അന്തർദേശീയം

ആഗോള എണ്ണ വിപണി കടുത്ത വിതരണ സമ്മർദത്തിലക്ക്; റഷ്യ ഡീസൽ കയറ്റുമതി നിയന്ത്രണം ഒക്ടോബർ അവസാനം വരെ നീട്ടി

മോസ്കോ : ഡീസൽ കയറ്റുമതി നിയന്ത്രണം ഒക്ടോബർ അവസാനം വരെ നീട്ടി റഷ്യ. ആഭ്യന്തര ഇന്ധനവിപണിയിൽ സ്ഥിരത ഉറപ്പാക്കുന്നതിനും വിളവെടുപ്പ് കാലത്തെ വർധിച്ച ഇന്ധന ആവശ്യം മുൻനിർത്തിയുമാണ് നിയന്ത്രണം നീട്ടുന്നതെന്ന് റഷ്യ വ്യക്തമാക്കി. നേരത്തെ സെപ്റ്റംബർ 30 വരെയായിരുന്നു വിലക്ക്. അതേസമയം, കരാറുകളുടെ അടിസ്ഥാനത്തിൽ ചില രാജ്യങ്ങളിലേക്കുള്ള വിതരണത്തിന് ഇളവുകൾ തുടരും.

ലോകത്തെ പ്രധാന ഡീസൽ കയറ്റുമതി രാജ്യങ്ങളിലൊന്നായ റഷ്യയിൽ ഇന്ധനവിതരണത്തിൽ പ്രതിസന്ധി നേരിടുകയാണ്. റഷ്യൻ എണ്ണശുദ്ധീകരണശാലകൾക്ക് നേരെയുണ്ടായ ഉക്രെയ്ൻ ഡ്രോൺ ആക്രമണങ്ങൾ സംഭരണ ശേഷിയെ ബാധിച്ചതാണ് പ്രധാന കാരണങ്ങളിലൊന്ന്. ഇതിന് പുറമെ, ആഭ്യന്തരതലത്തിൽ ആവശ്യകത ഉയർന്നതും വിതരണത്തെ ബാധിച്ചിട്ടുണ്ട്.

റഷ്യയിലെ മൂന്ന് പ്രധാന ഡീസൽ ഉൽപ്പാദന ശുദ്ധീകരണശാലകൾ സെപ്റ്റംബറിൽ ഉൽപ്പാദനം ഗണ്യമായി കുറച്ചതായി നേരത്തെ റിപ്പോർട്ട് വന്നിരുന്നു. ഇതിന് പിന്നാലെയാണ് കയറ്റുമതി നിയന്ത്രണം തുടരാനുള്ള തീരുമാനവും വന്നിരിക്കുന്നത്. റഷ്യ ഡീസൽ കയറ്റുമതിയിൽ നിയന്ത്രണം കൊണ്ടുവന്നതോടെ ആഗോള എണ്ണ വിപണി കടുത്ത വിതരണ സമ്മർദത്തിലാണ്.

അമേരിക്ക കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും വലിയ ഡീസൽ കയറ്റുമതിക്കാരിലൊന്നാണ് റഷ്യ. റഷ്യയിൽ നിന്നുള്ള വിതരണത്തിൽ കുറവുണ്ടാകുന്നത് മറ്റ് രാജ്യങ്ങളിൽനിന്നുള്ള ഡീസൽ ഇറക്കുമതി ആവശ്യം വർധിപ്പിച്ചേക്കാം. പശ്ചിമേഷ്യയിലെ സംഘർഷവും ഹോർമുസ് കടലിടുക്കിലൂടെയുള്ള ഇന്ധന വിതരണ തടസങ്ങളും ഇതിനകം ആഗോള ഇന്ധനവിപണിയെ ബാധിച്ചിട്ടുണ്ട്. റഷ്യയിൽ നിന്നുള്ള ഡീസൽ കയറ്റുമതിയിൽ നിയന്ത്രണം തുടരുന്നതോടെ വിപണിയിൽ വിതരണ തടസം ശക്തമായേക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button