മോസ്റ്റയിലെ കുതിരകളുടെയും കഴുതകളുടെയും ദുരവസ്ഥ; മൃഗക്ഷേമ ഡയറക്ടറേറ്റ് അന്വേഷണം തുടങ്ങി

മോസ്റ്റയിലെ ഒരു വയലിൽ നിരവധി കുതിരകളെയും പോണികളെയും കഴുതകളെയും മതിയായ പരിചരണവും സംരക്ഷണവുമില്ലാതെ വളർത്തുന്നതായുള്ള ആരോപണത്തിൽ മൃഗക്ഷേമ ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചു.
മൃഗങ്ങൾക്ക് ആവശ്യമായ അഭയം ലഭിക്കുന്നില്ലെന്നും ആവശ്യത്തിന് ഭക്ഷണം ലഭിച്ചതിന്റെ സൂചനകൾ കുറവാണെന്നും ചില കുതിരകൾ അമിതമായി മെലിഞ്ഞ നിലയിലാണെന്നുമുള്ള പരാതികളെ തുടർന്നാണ് അന്വേഷണം.
മൃഗാവകാശ പ്രവർത്തക ഡോ. റൊമിന ഫ്രെൻഡോ സ്ഥലം സന്ദർശിച്ച് സംഭവം പൊലീസിൽ റിപ്പോർട്ട് ചെയ്തതോടെയാണ് വിഷയം അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. നിരവധി മൃഗങ്ങളുടെ വാരിയെല്ലുകൾ പുറത്തേക്ക് വ്യക്തമായി കാണാമായിരുന്നുവെന്നും, താൻ സ്ഥലത്തുണ്ടായിരിക്കെ ഒരു കുതിരക്കുട്ടി കുഴഞ്ഞുവീണതായും ഫ്രെൻഡോ പറഞ്ഞു.
“എന്റെ കൺമുന്നിൽ അവൻ നിലത്തേക്ക് കുഴഞ്ഞുവീഴുകയായിരുന്നു,” ഫ്രെൻഡോ പറഞ്ഞു. സംഭവത്തിന്റെ ദൃശ്യങ്ങൾ ചിത്രീകരിച്ച് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതിനു പിന്നാലെ വീഡിയോ വ്യാപകമായി പ്രചരിച്ചു. ദൃശ്യങ്ങൾ ഓൺലൈനിൽ എത്തിയതിനു പിന്നാലെ മൃഗക്ഷേമ ഡയറക്ടർ ഡെന്നിസ് സ്കിബെറാസിനെ വിവരം അറിയിച്ചതായും അവർ പറഞ്ഞു.
മൃഗക്ഷേമ അധികൃതർ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പാർലമെന്ററി സെക്രട്ടറി അലീഷ്യ ബുഗേജ സെയ്ദും ഇടപെട്ടിരുന്നു.
റിപ്പോർട്ട് ലഭിച്ച ഉടൻ അന്വേഷണം ആരംഭിച്ചതായി പാർലമെന്ററി സെക്രട്ടറി അലീഷ്യ ബുഗേജ സെയ്ദിന്റെ വക്താവ് സ്ഥിരീകരിച്ചു. മൃഗങ്ങളുടെ ക്ഷേമനില പരിശോധിക്കാൻ മൃഗക്ഷേമ ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥരെ സ്ഥലത്തേക്ക് അയച്ചതായും മൃഗങ്ങൾക്ക് ആവശ്യമായ പരിചരണം ഉറപ്പാക്കാൻ വകുപ്പ് നടപടി സ്വീകരിക്കുന്നതായും വക്താവ് പറഞ്ഞു.
സ്ഥലപരിശോധനകളിൽ നിന്നുള്ള റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ അന്വേഷണം മുന്നോട്ടുപോകും. കണ്ടെത്തലുകൾ അനുസരിച്ചായിരിക്കും തുടർ നിയമനടപടികൾ സ്വീകരിക്കുക.
മൃഗക്ഷേമ കമ്മീഷണർ എലിയറ്റ് മാഗ്രോയും വിഷയം പരിശോധിക്കുന്നുണ്ടെന്നും ഭാവിയിൽ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് അദ്ദേഹം ശുപാർശകൾ നൽകുമെന്നും മാൾട്ടാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
വെറ്ററിനറി ഡോക്ടർമാരുൾപ്പെടെയുള്ള സംഘം ഡയറക്ടറോടൊപ്പം ആദ്യഘട്ട പരിശോധനയ്ക്കായി സ്ഥലത്തെത്തിയതായി റിപ്പോർട്ടുണ്ട്. മൃഗങ്ങളെ ശരിയായ രീതിയിൽ പരിപാലിക്കുന്നതായി കണ്ടെത്തിയാൽ അവയെ അതേ സ്ഥലത്ത് തുടരാൻ അനുവദിക്കുമോ, അല്ലെങ്കിൽ ആവശ്യമായ പരിചരണം ലഭിക്കുന്നില്ലെങ്കിൽ മറ്റൊരിടത്തേക്ക് മാറ്റുമോ എന്നത് പരിശോധനാഫലങ്ങൾ സ്ഥിരീകരിച്ച ശേഷമായിരിക്കും തീരുമാനിക്കുക.
