സനാ പിടിക്കാൻ ശ്രമിച്ചാൽ അരാംകോയുടെ പ്ലാന്റുകളും ഓഫിസുകളും തകർക്കും : ഹൂതികൾ

സനാ : ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ അരാംകോയുടെ പ്ലാന്റുകളും ഓഫിസുകളും തകർക്കുമെന്ന് യെമനിലെ ഹൂതികൾ ഭീഷണി ഉയർത്തിയതിനു പിന്നാലെ, യെമനിൽ ശക്തമായ തിരിച്ചടി നൽകി സൗദിസേന. ഹൂതികളുടെ നിയന്ത്രണത്തിലുള്ള യെമൻ തലസ്ഥാനമായ സനായിലെ എണ്ണക്കമ്പനിയിൽ സൗദി സേന ബോംബിട്ടു.
റിയാദിനുനേരെ ഹൂതികൾ തൊടുത്ത 3 ഡ്രോണുകൾ സൗദി തകർത്തു. ചെങ്കടൽ തീരത്ത് ഹൊദൈദയിലെ എണ്ണക്കമ്പനിയിലും സൗദി ബോംബാക്രമണം നടത്തി. 2 പേർ കൊല്ലപ്പെട്ടതായി ഹൂതികൾ അറിയിച്ചു. ചെങ്കടൽ മേഖലയിൽ ഒരു കടന്നുകയറ്റവും അനുവദിക്കില്ലെന്ന് സൗദി മന്ത്രിസഭാ യോഗത്തിൽ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു. അതേസമയം, സനാ പിടിക്കാൻ സൗദി സഖ്യസേന ശ്രമിച്ചാൽ റിയാദിൽ മറുപടി നൽകുമെന്നും ഹൂതികൾ പറഞ്ഞു.
സൗദിയിലേക്കുള്ള ഇന്ത്യൻ വിമാനങ്ങൾ 17 വരെ റദ്ദാക്കി. റിയാദ്, ദമാം, ജിദ്ദ, മദീന സർവീസുകളാണ് റദ്ദാക്കിയത്. ഉംറ തീർഥാടകർ യാത്ര പുറപ്പെടും മുൻപു വിമാനക്കമ്പനികളുമായി ബന്ധപ്പെടണമെന്നു ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് നിർദേശിച്ചു. പ്രവാസികളെ സഹായിക്കാൻ ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റിൽ 24 മണിക്കൂർ സഹായകേന്ദ്രം തുറന്നു.
ശനിയാഴ്ച റിയാദ് വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ മലയാളി അടക്കം 4 ഇന്ത്യക്കാർ തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയാണെന്ന് എംബസി അറിയിച്ചു. പാലക്കാട് ആലത്തൂർ കാവശ്ശേരി പത്തനാപുരം പൊരിയംകുളം അഹമ്മദ്കുട്ടിയുടെയും ബദറുന്നീസയുടെയും മകൻ മുഹമ്മദ് റബാനിക്കാണ് (29) പൊള്ളലേറ്റത്. റിയാദിലെ ആശുപത്രിയിലുള്ള റബാനിക്ക് 3 ശസ്ത്രക്രിയ കഴിഞ്ഞെന്നു ബന്ധുക്കൾ പറഞ്ഞു. വിമാനത്താവളത്തിൽ മെക്കാനിക്കൽ വിഭാഗത്തിൽ ജീവനക്കാരനാണ്. ഹൂതി ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ പൗരൻ മുഹമ്മദ് യൂസഫ് അലിയുടെ കബറടക്കം റിയാദിൽ നടന്നു.
ഇന്ത്യക്കാർക്ക് റിയാദിലും ജിദ്ദയിലും സഹായകേന്ദ്രം :-
ഇന്ത്യക്കാരുടെ ആവശ്യങ്ങൾക്കായി റിയാദിലും ജിദ്ദയിലും 24 മണിക്കൂർ സഹായകേന്ദ്രം തുറന്നു. റിയാദിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടാനുള്ള നമ്പർ: +966-554412016 / +966-542126784.
∙ ടോൾഫ്രീ നമ്പർ 8002471234 (സൗദിയിൽനിന്നു മാത്രം), വാട്സാപ്: +966-536216082
∙ ഇമെയിൽ [email protected].
∙ ജിദ്ദയിലെ കോൺസുലേറ്റ് ജനറൽ ഓഫിസ്: +966-12-2614093 / +966-556122301, വാട്സാപ്: +966-536209704
∙ ഇമെയിൽ: [email protected]



