അന്തർദേശീയംസ്പോർട്സ്

അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് സി ആർ 7

ലിസ്ബന്‍ : പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ചു. ഏറെ വൈകാരികമായ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കിട്ടാണ് ക്രിസ്റ്റ്യാനോ വിരമിക്കല്‍ പ്രഖ്യാപിച്ചത്. 23 വര്‍ഷമായി പോര്‍ച്ചുഗല്‍ ദേശീയ ടീമിന്റെ നട്ടെല്ലായി നിന്ന താരമാണ് ക്രിസ്റ്റിയാനോ. രാജ്യത്തിനായി ഏറ്റവും കൂടുതല്‍ മത്സരങ്ങളും ഏറ്റവും കൂടുതല്‍ ഗോളുകളും നേടിയ താരം. 234 മത്സരങ്ങള്‍ പോര്‍ച്ചുഗലിനായി കളിച്ചു. 146 ഗോളുകളും അദ്ദേഹം നേടി. 5 തവണ ബാല്ലണ്‍ ഡി ഓര്‍ പുരസ്‌കാരം നേടിയ ക്രിസ്റ്റ്യാനോ ലോക ഫുട്‌ബോള്‍ ഏറ്റവും കൂടതല്‍ ബാല്ലണ്‍ ഡി ഓര്‍ നോമിനേഷന്‍ കിട്ടിയ താരം കൂടിയാണ്.

സമാനതകളില്ലാത്ത കരിയറിനാണ് 41ാം വയസില്‍ ഇതിഹാസ താരം വിരാമമിടുന്നത്. പോര്‍ച്ചുഗലിനായി 2003ല്‍ അരങ്ങേറി. പ്രശസ്തമായ ഏഴാം നമ്പര്‍ ജേഴ്‌സിയണിഞ്ഞ് നിരവധി റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയാണ് താരം ദേശീയ ടീമിന്റെ പടിയിറങ്ങുന്നത്.

2016ല്‍ ചരിത്രത്തിലാദ്യമായി പോര്‍ച്ചുഗല്‍ ഒരു അന്താരാഷ്ട്ര കിരീടം ഉയര്‍ത്തുമ്പോള്‍ അതിന്റെ അമരക്കാരന്‍ സിആര്‍ സെവന്‍ ആയിരുന്നു. 2016ലെ യൂറോ കപ്പാണ് പോര്‍ച്ചുഗല്‍ ജേഴ്‌സിയിലെ അദ്ദേഹത്തിന്റെ ആദ്യ അന്താരാഷ്ട്ര കിരീടം. പിന്നാലെ 2019, 2025 വര്‍ഷങ്ങളില്‍ നേഷന്‍സ് ലീഗ് കിരീടങ്ങളും അദ്ദേഹം പോര്‍ച്ചുഗല്‍ ടീമിനൊപ്പം നേടി. സമീപകാലത്ത് അത്ര സുഖകരമായ അനുഭവങ്ങളല്ല പോര്‍ച്ചുഗല്‍ ടീമുമായി ബന്ധപ്പെട്ട് ഉണ്ടായത്. ടീം ക്യാംപില്‍ നിന്നു അനുമതിയില്ലാതെ പോയതും പിന്നാലെ നേരിടേണ്ടി വന്ന സസ്‌പെന്‍ഷന്‍ നടപടികളും പരസ്യമായ മാപ്പ് പറച്ചിലുമൊക്കെയായി സംഭവ ബഹുലമായാണ് ആ കരിയര്‍ അവസാനിക്കുന്നത്.

പോര്‍ച്ചുഗല്‍ ടീമിനായുള്ള യാത്ര തന്റെ ജീവിതം എന്നെന്നേക്കുമായി മാറ്റിമറിച്ചെന്നു താരം വ്യക്തമാക്കി. ജീവിതത്തിലെ ഏറ്റവും പ്രയാസപ്പെട്ട ഒരു തീരുമാനമാണ് ഇപ്പോള്‍ താന്‍ പ്രഖ്യാപിച്ചതെന്നും അദ്ദേഹം വിരമിക്കല്‍ സന്ദേശത്തില്‍ വ്യക്തമാക്കി. തന്റെ രാജ്യത്തെ പ്രതിനിധീകരിക്കുക എന്നത് ഫുട്‌ബോളിനേക്കാള്‍ വലിയ കാര്യമായാണ് തനിക്ക് എക്കാലവും തോന്നിയിട്ടുള്ളതെന്നും റൊണാള്‍ഡോ കൂട്ടിച്ചേര്‍ത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button