“മൃഗങ്ങളുടെ ക്ഷേമനില ഔദ്യോഗികമായി സ്ഥിരീകരിക്കുന്നതുവരെ നിയമനടപടി സ്വീകരിക്കാനാകില്ല,” ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി.
മൃഗക്ഷേമ നിയമപ്രകാരം ഒരു മൃഗത്തെ വളർത്തുകയോ അതിന്റെ സംരക്ഷണ ചുമതല ഏറ്റെടുക്കുകയോ ചെയ്യുന്ന വ്യക്തിക്ക് അതിന്റെ ആരോഗ്യത്തിനും ക്ഷേമത്തിനും ഉത്തരവാദിത്തമുണ്ട്. മൃഗത്തിന്റെ ആരോഗ്യവും ക്ഷേമവും ഉറപ്പാക്കുന്നതിന് സാഹചര്യങ്ങൾക്കനുസരിച്ച് ആവശ്യമായ എല്ലാ ന്യായമായ നടപടികളും സ്വീകരിക്കണമെന്നും നിയമം വ്യക്തമാക്കുന്നു.
നിയമലംഘനം കണ്ടെത്തിയാൽ പരിശോധന ഉൾപ്പെടെയുള്ള നടപടികളും ആവശ്യമായ സാഹചര്യങ്ങളിൽ മൃഗങ്ങളെ പിടിച്ചെടുക്കുന്നതും ഉൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കാനാകും.
2025ലും പരാതി നൽകിയിരുന്നു
ഈ സ്ഥലത്തെ ഉടമയ്‌ക്കെതിരെ മൃഗങ്ങളോടുള്ള ക്രൂരത ആരോപിച്ച് 2025ലും പരാതി നൽകിയിരുന്നതായി ഫ്രെൻഡോ പറഞ്ഞു. അന്ന് മൃഗക്ഷേമ ഡയറക്ടറായിരുന്ന ജോസഫ് ജോൺ വെല്ല, വിഷയം വെറ്ററിനറി റെഗുലേഷൻ ഡയറക്ടറേറ്റിനും മൃഗക്ഷേമ ഡയറക്ടറേറ്റിനും കൈമാറുമെന്ന് അറിയിച്ചിരുന്നതായും അവർ പറഞ്ഞു.
എന്നാൽ പിന്നീട് പിഴയോ മറ്റ് നടപടികളോ ഉണ്ടായില്ലെന്ന് ഫ്രെൻഡോ ആരോപിച്ചു. ഇത്തവണ പൊലീസ് അറിയിച്ചതോടെയാണ് ഇതേ സ്ഥലത്തിനെതിരായ തന്റെ പഴയ പരാതിയാണെന്ന് തിരിച്ചറിഞ്ഞതെന്നും അവർ പറഞ്ഞു. ഫുഡ് സേഫ്റ്റി ആൻഡ് സെക്യൂരിറ്റി അതോറിറ്റിയും (FSSA) എൻവയോൺമെന്റ് ആൻഡ് റിസോഴ്‌സസ് അതോറിറ്റിയും (ERA) സമാനമായി പരാതികൾ നൽകിയിരുന്നതായും പൊലീസ് അറിയിച്ചതായി ഫ്രെൻഡോ പറഞ്ഞു.
2025ലെ പരാതി ലഭിച്ചിട്ടും അധികൃതർ നടപടി സ്വീകരിക്കാത്തത് എന്തുകൊണ്ടാണെന്നും കഴിഞ്ഞ ഒരു വർഷത്തിനിടെ സ്ഥലം സന്ദർശിച്ച ഉദ്യോഗസ്ഥർ അവിടെ കണ്ട കാര്യങ്ങളിൽ നടപടിയെടുക്കാതിരുന്നത് എന്തുകൊണ്ടാണെന്നും ഫ്രെൻഡോ ചോദിച്ചു.
ഈ സ്ഥലവുമായി ബന്ധപ്പെട്ട് ഇതുവരെ നൽകിയ എല്ലാ പരാതികളും അവയിൽ നടപടി സ്വീകരിക്കാതിരുന്നതിന്റെ കാരണങ്ങളും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധപ്പെട്ട അധികൃതർക്ക് അവർ കത്തയച്ചിട്ടുണ്ട്.
വെടിക്കെട്ടിനെച്ചൊല്ലിയും ആശങ്ക
സാന്താ മരിയ ആഘോഷങ്ങൾ നടക്കുന്ന ഈ കാലയളവിൽ കുതിരകളുടെ സുരക്ഷയെക്കുറിച്ചും ആശങ്ക ഉയർന്നിട്ടുണ്ട്.
