യുഎസ് ഇടക്കാല തെരഞ്ഞെടുപ്പ് പരാജയം : ജെ ഡി വാന്‍സിന്റെ പ്രസ്താവനയെ പൂര്‍ണമായും തള്ളി യുഎന്നിലെ ഇസ്രയേല്‍ അംബാസഡര്‍

ന്യൂയോര്‍ക്ക് : ഇറാനെതിരായ യുദ്ധമാണ് യുഎസ് ഇടക്കാല തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായതെന്ന യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സിന്റെ പ്രസ്താവനയെ പൂര്‍ണമായും തള്ളി ഐക്യരാഷ്ട്രസഭയിലെ ഇസ്രയേല്‍ അംബാസഡര്‍ ഡാനി ഡാനണ്‍. എല്ലാ പ്രശ്നങ്ങള്‍ക്കും ഇസ്രയേലിനെ കുറ്റപ്പെടുത്താന്‍ എളുപ്പമാണെന്നും എന്നാല്‍ സത്യം അതല്ലെന്നും ഇസ്രയേല്‍ മാധ്യമമായ ഐ24 ന്യൂസിനോട് ഡാനന്‍ പറഞ്ഞു.
‘എല്ലാ കാര്യങ്ങള്‍ക്കും എല്ലായ്പ്പോഴും ഇസ്രയേലിനെ കുറ്റം പറയാന്‍ എളുപ്പമാണ്, എന്നാല്‍ സംഗതി അതല്ല. എണ്ണ വിലയിലെ വര്‍ധനവിനെ ഇസ്രയേലിലെ സാഹചര്യങ്ങളുമായാണ് എല്ലാവരും ബന്ധപ്പെടുത്തുന്നത്, ഇത് തീര്‍ത്തും നിര്‍ഭാഗ്യകരമാണ്.
ഇറാനെ ആക്രമിക്കാനുള്ള തീരുമാനം പൂര്‍ണമായും അമേരിക്കയുടേതായിരുന്നു ഞങ്ങളുടേതല്ല. അമേരിക്കയുടെ നീക്കത്തെ പിന്തുണയ്ക്കുകയാണ് ഞങ്ങള്‍ ചെയ്തത്. അതൊരു ശരിയായ തീരുമാനമാണെന്നാണ് ഞങ്ങള്‍ കരുതുന്നത്’ ഡാനന്‍ പറഞ്ഞു.
യു.എസ് കോണ്‍ഗ്രസിലെ ഇരു സഭകളിലും ഡെമോക്രാറ്റുകള്‍ ആധിപത്യം നേടിയതിന് പിന്നാലെ എക്‌സില്‍ പങ്കുവെച്ച കുറിപ്പിലാണ് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ‘യഥാര്‍ഥ കാരണ’ത്തെ കുറിച്ച് സംസാരിച്ചത്.
2024ല്‍ ട്രംപിനെ പിന്തുണച്ച വോട്ടര്‍മാര്‍ ഇത്തവണ ഡെമോക്രാറ്റുകള്‍ക്ക് വോട്ട് ചെയ്യാനുള്ള പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിച്ചത് ഇറാന്‍ യുദ്ധം അവസാനിപ്പിക്കുക, ഇസ്രയേലുമായുള്ള ബന്ധത്തില്‍ മാറ്റം വരുത്തുക, ജീവിതച്ചെലവ് കുറയ്ക്കുക എന്നിവയാണെന്ന് വാന്‍സ് പറഞ്ഞിരുന്നു. വാന്‍സിന്റെ ഈ പ്രസ്താവനയാണ് ഐക്യരാഷ്ട്രസഭയിലെ ഇസ്രയേല്‍ അംബാസിഡര്‍ ഇപ്പോള്‍ തള്ളിയിരിക്കുന്നത്.
യുഎസ് കോണ്‍ഗ്രസില്‍ ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷം ലഭിച്ചത് അമേരിക്കയില്‍ ഇസ്രയേലിന് ചില നയതന്ത്ര വെല്ലുവിളികള്‍ ഉണ്ടാക്കുമെന്ന് ഡാനോണ്‍ സമ്മതിച്ചു. എന്നാലും യുഎന്‍ രക്ഷാസമിതിയില്‍ തങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ അമേരിക്ക വീറ്റോ അധികാരം തുടര്‍ന്നും ഉപയോഗിക്കുമെന്നാണ് താന്‍ കരുതുന്നതെന്ന ആത്മവിശ്വാസവും അദ്ദേഹം പങ്കുവെച്ചു.



