അന്തർദേശീയം

സോഷ്യല്‍ മീഡിയയുടെ അമിത ഉപയോഗം; വിഷാദരോഗത്തിനുള്ള സാധ്യത കുടുതലെന്ന് പഠനം

വാഷിങ്ടൺ ഡിസി : ഫേസ്ബുക്, ഇന്‍സ്റ്റഗ്രാം, വാട്‌സ്ആപ്പ്… സമൂഹമാധ്യമങ്ങള്‍ ഇല്ലാത്ത ഒരു ദിവസം നമുക്കിന്ന് സങ്കല്‍പ്പിക്കാനാവുമോ? ദിവസവും രണ്ടര മണിക്കൂറിലേറെ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നയാളാണോ നിങ്ങള്‍. എങ്കില്‍ ശ്രദ്ധിക്കണം. ദിവസവും രണ്ടര മണിക്കൂറിലേറെ സമൂഹമാധ്യമങ്ങളില്‍ സജീവമായിരിക്കുന്നവരില്‍ വിഷാദരോഗവുമായി ബന്ധപ്പെട്ട ലക്ഷണങ്ങള്‍ കൂടുതലായി കാണപ്പെടുന്നതായാണ് പുതിയ പഠനം. അമേരിക്കയിലെ മുതിര്‍ന്ന ആളുകളിലെ 11 വര്‍ഷത്തെ വിവരങ്ങള്‍ വിശകലനം ചെയ്താണ് ഗവേഷകര്‍ ഈ കണ്ടെത്തലിലെത്തിയത്. എന്‍പിജെ മെന്റല്‍ ഹെല്‍ത്ത് റിസര്‍ച് എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.

2014 മുതല്‍ 2024 വരെയുള്ള കാലയളവില്‍ 18നും 70നും ഇടയില്‍ പ്രായമുള്ള 1.83 ലക്ഷത്തോളം പേരുടെ വിവരങ്ങളാണ് ഗവേഷകര്‍ പഠനത്തിന്റെ ഭാഗമായി പരിശോധിച്ചത്. മെഷീന്‍ ലേണിങ് ഉള്‍പ്പെടെയുള്ള രീതികള്‍ ഉപയോഗിച്ചായിരുന്നു വിശകലനം. പഠനകാലയളവിലുടനീളം സോഷ്യല്‍ മീഡിയ ഉപയോഗവും സ്വയം റിപ്പോര്‍ട്ട് ചെയ്ത വിഷാദരോഗവും തമ്മില്‍ വലിയ ബന്ധം കണ്ടെത്തി.
ഒരു മണിക്കൂര്‍ കൂടുമ്പോള്‍ സാധ്യത 17 ശതമാനം കൂടും

ദിവസവും സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന സമയത്തില്‍ ഒരു മണിക്കൂറിന്റെ വര്‍ധനവ് ഉണ്ടാകുമ്പോള്‍ വിഷാദരോഗം റിപ്പോര്‍ട്ട് ചെയ്യാനുള്ള സാധ്യത ഏകദേശം 17 ശതമാനം കൂടുതലാണെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്. ഏകദേശം 150 മിനിറ്റില്‍ (രണ്ടര മണിക്കൂര്‍) കൂടുതലുള്ള സോഷ്യല്‍ മീഡിയ ഉപയോഗം വിഷാദരോഗം കണ്ടെത്തുന്നതില്‍ വലിയ പ്രാധാന്യമുള്ള ഘടകമായി മാറുന്നതായി ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.
സോഷ്യല്‍ മീഡിയ ഉപയോഗം മാത്രല്ല വിഷാദരോഗത്തിന് കാരണം

എന്നാല്‍ ‘രണ്ടര മണിക്കൂര്‍’ എന്നത് ആരോഗ്യപരമായ ഒരു നിശ്ചിത പരിധിയല്ലെന്ന് ഗവേഷകര്‍ പ്രത്യേകം വ്യക്തമാക്കുന്നുണ്ട്. സോഷ്യല്‍ മീഡിയ ഉപയോഗം മാത്രമാണ് വിഷാദരോഗത്തിന് കാരണമാകുന്നത് എന്നല്ല പഠനം തെളിയിക്കുന്നത്. മറിച്ച്, വിഷാദരോഗ സാധ്യതയുള്ളവര്‍ കൂടുതല്‍ സമയം സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതാം ഇത്തരമൊരു പഠനഫലത്തിന് കാരണമെന്നും മറ്റ് ഘടകങ്ങളും ഇവരെ സ്വാധീനിക്കുന്നുണ്ടാകാമെന്നും ഗവേഷകര്‍ പറയുന്നു. അതിനാല്‍ രണ്ടര മണിക്കൂര്‍ എന്ന കണ്ടെത്തല്‍ ഭാവിയിലെ പഠനങ്ങളില്‍ പരിശോധിക്കേണ്ട ഒരു സൂചന മാത്രമാണ്.

പഠനത്തില്‍ സോഷ്യല്‍ മീഡിയയിലെ പോസ്റ്റിങ്, സന്ദേശങ്ങള്‍ അയക്കല്‍ തുടങ്ങിയ സജീവ ഉപയോഗവും നിഷ്‌ക്രിയ ഉപയോഗവും (തുടര്‍ച്ചയായി സ്‌ക്രോള്‍ ചെയ്യല്‍) വേര്‍തിരിച്ച് പരിശോധിച്ചിട്ടില്ല. അതിനാല്‍ ഏത് തരത്തിലുള്ള സോഷ്യല്‍ മീഡിയ ഉപയോഗമാണ് മാനസികാരോഗ്യവുമായി കൂടുതല്‍ ബന്ധപ്പെട്ടിരിക്കുന്നതെന്ന് വ്യക്തമല്ലെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button