനിലെ ഹുദൈദ, സന എന്നിവിടങ്ങളിൽ കഴിഞ്ഞ രണ്ടാഴ്‌ചയായി കുടുങ്ങിക്കിടന്ന 19 ഇന്ത്യൻ നാവികരെ സുരക്ഷിതമായി ഒഴിപ്പിച്ചെന്ന് യമനിലെ ഇന്ത്യൻ എംബസി അറിയിച്ചു. ഇവർ പൂർണ ആരോഗ്യവാന്മാരാണെന്നും ഇന്ത്യയിലേക്കുള്ള മടക്കയാത്രയിലാണെന്നും എംബസി പുറത്തിറക്കിയ പത്രകുറിപ്പിൽ പറഞ്ഞു.
കഴിഞ്ഞ ദിവസം, യമൻ തീരത്തിന് സമീപം ചെങ്കടലിലെ യുഖാർ ദ്വീപിനടുത്ത് ഇന്ത്യൻ പായ്‌ക്കപ്പലിന് നേരെ സൗദി സേന ആക്രമണം നടത്തിയതായി അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പായ്‌ക്കപ്പലിലെ 14 ഇന്ത്യക്കാരെ ഹൂതി സേന രക്ഷിച്ചുവെന്നായിരുന്നു റിപ്പോർട്ട്. ഇപ്പോൾ ഒഴിപ്പിച്ച 19 നാവികരിൽ ഇവർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന കാര്യം വ്യക്തമല്ല.
പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് സൗദി അറേബ്യയും യമനിലെ ഹൂതികളും തമ്മിൽ ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും രൂക്ഷമായതോടെ കപ്പൽയാത്രകളും ദുഷ്‌കരമായിരിക്കുകയാണ്.



