ഈജിപ്തിൽ ട്രെയിനുകൾ കൂട്ടിയിടിച്ചു; നാല് മരണം, 88 പേർക്ക് പരിക്ക്

കെയ്റോ : ഈജിപ്തിലെ ഗിസ പ്രവിശ്യയിൽ രണ്ട് യാത്രാ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് പേർ മരിച്ചു. 88 പേർക്ക് പരിക്കേറ്റു. കെയ്റോയ്ക്ക് സമീപം ഗിസ പ്രവിശ്യയിലെ അൽ അയ്യാത്ത് മേഖലയിലാണ് അപകടമുണ്ടായത്. ഗിസയിൽ നിന്ന് ഫയൂമിലേക്ക് പോകുകയായിരുന്ന ട്രെയിൻ കെയ്റോയിൽ നിന്ന് അസ്വാനിലേക്ക് പോകുകയായിരുന്ന മറ്റൊരു ട്രെയിനിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു.
കൂട്ടിയിടിയുടെ ആഘാതത്തിൽ നിരവധി ബോഗികൾ പാളം തെറ്റി. അപകടത്തിൽപ്പെട്ടവരെ രക്ഷപ്പെടുത്തുന്നതിനും തകർന്ന ബോഗികളുടെ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനുമുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അപകടത്തിലേക്ക് നയിച്ച സാഹചര്യം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ അടിയന്തര അന്വേഷണം നടത്താൻ ഈജിപ്ത് പ്രസിഡന്റ് ഉത്തരവിട്ടു.
കെയ്റോ–അപ്പർ ഈജിപ്ത് റെയിൽവേ പാതയിലെ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് റെയിൽവേ അതോറിറ്റി അറിയിച്ചു. കേടുപാടുകൾ സംഭവിച്ച ബോഗികൾ നീക്കം ചെയ്ത് ട്രെയിൻ സർവീസുകൾ സാധാരണ നിലയിലാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.



