യുഎസിൽ ഇന്ത്യക്കാരനായ കടയുടമ മോഷ്ടാവിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു

വാഷിങ്ടൺ ഡിസി : യുഎസിൽ ഇന്ത്യക്കാരനായ കടയുടമ മോഷ്ടാവിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു. ഗുജറാത്തിലെ മെഹ്സാനയിൽനിന്നുള്ള സുരേഷ് പർസോത്തംദാസ് (56) എന്നയാളാണ് കൊല്ലപ്പെട്ടത്. ഓഗസ്റ്റ് 20ന് ടെന്നസിയിലെ ജാക്സനിലുള്ള സുരേഷിന്റെ കടയിൽവച്ചാണ് കൊലപാതകം നടന്നത്. അടുത്തിടെയാണ് സുരേഷ് റിഡ്ജ്ക്രെസ്റ്റ് സെല്ലാർസ് എന്ന പേരിൽ പുതിയ വൈൻ വിൽപനകേന്ദ്രം തുടങ്ങിയത്.
അജ്ഞാതനായ അക്രമി കടയ്ക്കുള്ളിൽ അതിക്രമിച്ചുകയറിയശേഷം തോക്കു ചൂണ്ടി കടയിലെ ജീവനക്കാരോട് പണമാവശ്യപ്പെട്ടു. ഭയന്ന ജീവനക്കാർ പണം നൽകി. ഇതിനുശേഷം അക്രമി സുരേഷിനുനേരെ പലതവണ വെടിയുതിർക്കുകയായിരുന്നു. സംഭവം നടക്കുമ്പോൾ സുരേഷിന്റെ പത്തൊമ്പതുകാരിയായ മകൾ അദ്ദേഹത്തിന്റെ തൊട്ടടുത്തുണ്ടായിരുന്നു. കടയിലെ ജീവനക്കാരിയായ 70കാരിക്കും പരുക്കേറ്റിട്ടുണ്ട്. അക്രമിയെ ഇതുവരെ പിടികൂടാനായിട്ടില്ല.
കറുത്ത നിറമുള്ള വ്യക്തിയാണ് അക്രമിയെന്ന് പൊലീസ് ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു. ചാരനിറത്തിലുള്ള ഹുഡിയും ജീൻസും കറുത്ത ബൂട്സുമാണ് അക്രമി ധരിച്ചിരുന്നത്. ഇയാൾ മുഖം മറച്ചിരുന്നെന്നും ആക്രമണത്തിനുശേഷം കാറിൽ രക്ഷപ്പെട്ടെന്നും പൊലീസ് പറഞ്ഞു. ഇയാളുടെ ദൃശ്യങ്ങളും പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. 30 വർഷത്തിലേറെയായി യുഎസിൽ താമസിക്കുന്നയാളാണ് സുരേഷ്.



