മാൾട്ടാ വാർത്തകൾ

വിദേശ നഴ്സുമാർക്ക് നേരെ വംശീയ അധിക്ഷേപവും ആക്രമണവും രൂക്ഷമാകുന്നു : എം.യു.എം.എൻ.

വിദേശ നഴ്സുമാർക്ക് നേരെ കടുത്ത വംശീയ അധിക്ഷേപങ്ങളും ശാരീരിക ആക്രമണങ്ങളും വർധിച്ചുവരുന്നതായി മാൾട്ട യൂണിയൻ ഓഫ് മിഡ്‌വൈവ്‌സ് ആൻഡ് നഴ്സസ് (MUMN) വെളിപ്പെടുത്തി. സെന്റ് വിൻസെന്റ് ഡി പോൾ (SVP), കാരൻ ഗ്രെച്ച് (KGH) എന്നീ ആശുപത്രികളിൽ ജോലി ചെയ്യുന്ന വിദേശി നഴ്സുമാരാണ് പ്രധാനമായും അതിക്രമങ്ങൾക്ക് ഇരയാകുന്നത്.

ഈ വർഷം മാത്രം ഭൗതിക ആക്രമണം, ഭീഷണി, അധിക്ഷേപം എന്നിവയുമായി ബന്ധപ്പെട്ട് ഇരുപതിലധികം ഗൗരവകരമായ പരാതികൾ യൂണിയന് ലഭിച്ചിട്ടുണ്ട്. എന്നാൽ പ്രതികാര നടപടികൾ, തൊഴിൽ-വിസ നഷ്ടപ്പെടുമെന്ന ഭയം എന്നിവ കാരണം ഭൂരിഭാഗം പേരും പരാതി നൽകാൻ മടിക്കുന്നതിനാൽ യഥാർത്ഥ സംഭവങ്ങൾ ഇതിലും വളരെ കൂടുതലാണെന്ന് യൂണിയൻ വ്യക്തമാക്കി. തങ്ങളുടെ വിസയും വർക്ക് പെർമിറ്റും റദ്ദാക്കി നാടുകടത്തുമെന്ന് രോഗികളും ബന്ധുക്കളും ഭീഷണിപ്പെടുത്തുന്നതായും പരാതിയുണ്ട്.

കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിൽ ഇത്തരം അതിക്രമങ്ങൾ പത്തിരട്ടിയായി വർധിച്ചതായി നഴ്സിംഗ് യൂണിയൻ ചൂണ്ടിക്കാട്ടുന്നു. രോഗികളിൽ നിന്നും ബന്ധുക്കളിൽ നിന്നും അസഭ്യവർഷം, മുടിക്ക് കുത്തിപ്പിടിക്കൽ, മർദ്ദനം, വസ്തുക്കൾ എറിഞ്ഞു പരിക്കേൽപ്പിക്കൽ തുടങ്ങിയ അതിക്രമങ്ങളാണ് ജീവനക്കാർ നേരിടുന്നത്. ഒരു രോഗി നഴ്സിനെ പരിക്കേൽപ്പിക്കുന്നതിനായി തുടർച്ചയായി വീൽചെയർ കൊണ്ട് ഇടിപ്പിച്ച സംഭവവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

കാരൻ ഗ്രെച്ച് (KGH) ആശുപത്രിയിലെ നഴ്സുമാരിൽ 85 ശതമാനവും യൂറോപ്യൻ യൂണിയന് പുറത്തുള്ള രാജ്യങ്ങളിൽ നിന്നുള്ളവരാണ് (TCN). ഇരു ആശുപത്രികളിലെയും പരിചരണ മേഖലയിലെ 98 ശതമാനം ജീവനക്കാരും വിദേശികളാണ്. ഇവർ ഇല്ലാതെ രാജ്യത്തെ വയോജന പരിചരണ രംഗത്തിന് മുന്നോട്ടുപോകാൻ കഴിയില്ലെന്നും, സ്വന്തം നാടുവിട്ടു വന്ന് സേവനം ചെയ്യുന്ന ഇവരെ അപമാനിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും എം.യു.എം.എൻ.(MUMN) വ്യക്തമാക്കി.

ആക്രമണം നടത്തുന്ന രോഗികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ കാണിക്കുന്ന ശ്രദ്ധ തങ്ങളുടെ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ ആശുപത്രി അധികൃതരിൽ നിന്ന് ഉണ്ടാകുന്നില്ലെന്ന് യൂണിയൻ കുറ്റപ്പെടുത്തി. അതിക്രമം നടത്തുന്ന രോഗികളെ മാറ്റാനോ ഡിസ്ചാർജ് ചെയ്യാനോ നിലവിലെ നിയമങ്ങൾ ആശുപത്രി മാനേജ്‌മെന്റിന് പരിമിതികൾ സൃഷ്ടിക്കുന്നുണ്ട്.

ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള വംശീയതയും അക്രമങ്ങളും തടയാൻ കർശനമായ നിയമപരവും ഭരണപരവുമായ ചട്ടക്കൂട് ഉണ്ടാക്കണമെന്ന് എം.യു.എം.എൻ. (MUMN) ഹെൽത്ത് മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. ജീവനക്കാരെ ആക്രമിക്കുന്നവർക്കെതിരെ ഉടനടി നടപടിയെടുക്കാനുള്ള അധികാരം ആശുപത്രി അധികൃതർക്ക് നൽകണമെന്നും, ഇത് ഒറ്റപ്പെട്ട സംഭവങ്ങളായി കാണാതെ അടിയന്തര പ്രാധാന്യത്തോടെ പരിഹരിക്കണമെന്നും യൂണിയൻ മുന്നറിയിപ്പ് നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button