യുക്രെയ്ൻ യുദ്ധം : റഷ്യ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലെനിൻ റിപ്പോർട്ട്

വിയന്ന : യുക്രെയ്‌നുമായുള്ള നീണ്ട യുദ്ധം റഷ്യയെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ. സൈനിക ആവശ്യങ്ങൾക്കായി വൻതോതിൽ പണം ചെലവഴിക്കേണ്ടി വന്നതിനെത്തുടർന്ന് റഷ്യൻ സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ വക്കിലെത്തിയതായി ബ്ലൂംബെർഗ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. റഷ്യൻ ഫെഡറൽ ട്രഷറിയുടെ സിംഗിൾ അക്കൗണ്ടിലെ ബാലൻസ് മൈനസ് 5.5 ട്രില്യൺ റൂബിൾസ് ( ഏകദേശം ആറുലക്ഷം കോടി രൂപ) വരെയായി താഴ്ന്നതായാണ് വിവരം. മുൻകൂട്ടി നിശ്ചയിക്കപ്പെട്ട സാമ്പത്തിക ഇടപാടുകൾ കൃത്യസമയത്ത് നടത്താൻ സർക്കാരിന്റെ പക്കൽ പണമില്ലെന്ന് കഴിഞ്ഞ ഏപ്രിൽ മാസത്തിൽ റഷ്യൻ ധനകാര്യ മന്ത്രി ആന്റൺ സിലുവാനോവ് പ്രധാനമന്ത്രി മിഖായേൽ മിഷുസ്റ്റിന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതേത്തുടർന്ന് രാജ്യം കടുത്ത സാമ്പത്തിക നിയന്ത്രണങ്ങളിലേക്ക് കടക്കാൻ നിർബന്ധിതമായി.
നിലവിലെ പ്രതിസന്ധി മറികടക്കാൻ റഷ്യൻ സർക്കാർ കടുത്ത ചെലവുചുരുക്കൽ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. സൈനികേതര ചെലവുകൾ 35% വെട്ടിക്കുറച്ചു. ഫെഡറൽ ജീവനക്കാരുടെ എണ്ണത്തിൽ 15% കുറവ് വരുത്താൻ തീരുമാനിച്ചു. ഈ വർഷം ജനുവരി മുതൽ ഏപ്രിൽ വരെയുള്ള മാസങ്ങളിലെ റഷ്യയുടെ ബജറ്റ് കമ്മി 5.8 മുതൽ 5.9 ട്രില്യൺ റൂബിൾസ് (ഏകദേശം 6.4 മുതൽ 6.5 ലക്ഷം കോടി രൂപ) വരെയായി ഉയർന്നിട്ടുണ്ട് എന്ന് റഷ്യൻ ധനകാര്യ മന്ത്രാലയത്തിന്റെ വിവരങ്ങൾ ഉദ്ധരിച്ച് ഫോർബ്‌സ് റഷ്യ റിപ്പോർട്ട് ചെയ്തു. ഇത് രാജ്യത്തിന്റെ ആകെ ആഭ്യന്തര ഉത്പാദനത്തിന്റെ 2.5% വരും. കഴിഞ്ഞ വർഷം ഇതേ കാലയളവിലുണ്ടായ ബജറ്റ് കമ്മിയേക്കാൾ ഇരട്ടിയാണ് ഇപ്പോഴുണ്ടായിരിക്കുന്നത്.
