വായു ഗുണനിലവാരം മോശം; പുറത്തുള്ള കായിക-ശാരീരിക അധ്വാനങ്ങൾ കുറയ്ക്കണമെന്ന് ആരോഗ്യ അധികൃതർ

അന്തരീക്ഷ വായുവിൻറെ ഗുണനിലവാരം മോശമായതിനെത്തുടർന്ന് പുറത്തിറങ്ങിയുള്ള കഠിനമായ കായിക-ശാരീരിക അധ്വാനങ്ങൾ കുറയ്ക്കാൻ പൊതുജനങ്ങൾക്ക് ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി. വ്യാഴാഴ്ച രാജ്യത്തുടനീളമുള്ള ഇ.ആർ.എ (ERA) എയർ ക്വാളിറ്റി സ്റ്റേഷനുകൾ വായുനിലവാരം ‘മോശം’ (Poor) വിഭാഗത്തിലാണ് രേഖപ്പെടുത്തിയത്.
നിലവിൽ വീടുകൾക്കുള്ളിൽ തന്നെ കഴിയേണ്ട സാഹചര്യമില്ലെന്നും എന്നാൽ പുറത്തുള്ള കഠിനമായ ജോലികളും വ്യായാമങ്ങളും പരിമിതപ്പെടുത്തുന്നത് നന്നായിരിക്കുമെന്നും പബ്ലിക് ഹെൽത്ത് അതോറിറ്റി അറിയിച്ചു. കുട്ടികൾ, പ്രായമായവർ, ശ്വാസകോശ-ഹൃദ്രോഗ സംബന്ധമായ ബുദ്ധിമുട്ടുകൾ ഉള്ളവർ എന്നിവർ കൂടുതൽ ജാഗ്രത പുലർത്തണമെന്നും അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ ഉയർന്നുനിൽക്കുന്ന സമയങ്ങളിൽ പുറത്തെ പ്രവർത്തനങ്ങൾ പൂർണ്ണമായും നിയന്ത്രിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
ഉഷ്ണതരംഗവും ഉത്തരാഫ്രിക്കൻ പൊടിപടലങ്ങളും
ഉത്തരാഫ്രിക്കയിൽ നിന്ന് ഉയർന്നുവന്ന കൂറ്റൻ മരുഭൂമി പൊടിപടലങ്ങളാണ് ബുധൻ, വ്യാഴം ദിവസങ്ങളിൽ മാൾട്ടയിലെ അന്തരീക്ഷം മങ്ങാൻ കാരണമായത്. സ്പെയിനിലെ ബലേറിക് ദ്വീപുകൾ മുതൽ മധ്യ മെഡിറ്ററേനിയൻ വരെ ഈ പൊടിപടലങ്ങൾ പടർന്നു കിടക്കുന്നതായി ഇ.യു.മെറ്റ്സാറ്റ് (EUMETSAT) ഉപഗ്രഹ ചിത്രങ്ങൾ വ്യക്തമാക്കുന്നു.
രാജ്യം കടുത്ത വേനൽച്ചൂടിന്റെ പിടിയിലായിരിക്കെയാണ് പൊടിപടലങ്ങളും വില്ലനായത്. വെള്ളി മുതൽ ഞായർ വരെ നീളുന്ന മൂന്ന് ദിവസത്തെ തീവ്ര ഉഷ്ണതരംഗമാണ് മെറ്റീരിയോളജിക്കൽ ഓഫീസ് പ്രവചിച്ചിരിക്കുന്നത്. ഇതിനകം തന്നെ രാജ്യത്ത് ‘ഓറഞ്ച് വെതർ മുന്നറിയിപ്പ്’ പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ച വരെ താപനില 36°C മുതൽ 39°C വരെ ഉയർന്നേക്കാം.
വരും ദിവസങ്ങളിലെ കാലാവസ്ഥ
ഓഗസ്റ്റ് 31 തിങ്കളാഴ്ച മുതൽ സെപ്റ്റംബർ 2 വരെ താപനില 33°C-നും 35°C-നും ഇടയിലായി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത ആഴ്ചയുടെ തുടക്കത്തോടെ ഓറഞ്ച് മുന്നറിയിപ്പ് ‘യെല്ലോ’ മുന്നറിയിപ്പായി കുറച്ചേക്കും.
ഓഗസ്റ്റ് മാസത്തിൽ രാജ്യത്ത് രേഖപ്പെടുത്തിയ എക്കാലത്തെയും ഉയർന്ന താപനില 1999-ലെ 43.8°C-ഉം കുറഞ്ഞ താപനില 1972-ലെ 15.9°C-ഉം ആണ്. ഈ മാസത്തിലെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന താപനില ബുധനാഴ്ച രേഖപ്പെടുത്തിയ 41.2°C ആണ്.



