മാൾട്ടാ വാർത്തകൾ

റെസ്റ്റോറന്റ് ബില്ലുകളിലെ മറഞ്ഞിരിക്കുന്ന ചാർജുകൾക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി എ.സി.ആർ. മാൾട്ട

റെസ്റ്റോറന്റ് ബില്ലുകളിൽ ‘കോപ്പർട്ടോ’ (coperto), സർവീസ് ചാർജുകൾ എന്നിവ അധികമായി ഉൾപ്പെടുത്തുന്നതിനെതിരെ മുന്നറിയിപ്പുമായി കൺസ്യൂമർ റൈറ്റ്സ് മാൾട്ട (ACR). റെസ്റ്റോറന്റുകളിൽ നിന്ന് ഭക്ഷണം കഴിക്കുമ്പോൾ ഉണ്ടാകുന്ന ഇത്തരം അധിക ചെലവുകളെക്കുറിച്ച് ഉപഭോക്താക്കൾക്ക് വ്യക്തമായ വിവരങ്ങൾ മുൻകൂട്ടി അറിയിക്കണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു.

മേശ അലങ്കരിക്കുന്നതിനും പാത്രങ്ങൾ, നാപ്കിൻ, ചിലയിടങ്ങളിൽ ബ്രെഡ് (bread) എന്നിവ നൽകുന്നതിനുമായി ഇറ്റാലിയൻ റെസ്റ്റോറന്റുകളിൽ നിശ്ചിത തുക ഈടാക്കുന്ന രീതിയാണ് ‘കോപ്പർട്ടോ’. മുൻ പി.എൽ. മന്ത്രി റോഡറിക് ഗാൾഡസ് ആണ് ഈ രീതി മാൾട്ടയിലെ റെസ്റ്റോറന്റുകളിലേക്കും കടന്നുവരുന്ന കാര്യം ഫേസ്ബുക്കിലൂടെ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് വിഷയം വീണ്ടും ശ്രദ്ധ നേടിയത്.

പലയിടത്തും ഉയർന്ന വിലയും ചെറിയ അളവിലുള്ള ഭക്ഷണവും ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാൻ പ്രയാസപ്പെടുന്ന ജീവനക്കാരും സാധാരണയായി മാറുമ്പോൾ, ബില്ലിൽ ഉൾപ്പെടുത്തിയാൽ പോലും സർവീസ് ചാർജുകൾ അല്ലെങ്കിൽ ടിപ്പുകൾ നിർബന്ധമാക്കാതെ ഉപഭോക്താക്കളുടെ ഇഷ്ടത്തിന് വിടണമെന്ന് എ.സി.ആർ പറഞ്ഞു. റെസ്റ്റോറന്റുകൾക്ക് സ്വന്തമായി വില നിശ്ചയിക്കാൻ അവകാശമുണ്ടെങ്കിലും, ഇത്തരം അധിക നിരക്കുകൾ ഓർഡർ നൽകുന്നതിന് മുൻപ് തന്നെ വ്യക്തമാക്കണം; ബിൽ വരുമ്പോൾ മാത്രം കാണിക്കുന്ന രീതി അംഗീകരിക്കാനാവില്ല.

ഭക്ഷണത്തിന്റെ ഗുണനിലവാരവും സേവനവും തങ്ങൾ നൽകുന്ന പണത്തിന് അനുസരിച്ചുള്ളതായിരിക്കണം എന്ന് ഉപഭോക്താക്കൾ പ്രതീക്ഷിക്കുന്നു. അതിനാൽ, റെസ്റ്റോറന്റ് പരസ്യങ്ങൾ, ഓൺലൈൻ ബുക്കിംഗുകൾ, മെനുകൾ എന്നിവയിലെല്ലാം ഇത്തരം അധിക നിരക്കുകൾ വ്യക്തമായി പ്രദർശിപ്പിക്കണം.

റെസ്റ്റോറന്റുകളിൽ പോയി ഭക്ഷണം കഴിക്കുന്നത് മാൾട്ടയിലെ സാമൂഹിക ജീവിതത്തിന്റെ ഭാഗമാണ്. ആധുനികവൽക്കരണത്തിന്റെ പേരിൽ ജനങ്ങൾക്ക് താങ്ങാനാവുന്ന പരമ്പരാഗത ഭക്ഷണരീതികളും അവയുടെ തനിമയും ഇല്ലാതാകരുത്. ഇത്തരം അധിക ചാർജ് ഈടാക്കുന്ന രീതികളെക്കുറിച്ച് അധികാരികൾ കൃത്യമായ നിരീക്ഷണം നടത്തണമെന്നും ഉപഭോക്തൃ അവകാശങ്ങൾക്ക് മുൻഗണന നൽകാൻ കേറ്ററിംഗ് മേഖല തയ്യാറാകണമെന്നും എ.സി.ആർ ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button