യുദ്ധച്ചെലവുകൾ താങ്ങാൻ കഴിയാത്ത രീതിയിലാണ് മുന്നോട്ട് പോകുന്നതെന്ന് ധനകാര്യ മന്ത്രാലയത്തിലെയും സെൻട്രൽ ബാങ്കിലെയും ഉദ്യോഗസ്ഥർ ജൂൺ മാസത്തിൽ പ്രസിഡന്റ് വ്‌ളാദിമിർ പുതിന് മുന്നറിയിപ്പ് നൽകിയിരുന്നു. സൈനിക, സുരക്ഷാ മേഖലകളിലെ അധികച്ചെലവ് ഈ വർഷംമാത്രം 2 മുതൽ 4 ട്രില്യൺ റൂബിൾസ് വരെ ആയേക്കാമെന്നാണ് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. റഷ്യയുടെ കടം വീട്ടുന്നതിനുള്ള പലിശച്ചെലവ് മാത്രം ഇപ്പോൾ 4 ട്രില്യൺ റൂബിൾസ് (ബജറ്റിന്റെ 9 ശതമാനം) വരുന്നുണ്ട്. എന്നാൽ, സൈനിക ചെലവുകൾ വെട്ടിക്കുറയ്ക്കാൻ പുതിൻ വിസമ്മതിച്ചു. പകരം മറ്റ് ജനക്ഷേമ മേഖലകളിലെ ഫണ്ടുകൾ വെട്ടിക്കുറയ്ക്കാനാണ് അദ്ദേഹം നിർദ്ദേശിച്ചിരിക്കുന്നത്.
അതേസമയം, റഷ്യൻ സർക്കാർ വൃത്തങ്ങളും രാജ്യത്തെ ഔദ്യോഗിക മാധ്യമങ്ങളും ഈ പ്രതിസന്ധി പുറത്തുപറയാൻ തയ്യാറായിട്ടില്ല. ബജറ്റിന് യാതൊരുവിധ പ്രശ്‌നങ്ങളുമില്ലെന്നും ആവശ്യത്തിന് വിഭവങ്ങൾ ലഭ്യമാണെന്നും ധനമന്ത്രി സിലുവാനോവ് ഈ വാർത്ത പുറത്തുവരുന്നതിന് തൊട്ടുമുൻപ് അവകാശപ്പെട്ടിരുന്നു. കമ്മി നിലനിൽക്കുന്നുണ്ടെന്ന് സമ്മതിച്ച ക്രെംലിൻ വക്താവ് ദിമിത്രി പെസ്‌കോവ്, ഇത് താൽക്കാലിക ബുദ്ധിമുട്ടു മാത്രമാണെന്നാണ് വിശദീകരിച്ചത്.
നാല് വർഷം മുൻപ് റഷ്യ ആരംഭിച്ച യുക്രൈൻ അധിനിവേശം വലിയ സാമ്പത്തിക പ്രതിസന്ധികൾക്കൊപ്പം സൈനികമായ തിരിച്ചടികൾക്കും കാരണമാകുന്നുണ്ട്. റഷ്യയുടെ തന്ത്രപ്രധാന സൈനിക ലോജിസ്റ്റിക് കേന്ദ്രങ്ങളിലേക്ക് യുക്രൈൻ കടുത്ത ആക്രമണങ്ങൾ നടത്തുന്നുണ്ട്. കഴിഞ്ഞ ആഴ്ച യുഎസ് ഇന്റലിജൻസ് ഏജൻസിയായ സിഐഎയുടെ ഡയറക്ടർ ജോൺ റാറ്റ്ക്ലിഫ് രഹസ്യമായി മോസ്‌കോ സന്ദർശിച്ച വിവരങ്ങളും പുറത്തുവന്നിരുന്നു. റഷ്യ നേരിടുന്ന കനത്ത തിരിച്ചടികളുടെ യഥാർത്ഥ ചിത്രം വ്യക്തമാക്കാനായിരുന്നു അദ്ദേഹത്തിന്റെ സന്ദർശനം എന്നാണ് സൂചന.
ഇതിനിടെ, റഷ്യയിൽ രാഷ്ട്രീയമായും പുതിൻ പ്രതിസന്ധി നേരിടുന്നുണ്ട്. വരുന്ന സെപ്റ്റംബറിൽ റഷ്യയിൽ പാർലമെന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. എന്നാൽ, യുദ്ധവിരുദ്ധ നിലപാടുള്ള ഏക പ്രതിപക്ഷ പാർട്ടിയായ യാബ്ലോകോയെ (Yabloko) മത്സരിക്കുന്നതിൽനിന്ന് റഷ്യൻ സുപ്രീം കോടതി വിലക്കിയിരിക്കുകയാണ്. പ്രചാരണ സാമഗ്രികളിൽ പകർപ്പവകാശ ലംഘനം നടത്തി എന്ന കാരണത്താലാണ് കോടതി ഇവരെ വിലക്കിയത്.



