അന്തർദേശീയം

ഇടക്കാല തെരഞ്ഞെടുപ്പ് വിജയം : 2028 തെരഞ്ഞെടുപ്പിലെ പ്രസിഡന്റ് സ്ഥാനാര്‍ഥിയെ കുറിച്ചുള്ള ചര്‍ച്ചകൾ സജീവമാക്കി ഡെമോക്രാറ്റുകൾ

വാഷിങ്ടൺ ഡിസി : ഇടക്കാല തെരഞ്ഞെടുപ്പിൽ ഡൊണൾഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള റിപ്പബ്ലിക്കൻ പാര്‍ടി കനത്ത തിരിച്ചടി നേരിട്ടതോടെ 2028 ൽ വരാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റ് സ്ഥാനാര്‍ഥിയെ കുറിച്ചുള്ള ചര്‍ച്ചകൾ സജീവമായി. ജോര്‍ജിയയിൽ നിന്നുള്ള യുവനേതാവും സെനറ്ററുമായ ജോൺ ഓസേഫിനെ മുൻ നിര്‍ത്തിയാണ് വാർത്തകൾ. ജോര്‍ജിയയിൽ നിന്നുള്ള സീറ്റ് മികച്ച ഫലത്തോടെ നിലനിര്‍ത്തിയ ഓസേഫ് ശൈലിയും രാഷ്ട്രീയ സമീപനങ്ങളും മുൻനിര്‍ത്തി “അടുത്ത ബരാക് ഒബാമ” എന്ന് വിശേഷിപ്പിക്കപ്പെടുന്ന തീപ്പൊരി നേതാവാണ്.

2024-ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡൊണൾഡ് ട്രംപ് വിജയിച്ച ജോര്‍ജിയ സംസ്ഥാനത്ത് നിന്നാണ് 39 കാരനായ ഒസോഫ് മിന്നുന്ന വിജയം നേടിയത്. സെനറ്റിൽ ഡെമോക്രാറ്റുകൾക്ക് മുൻതൂക്കം ലഭിക്കുന്നതിൽ ഈ വിജയം നിര്‍ണായകമായി. ട്രംപിനെയും അദ്ദേഹത്തിന്റെ നയങ്ങളെയും കടുത്ത ഭാഷയിൽ വിമ‍ർശിച്ചാണ് പ്രചാരണ രംഗം കൊഴുപ്പിച്ചത്. വിജയാഹ്ലാദ റാലിയിലും ട്രംപിനെ വെറുതെ വിട്ടില്ല. അഴിമതിക്കും ഭരണ പരാജയങ്ങൾക്കും എതിരായ ജനവിധി എന്ന് ട്രംപിനെതിരെ തുറന്നടിച്ചു.

2017-ലാണ് പൂർണ്ണസമയ രാഷ്ട്രീയത്തിലേക്ക് മാറിയത്. 2021-ൽ 33-ാം വയസ്സിൽ ആദ്യമായി ജോർജിയയിൽ നിന്ന് സെനറ്ററായി തെരഞ്ഞെടുക്കപ്പെട്ടു. സിവിൽ റൈറ്റ്സ് പ്രസ്ഥാന നേതാവും കോൺഗ്രസ് അംഗവുമായിരുന്ന ജോൺ ലൂയിസിന്റെ അനുയായി ആയാണ് പൊതു രംഗത്ത് എത്തുന്നത്. പതിനേഴാം വയസിൽ ജോൺ ലൂയിസിന് കത്തെഴുതി. ഒരു ഇൻ്റേൺഷിപ്പ് കരസ്ഥമാക്കി. ഇതോടെ രാഷ്ട്രീയ രംഗ പ്രവേശനം. ബരാക് ഒബാമയുടെയും വളര്‍ച്ചയിൽ നിര്‍ണായക സ്വാധീനം ചെലുത്തിയ വ്യക്തിയാണ് ജോൺ ലൂയിസ്.

