അന്തർദേശീയം

ഹൂതി കേന്ദ്രങ്ങളിൽ ശക്തമായ ആക്രമണങ്ങൾ നടത്തി യെമൻ സായുധസേന

സന : കഴിഞ്ഞ 24 മണിക്കൂറിനിടെ ഹൂതികളുടെ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് വ്യോമാക്രമണങ്ങൾ ഉൾപ്പെടെ 474 കൃത്യമായ ആക്രമണങ്ങൾ നടത്തിയതായി യെമൻ സൈന്യത്തിൻ്റെ അവകാശവാദം. ആക്രമണത്തിൽ 1,540 ഹൂതികൾ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തെന്നാണ് യമൻ സൈന്യം അവകാശപ്പെടുന്നത്. ഹൂതികളുടെ കേന്ദ്രങ്ങൾ, നീക്കങ്ങൾ, സൈനിക സഹായമെത്തിക്കുന്ന സംഘങ്ങൾ, സൈനിക ശേഷികൾ എന്നിവ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്നാണ് യെമൻ സായുധ സേന വ്യക്തമാക്കുന്നത്.

യുദ്ധവിമാനങ്ങൾ, ഡ്രോണുകൾ, പീരങ്കികൾ, മിസൈലുകൾ, റോക്കറ്റ് ലോഞ്ചറുകൾ എന്നിവ ഉപയോഗിച്ചായിരുന്നു ആക്രമണങ്ങളെന്നാണ് സൈനിക വക്താവ് കേണൽ മജീദ് അൽ-നുസൈലിയെ ഉദ്ധരിച്ച് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നത്. തായിസ് മേഖലയിൽ ആക്രമണം ശക്തമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ആക്രമണങ്ങളിൽ 1,540 ഹൂതി പോരാളികൾ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തതായി അദ്ദേഹം പറഞ്ഞു. ഇവരിൽ ഭൂരിഭാഗവും തായിസ് മേഖലയിലെ വിവിധ മുന്നണികളിൽ ഉണ്ടായിരുന്നവരാണെന്നും യെമൻ സർക്കാരിൻ്റെ സൈനിക വക്താവ് വ്യക്തമാക്കി. 216 സൈനിക വാഹനങ്ങളും മറ്റ് സൈനിക സംവിധാനങ്ങളും നശിപ്പിക്കുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്തതായും അദ്ദേഹം കൂട്ടിച്ചേർത്തു. തെക്കൻ ഹറദ് മേഖലയിലും തീരപ്രദേശത്തും തുടങ്ങി കിതാഫ്, അൽ-ജൗഫ്, മാരിബ്, അൽ-ബൈദ, ലഹജ്, സനാ, സഅദ എന്നിവിടങ്ങളിലേക്കും ആക്രമണം വ്യാപിച്ചതായി സൈനിക വക്താവ് അറിയിച്ചു.

അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ സനാ, സഅദ, തായിസ്, ഹജ്ജ, അമ്രാൻ, ഇബ് എന്നിവിടങ്ങളിലെ തങ്ങൾ സിവിലിയൻ കേന്ദ്രങ്ങളിൽ സൗദി സേന 94 വ്യോമാക്രമണങ്ങളും മിസൈൽ ആക്രമണങ്ങളും നടത്തിയതായാണ് ഹൂതികൾ ആരോപിക്കുന്നത്. എഫ്-15, ടൈഫൂൺ യുദ്ധവിമാനങ്ങൾ ആക്രമണത്തിൽ പങ്കെടുത്തതായും ഹൂതികൾ ആരോപിച്ചു. സംഘർഷം രൂക്ഷമായതിനു ശേഷം സൗദി നടത്തിയ ആക്രമണങ്ങളുടെ എണ്ണം 1,350 ആയി ഉയർന്നതായും അവർ പറഞ്ഞു. എന്നാൽ, യമൻ സൈന്യം പുറത്തുവിട്ട ഹൂതി മരണസംഖ്യയെക്കുറിച്ച് ഹൂതികൾ പ്രതികരിച്ചിട്ടില്ല.

യമനിലെ തായിസിൽ ഹൂതികൾ നടത്തിയ ആക്രമണത്തിൽ ആറ് പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. രണ്ട് കുട്ടികളും ഒരു സ്ത്രീയും പരിക്കേറ്റവരിൽ ഉൾപ്പെടുന്നു. യമനിലെ മധ്യ തായിസ് മേഖലയിലെ ജനവാസകേന്ദ്രങ്ങളിൽ നടന്ന പീരങ്കി ആക്രമണത്തിൽ രണ്ട് കുട്ടികളും ഒരു സ്ത്രീയും ഉൾപ്പെടെ ആറ് സാധാരണക്കാർക്ക് പരിക്കേറ്റതായാണ് യെമന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ സബ റിപ്പോർട്ട് ചെയ്യുന്നത്. ഇറാൻ പിന്തുണയ്ക്കുന്ന ഹൂതികളാണ് ആക്രമണം നടത്തിയതെന്നാണ് പ്രാദേശിക സ്രോതസ്സുകളെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്. ഓൾഡ് എയർപോർട്ട്, വാദി അൽ-ഖാദി മേഖലകളിലാണ് പീരങ്കിയാക്രമണം നടന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button