ഗോസോയിൽ കടുത്ത വൈദ്യുതി പ്രതിസന്ധി; വെള്ളിയാഴ്ച മുതൽ ദ്വീപ് ഇരുട്ടിൽ

വാരാന്ത്യത്തിൽ ഗോസോ ദ്വീപിലെത്തിയ ജനങ്ങളെ വലച്ച് രൂക്ഷമായ വൈദ്യുതി പ്രതിസന്ധി. വെള്ളിയാഴ്ച വൈകുന്നേരം 7 മണി മുതൽ ദ്വീപിൽ വൈദ്യുതി വിതരണം പൂർണ്ണമായി തടസ്സപ്പെട്ടിരിക്കുകയാണ്. വൈദ്യുതി പുനഃസ്ഥാപിക്കാനുള്ള തീവ്രശ്രമത്തിലാണ് വിതരണക്കാരായ എനെമാൾട്ട (Enemalta).
ഉഷ്ണതരംഗത്തെ തുടർന്ന് ഷെവ്കിയ (Xewkija), കൊമിനോ (Comino) എന്നിവിടങ്ങളിലെ രണ്ട് ഹൈ ടെൻഷൻ കേബിളുകൾ ഉരുകിപ്പോയതാണ് പെട്ടെന്നുള്ള കേടുപാടുകൾക്ക് കാരണമായത്. ഇതോടെ ദ്വീപിലുടനീളം വൈദ്യുതി റേഷൻ ഏർപ്പെടുത്താൻ എനെമാൾട്ട നിർബന്ധിതരായി.
ചില പ്രദേശങ്ങളിൽ താത്കാലിക ആശ്വാസമായി ജനറേറ്ററുകൾ എത്തിച്ചിട്ടുണ്ടെങ്കിലും, അസഹനീയമായ ചൂടിൽ ഇനിയൊരു രാത്രി കൂടി ഇരുട്ടിൽ കഴിച്ചുകൂട്ടേണ്ടി വരുമോ എന്ന ആശങ്കയിലാണ് നാട്ടുകാരും വിനോദസഞ്ചാരികളും.
വളരെ വൈകിയാണ് പലർക്കും ഫോണുകൾ ചാർജ് ചെയ്യാനും വിവരങ്ങൾ പുറത്തറിയിക്കാനും സാധിച്ചത്. കടകളും റെസ്റ്റോറന്റുകളും വൈദ്യുതിയില്ലാതെയാണ് പ്രവർത്തിക്കുന്നത്. വിക്ടോറിയ സ്ക്വയറിലെ ഒരു സലൂണിൽ പൂർണ്ണമായും ഇരുട്ടിൽ ഉപഭോക്താക്കളുടെ മുടി ഡൈ ചെയ്തു കൊടുക്കേണ്ട അവസ്ഥ വരെ ഉണ്ടായി.
വീടുകളിലെ ഫ്രിഡ്ജുകൾ പ്രവർത്തിക്കാത്തതിനാൽ പാൽ, ഐസ്ക്രീം, ഫ്രോസൺ ഫുഡ് എന്നിവയുൾപ്പെടെയുള്ള പലചരക്ക് സാധനങ്ങൾ കേടുവന്ന് എറിഞ്ഞു കളയേണ്ടി വന്നതായി പ്രദേശവാസികൾ പറഞ്ഞു. വൈദ്യുതി പുനഃസ്ഥാപിച്ചില്ലെങ്കിൽ പ്രധാന ദ്വീപായ മാൾട്ടയിലേക്ക് മടങ്ങാനാണ് പലരുടെയും തീരുമാനം.



