അന്തർദേശീയം

റഷ്യ-ഇറാൻ കൂടിക്കാഴ്ചയിൽ നിർണായക തീരുമാനങ്ങൾ; റഷ്യയിൽ നിന്ന് ഇറാനിലേക്ക് പുതിയ പൈപ്പ്‌ലൈൻ നിർമിക്കാൻ ധാരണ

മോസ്കോ : അമേരിക്കയിൽ ഡോണൾഡ് ട്രംപിന്റെ തിരിച്ചടിക്ക് പിന്നാലെ അന്താരാഷ്ട്ര തലത്തിൽ നിർണായക നീക്കങ്ങൾ. റഷ്യ-ഇറാൻ ഉന്നതതല കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങൾക്കുമിടയിൽ നിർണായക തീരുമാനങ്ങളാണ് ഉണ്ടായിരിക്കുന്നത്. യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇറാൻ നേരിടുന്ന ഗ്യാസ് ക്ഷാമം പരിഹരിക്കാൻ റഷ്യയിൽ നിന്ന് ഇറാനിലേക്ക് പുതിയ പൈപ്പ്‌ലൈൻ നിർമിക്കാൻ ധാരണയായി. ഇതുവഴി ഇറാനിലേക്കും മറ്റ് അയൽരാജ്യങ്ങളിലേക്കും ഗ്യാസ് വ്യാപാരം നടത്താൻ റഷ്യയ്ക്ക് സാധിക്കും. അമേരിക്കയുടെയും മറ്റ് പാശ്ചാത്യ രാജ്യങ്ങളുടെയും സാമ്പത്തിക ഉപരോധം നേരിടുന്ന റഷ്യയ്ക്കും ഈ നീക്കം വലിയ നേട്ടമാകും.

വ്യാഴാഴ്ച ക്രെംലിനിൽ വെച്ചായിരുന്നു റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനും ഇറാൻ ദേശീയ സുരക്ഷാ മേധാവി മൊഹ്‌സെൻ റെസായിയും തമ്മിലുള്ള കൂടിക്കാഴ്ച നടന്നതെന്ന് പുടിന്റെ ഓഫീസ് അറിയിച്ചു. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള മൊജ്തബ ഖമനയിയുടെ പ്രത്യേക സന്ദേശം റെസായി പുടിന് കൈമാറിയതായി ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കൂടിക്കാഴ്ചയിൽ ഇറാന് പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്ത പുടിൻ, യുദ്ധം അവസാനിപ്പിക്കാൻ സാധ്യമായതെല്ലാം ചെയ്യാമെന്നും ഉറപ്പുനൽകിയിട്ടുണ്ട്.

ഇതിനിടെ നൂതന ഗൈഡഡ് മിസൈലുകൾ വിക്ഷേപിക്കാൻ ശേഷിയുള്ള 90 ലോഞ്ചറുകൾ റഷ്യ ഇറാന് കൈമാറുമെന്ന് വ്യക്തമാക്കുന്ന രഹസ്യരേഖകൾ ചോർന്നതായി അന്താരാഷ്ട്ര മാധ്യമമായ ‘ഗാർഡിയൻ’ റിപ്പോർട്ട് ചെയ്തു. യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിനുശേഷം ഇറാനെതിരായ യുദ്ധത്തിൽ വാഷിംഗ്ടൺ നിർണായക നടപടികളിലേക്ക് കടക്കുന്ന സാഹചര്യത്തിലാണ് റഷ്യ-ഇറാൻ സൈനിക സഹകരണത്തിൻ്റെ വിവരങ്ങൾ പുറത്തുവരുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രം സാമ്പത്തിക സഹായങ്ങൾക്കപ്പുറം സൈനിക കരാറുകളിലേക്കും നീളുന്നതാണെന്ന് ഇത് വ്യക്തമാക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button