മുഴുവൻ സമയ രാഷ്ട്രീയം തുടങ്ങിയിട്ട് പത്ത് വർഷമേ ആയുള്ളൂ. ജോർജ്‌ടൗൺ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദവും ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി. തുടർന്ന് കുറച്ചുകാലം മാധ്യമപ്രവർത്തന രംഗത്തും ഡോക്യുമെന്ററി നിർമ്മാണത്തിലും പ്രവർത്തിച്ചു. 2013 മുതൽ ‘ഇൻസൈറ്റ് ടി.ഡബ്ല്യു.ഐ’ എന്ന യുകെ അധിഷ്ഠിത ഇൻവെസ്റ്റിഗേറ്റീവ് ഫിലിം കമ്പനിയുടെ സി ഇ ഒ ആയി പ്രവർത്തിച്ചു. ഇതിന് ശേഷം 2017 ലാണ് പൂര്‍ണമായും രംഗത്ത് ഇറങ്ങുന്നത്.

വെറും 10 വർഷത്തിനുള്ളിൽ ഡോക്യുമെന്ററി നിർമ്മാതാവിൽ നിന്ന് യു എസിന്റെ അടുത്ത പ്രസിഡന്റ് സ്ഥാനത്തേക്ക് വരെ പേര് കേൾക്കുന്ന നേതാവായി ജോൺ ഒസോഫ് മാറിയത് അമേരിക്കൻ രാഷ്ട്രീയത്തിലെ അപൂർവ്വ കുതിപ്പായാണ് വിലയിരുത്തപ്പെടുന്നത്. ജോർജിയ പോലുള്ള നിർണായകമായ ഒരു സംസ്ഥാനത്ത് നിന്ന് വീണ്ടും ജയിച്ചുവന്നതും ഒബാമയോടുള്ള ശൈലി സാമ്യതയും കൊണ്ടാണ് ജോൺ ഒസോഫിലേക്ക് കൂടുതൽ ശ്രദ്ധ ലഭിക്കുന്നത്.

1987 ഫെബ്രുവരി 16-ന് അറ്റ്‌ലാന്റയിലെ ഒരു ജൂത കുടുംബത്തിലാണ് ഒസോഫിന്റെ ജനനം. റഷ്യൻ, ലിത്വാനിയൻ പാരമ്പര്യമുള്ളതാണ് അദ്ദേഹത്തിന്റെ കുടുംബം.

മുൻനിരയിലെ പ്രധാന നേതാക്കൾ

കമല ഹാരിസ്ആണ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഏറ്റവും മുൻതൂക്കമുള്ള നേതാവ്.മുൻ വൈസ് പ്രസിഡന്റ് എന്ന നിലയിൽ പാർട്ടി അനുഭാവികൾക്കിടയിൽ ഏറ്റവും ഉയർന്ന പ്രശസ്തിയും പിന്തുണയുമുള്ള പ്രമുഖ നേതാവാണ്കാലിഫോർണിയ ഗവർണറായഗേവിൻ ന്യൂസം,മുൻ യു എസ് ഗതാഗത സെക്രട്ടറിപീറ്റ് ബുട്ടിജ്ജ്,പുരോഗമന നേതാവായി അറിയപ്പെടുന്ന അലക്സാണ്ട്രിയ ഒകാസിയോ-കോർട്ടെസ്,പെൻസിൽവാനിയ ഗവർണറായജോഷ് ഷാപ്പിറോ,മുൻ ബഹിരാകാശ സഞ്ചാരിയും അരിസോണയിൽ നിന്നുള്ള പ്രമുഖ സെനറ്ററുമായമാർക്ക് കെല്ലി,റിപ്പബ്ലിക്കൻ സ്വാധീനമുള്ള കെന്റക്കിയിൽ നിന്ന് തുടർച്ചയായി വിജയിച്ച ഗവർണർആൻഡി ബെഷിയർഎന്നിവരെല്ലാം ഈ നിരയിൽ പരിഗണിക്കപ്പെടുന്ന പ്രമുഖ നേതാക്കളാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button