ചൊക്രമുടിയിലെ നീലക്കുറിഞ്ഞി ഉദ്യാനം സന്ദർശകർക്കായി തുറന്നു

മൂന്നാർ : ഇടുക്കി ചൊക്രമുടിയിലെ നീലക്കുറിഞ്ഞി ഉദ്യാനം സന്ദർശകർക്കായി തുറന്നു. ഗ്യാപ് റോഡിന് സമീപം തയാറാക്കിയ കവാടത്തിലൂടെയാണ് നീലക്കുറിഞ്ഞി ഉദ്യാനത്തിൽ പ്രവേശിക്കുന്നത്.
ചൊക്രമുടിയിൽ നീലക്കുറിഞ്ഞി കാണാൻ 10 മുതൽ 18 വയസ്സ് വരെ പ്രായമുള്ളവർക്ക് 100 രൂപയും 18 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് 200 രൂപയുമാണ് ഫീസ്. വിദേശ സഞ്ചാരികൾക്ക് 400 രൂപയാണ് ടിക്കറ്റ് നിരക്ക്. കാമറ ഉപയോഗിച്ച് ചിത്രങ്ങളെടുക്കുന്നതിന് 50 രൂപയും വിഡിയോ ചിത്രീകരണത്തിന് 100 രൂപയുമായിരിക്കും ഫീസ്.
വന്യജീവികളുടെ സാന്നിധ്യമുള്ളതിനാൽ ഡ്രോൺ ഉപയോഗിച്ചുള്ള ചിത്രീകരണത്തിന് അനുമതിയില്ല. ഏഴു മണി മുതൽ നാലു മണി വരെയാണ് നീലക്കുറിഞ്ഞി കാണാൻ അനുവദിക്കുന്ന സമയം. നീലക്കുറിഞ്ഞി നശിപ്പിക്കുന്നത് 25000 രൂപ പിഴയും 3 വർഷം വരെ തടവും ലഭിക്കാവുന്ന കുറ്റമാണെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു.
ഇതിനുമുൻപ് 2014-ലാണ് ചൊക്രമുടി മലനിരകളിൽ നീലക്കുറിഞ്ഞി വ്യാപകമായി പൂവിട്ടത്. ചൊക്രമുടി കൂടാതെ മീശപ്പുലിമല, എടലിമേട്, സെവൻമല, ഗുണ്ടുമല എന്നിവിടങ്ങളിലാണ് ഇത്തവണ വ്യാപകമായി നീലക്കുറിഞ്ഞി പൂവിടുമെന്ന് പ്രതീക്ഷിക്കുന്നത്. ചിന്നക്കനാൽ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ മലകളിലും വ്യാപകമായിട്ടല്ലെങ്കിലും കുറിഞ്ഞി പൂവിട്ടു തുടങ്ങിയിട്ടുണ്ട്.



