അന്തർദേശീയം
വെനസ്വേലയിൽ ഒക്ടോബർ 11-ന് ജനഹിത പരിശോധന

കാരക്കസ് : വെനസ്വേലയിൽ ജനപങ്കാളിത്തത്തോടെ പ്രാദേശിക വികസന പദ്ധതികൾക്ക് അംഗീകാരം നൽകുന്നതിനുള്ള ദേശീയ ഹിതപരിശോധന ഒക്ടോബർ 11-ന് നടക്കും. കമ്യൂണിറ്റി കൗൺസിലുകൾക്കും മറ്റ് പ്രാദേശിക കൂട്ടായ്മകൾക്കുമൊപ്പം ഇതാദ്യമായി ഫ്ലാറ്റ് അസോസിയേഷനുകളും (കൊണ്ടോമിനിയം ബോർഡുകൾ) ഹിതപരിശോധനയുടെ ഭാഗമാകുമെന്ന് ആക്ടിങ് പ്രസിഡന്റുമായ ഡെൽസി റോഡ്രിഗസ് അറിയിച്ചു.
ഹിതപരിശോധനയിലൂടെ ജനങ്ങൾ നേരിട്ടാണ് തങ്ങളുടെ പ്രദേശത്തെ മുൻഗണനാ പദ്ധതികൾ നിശ്ചയിക്കുന്നത്. ഈ പദ്ധതികൾക്ക് സർക്കാർ ഫണ്ട് അനുവദിക്കും. സാധാരണ ജനങ്ങളിലേക്ക് ജനാധിപത്യപരമായ അധികാര വികേന്ദ്രീകരണവും വിഭവവിതരണവും സാധ്യമാക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് കാരക്കാസിൽ നടന്ന ചടങ്ങിൽ ഡെൽസി റോഡ്രിഗസ് പറഞ്ഞു. നാലു മേഖലകളിലെ 157 ഫ്ലാറ്റ് അസോസിയേഷനുകൾക്കുള്ള ധനസഹായ വിതരണം ചടങ്ങിൽ നടന്നു.



