അന്തർദേശീയം

യുഎസിൽ കുട്ടികൾക്കിടയിൽ സോഷ്യൽമീഡിയ ഉപയോഗത്തിന് കടുത്ത നിയന്ത്രണങ്ങളുമായി മെറ്റ

വാഷിങ്ടൺ ഡിസി : അമേരിക്കയിൽ കുട്ടികൾക്കിടയിൽ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം ഉൾപ്പെടെയുള്ള സോഷ്യൽമീഡിയ ഉപയോഗത്തിന് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ മെറ്റ. യുഎസ്സിൽ കുട്ടികൾക്ക് ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും ഉപയോഗിക്കുന്നതിന് ദിവസം പരമാവധി 2 മണിക്കൂർ മാത്രമേ അനുമതിയുള്ളൂ. മാതാപിതാക്കളുടെ പ്രത്യേക അനുമതിയില്ലാതെ ഈ സമയം നീട്ടാനാവില്ല. ഒന്നിലധികം അക്കൗണ്ടുകൾ ഉപയോഗിച്ച് ഇതിനെ മറികടക്കാൻ ശ്രമിച്ചാലും മെറ്റയുടെ സിസ്റ്റം അത് തടയും.

കൂടാതെ അർദ്ധരാത്രി 12 മണി മുതൽ രാവിലെ 6 മണി വരെ കൗമാരക്കാർക്ക് ഈ ആപ്പുകൾ തുറക്കാനും സാധിക്കില്ല. നോട്ടിഫിക്കേഷനുകൾ മ്യൂട്ട് ചെയ്യുന്നതിന് പകരം ആപ്പിലേക്കുള്ള പ്രവേശനം പൂർണമായും തടയുന്നതാണ് ഈ സിസ്റ്റം. രാവിലെ 8 മുതൽ ഉച്ചയ്ക്ക് 3 മണി വരെ അത്യാവശ്യ സുരക്ഷാ അലർട്ടുകൾ ഒഴികെയുള്ള നോട്ടിഫിക്കേഷനുകൾ പൂർണമായും സൈലന്റ് ആയിരിക്കും.

അതിനോടൊപ്പം ഓരോ 15 മിനിറ്റ് തുടർച്ചയായ ഉപയോഗത്തിന് ശേഷവും ബ്രേക്ക് എടുക്കാനുള്ള ഓർമ്മപ്പെടുത്തലുകൾ വരും. മാതാപിതാക്കൾക്കും കുട്ടികളുടെ സോഷ്യൽമീഡിയ ഉപയോ​ഗത്തിൽ ഇടുപെടാൻ കഴിയുന്ന തരത്തിലാണ് പുതിയ മാറ്റം. സോഷ്യൽമീഡിയ അഡിക്റ്റ് ആക്കുന്ന തരത്തിലുള്ള പേഴ്‌സണലൈസ്ഡ് ഫീഡുകൾക്ക് പകരം ആൽഗരിതം ഉപയോഗിക്കാത്ത സാധാരണ ഫീഡുകൾ കുട്ടികൾക്കായി മാതാപിതാക്കൾക്ക് തെരഞ്ഞെടുക്കാം. ലൈക്കുകളുടെ എണ്ണം മറച്ചുവെക്കാനും ഓട്ടോപ്ലേ ഓഫാക്കാനുമുള്ള സൗകര്യവുമുണ്ടാകും.

കുട്ടികളുടെ മാനസികാരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന തരത്തിൽ സോഷ്യൽ മീഡിയ ആൽഗരിതങ്ങൾ രൂപകൽപ്പന ചെയ്തതിന് അമേരിക്കയിൽ മെറ്റാ 1800 കോടി ഡോളർ (ഏകദേശം 1.59 ലക്ഷം കോടി രൂപ) പിഴയൊടുക്കാൻ നിർബന്ധിതരായിരുന്നു. അതിന് പിന്നാലെയാണ് മെറ്റ പുതിയ മാറ്റങ്ങൾ കൊണ്ടുവന്നത്.

അതേസമയം വിവിധ രാജ്യങ്ങളിൽ കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവരുന്നുണ്ട്. ഓസ്ട്രേലിയ, ഫ്രാൻസ് ഗ്രീസ്, ബ്രസീൽ, ചൈന തുടങ്ങിയ രാജ്യങ്ങളും ഇത്തരത്തിൽ സോഷ്യൽമീഡിയയ്ക്ക് കടിഞ്ഞാൺ ഇട്ടിട്ടുണ്ട്. പല രാജ്യങ്ങളിലും താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കാൻ മാതാപിതാക്കളുടെ രേഖാമൂലമുള്ള പ്രത്യേക അനുമതി നിർബന്ധമാക്കിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button