അന്തർദേശീയം

ടിബറ്റ്, ദോക്ലാമ്, ഗൽവാൻ മേഖലകളിലെ കമാൻഡാറെ ഉന്നത രാഷ്ട്രീയ സമിതിയിൽ നിന്ന് ചൈന

ബെയ്ജിങ് : ഇന്ത്യയുമായുള്ള 2017-ലെ ദോക്‌ലാം അതിർത്തി തർക്കത്തിലും 2020-ലെ ഗാൽവൻ താഴ്‌വരയിലെ സംഘർഷത്തിലും ചൈനീസ് സൈന്യത്തെ നയിച്ച ജനറൽ ഷാവോ സോങ്ഖിയെ രാജ്യത്തെ ഉന്നത രാഷ്ട്രീയ ഉപദേശക സമിതിയിൽനിന്ന് ചൈന പുറത്താക്കി. ചൈനീസ് പീപ്പിൾസ് പൊളിറ്റിക്കൽ കൺസൾട്ടേറ്റീവ് കോൺഫറൻസിന്റെ അംഗത്വത്തിൽ നിന്നാണ് അദ്ദേഹത്തെ നീക്കിയത്. ഇതിനൊപ്പം മറ്റ് രണ്ട് ഔദ്യോഗിക പദവികളിൽനിന്നും അദ്ദേഹത്തെ ഒഴിവാക്കിയിട്ടുണ്ട്.

ഷാവോയെ പുറത്താക്കാനുള്ള കാരണം വിശദീകരിക്കാനോ അദ്ദേഹത്തിനെതിരെ അന്വേഷണം പ്രഖ്യാപിക്കാനോ ചൈനീസ് ഭരണകൂടം തയ്യാറായിട്ടില്ല. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് സൈന്യത്തിൽ ദീർഘകാലമായി തുടരുന്ന അഴിച്ചുപണിയുടെയും ശുദ്ധീകരണത്തിന്റെയും ഒടുവിലത്തെ ഇരയാണ് ഷാവോ എന്നാണ് സൂചന.

ഓഗസ്റ്റ് 26-ന് നടന്ന വോട്ടെടുപ്പിലാണ് സി.പി.പി.സി.സി സ്ഥിരം സമിതിയിൽനിന്ന് ഷാവോയെ പുറത്താക്കാൻ തീരുമാനിച്ചതെന്ന് ചൈനയുടെ ഔദ്യോഗിക വാർത്താ ഏജൻസിയായ സിൻഹുവയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുഖപത്രമായ ‘പീപ്പിൾസ് ഡെയ്‌ലി’യും അറിയിച്ചു. സമിതിയുടെ വംശീയ-മതകാര്യ വിഭാഗത്തിന്റെ ഡെപ്യൂട്ടി ഡയറക്ടർ സ്ഥാനത്തുനിന്നും അദ്ദേഹത്തെ നീക്കം ചെയ്തിട്ടുണ്ട്.

ഇന്ത്യൻ അതിർത്തിയോട് ചേർന്നുകിടക്കുന്ന ടിബറ്റ്, സിൻജിയാങ് മേഖലകളിലെ ചൈനീസ് സൈനിക നീക്കങ്ങൾ പൂർണ്ണമായും നിയന്ത്രിക്കുന്നത് ചൈനീസ് സേനയുടെ വെസ്റ്റേൺ തിയേറ്റർ കമാൻഡാണ്. 2016 ഫെബ്രുവരിയിൽ ഈ തന്ത്രപ്രധാന കമാൻഡ് രൂപീകരിച്ചപ്പോൾ അതിന്റെ ആദ്യ തലവനായിരുന്നു ജനറൽ ഷാവോ സോങ്ഖി.

മേഖലയിൽ ചൈന റോഡ് നിർമിക്കാൻ ശ്രമിച്ചതിനെ തുടർന്ന് 2017 ജൂണിലാണ് ദോക് ലാം തർക്കം ആരംഭിക്കുന്നത്. ഇന്ത്യ ശക്തമായി ഇടപെട്ടു. ഇതോടെ 72 ദിവസം നീണ്ട സംഘർഷത്തിനൊടുവിൽ ഇരുവിഭാഗവും ഇവിടെനിന്ന് പിന്മാറുകയായിരുന്നു. ഈ സംഭവത്തിൽ ചൈനീസ് സൈന്യത്തിന്റെ നിലപാടുകൾക്ക് പൂർണ ഉത്തരവാദി വെസ്റ്റേൺ കമാൻഡ് മേധാവിയായ ഷാവോ ആയിരുന്നുവെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തിരുന്നു.

2020 മെയ് മാസത്തിൽ കിഴക്കൻ ലഡാക്കിലെ യഥാർത്ഥ നിയന്ത്രണരേഖയ്ക്ക് സമീപം ചൈന വീണ്ടും വലിയ തോതിൽ സൈന്യത്തെ വിന്യസിച്ചതും ഷാവോയുടെ മേൽനോട്ടത്തിലായിരുന്നു. അതേവർഷം ജൂൺ 15-ന് ഗാൽവൻ താഴ്‌വരയിൽ ഇരുവിഭാഗവും തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടലുണ്ടായി. ഇന്ത്യയെ ഒരു ‘പാഠം പഠിപ്പിക്കാൻ’ ഷാവോ തന്നെയാണ് ഗാൽവാൃൻ ആക്രമണത്തിന് നേരിട്ട് അനുമതി നൽകിയതെന്ന് യു.എസ് രഹസ്യാന്വേഷണ വിലയിരുത്തലുകൾ ഉദ്ധരിച്ച് എ.എൻ.ഐ റിപ്പോർട്ട് ചെയ്തിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button