വെടിക്കെട്ട് നടത്താൻ ഉപയോഗിക്കുന്ന മറ്റൊരു സ്ഥലത്തിന് തൊട്ടടുത്താണ് മൃഗങ്ങളെ പാർപ്പിച്ചിരിക്കുന്ന വയൽ. വെടിക്കെട്ടിന്റെ ശബ്ദവും സ്ഫോടനങ്ങളും കുതിരകൾക്ക് നേരിട്ട് അപകടമുണ്ടാക്കുന്നതാണെന്ന് ഫ്രെൻഡോ പറഞ്ഞു.
വെടിക്കെട്ട് നടക്കുമ്പോൾ ശബ്ദത്തിൽ നിന്നും സ്ഫോടനങ്ങളിൽ നിന്നും രക്ഷപ്പെടാൻ മൃഗങ്ങൾക്ക് മതിയായ അഭയസ്ഥലം ഇല്ലെന്നും അവർ ചൂണ്ടിക്കാട്ടി. വേനൽക്കാലത്തെ കടുത്ത ചൂടിൽ നിന്ന് രക്ഷപ്പെടാൻ ആവശ്യമായ തണലും ലഭ്യമല്ലാത്ത സാഹചര്യത്തിലാണ് ഇതെന്നും അവർ പറഞ്ഞു.
അടുത്തുള്ള വയലിൽ വെടിക്കെട്ട് നടത്തുന്നതിനാൽ കുതിരകളെ മാറ്റുകയോ സുരക്ഷിതമായി അടച്ചിടുകയോ ചെയ്യണമെന്ന് ഉടമയോട് ആവശ്യപ്പെട്ടിരുന്നതായി Malta Pyrotechnic Association-ന്റെ ഒരു പ്രതിനിധി അറിയിച്ചതായും ഫ്രെൻഡോ പറഞ്ഞു. എന്നാൽ അതിന് പകരം ഉടമ കുതിരകളെ തുറന്നുവിട്ടതായും അവർ ആരോപിച്ചു.
കഴിഞ്ഞ വർഷം ഇതേ സ്ഥലവുമായി ബന്ധപ്പെട്ട് സമാനമായ തർക്കമുണ്ടായതിനെ തുടർന്ന് ഇരുകൂട്ടരും തമ്മിൽ ഇത്തരമൊരു ധാരണയിലെത്തിയിരുന്നുവെന്ന് സംഘടനയുടെ പ്രതിനിധിയും വ്യക്തമാക്കി.
വെടിക്കെട്ട് മൂലമുള്ള മൃഗങ്ങളുടെ ദുരിതം
2025 മാർച്ചിൽ മൃഗക്ഷേമ കമ്മീഷണറായിരുന്ന അലിസൺ ബെസീന, മൃഗാവകാശ മന്ത്രിക്കും പാർലമെന്ററി സെക്രട്ടറിക്കും 24 ശുപാർശകൾ സമർപ്പിച്ചിരുന്നു.
അതിൽ 23-ാം ശുപാർശ “Protecting Animals from Fireworks Noise” എന്ന പേരിലായിരുന്നു. മാൾട്ടയിലെ നിലവിലെ വെടിക്കെട്ട് നിയമങ്ങൾ വെടിക്കെട്ടിന്റെ വലുപ്പം, സമയം, താമസമേഖലകൾക്ക് സമീപമുള്ള സ്ഥലങ്ങൾ തുടങ്ങിയവ നിയന്ത്രിക്കുന്നുണ്ടെങ്കിലും, അവ പ്രധാനമായും മനുഷ്യരുടെ സുരക്ഷയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും വെടിക്കെട്ടിന്റെ ശബ്ദം മൂലം മൃഗങ്ങൾ അനുഭവിക്കുന്ന സമ്മർദത്തിൽ നിന്ന് അവയ്ക്ക് പ്രത്യേക നിയമപരിരക്ഷയില്ലെന്നും ശുപാർശയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
ഉച്ചത്തിലുള്ള ശബ്ദം മൃഗങ്ങളുടെ ഹൃദയമിടിപ്പും സമ്മർദ ഹോർമോണുകളുടെ അളവും വർധിപ്പിക്കുകയും ദീർഘകാല സമ്മർദത്തിനും പെരുമാറ്റ പ്രശ്നങ്ങൾക്കും കാരണമാകുകയും ചെയ്യുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നതായും ശുപാർശയിൽ പറയുന്നു.
മൃഗങ്ങൾക്ക് ഏറ്റവും കൂടുതൽ അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ വെടിക്കെട്ട് നിരോധിക്കണമെന്നാണ് കമ്മീഷണറുടെ അടിയന്തര ശുപാർശ. കന്നുകാലികളുള്ള ഫാമുകളും മൃഗങ്ങളെ എളുപ്പത്തിൽ ശാന്തമായ മറ്റൊരിടത്തേക്ക് മാറ്റാൻ കഴിയാത്ത സ്ഥലങ്ങളും ഇതിൽ ഉൾപ്പെടുന്നു.
മൃഗങ്ങൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് കുറയ്ക്കുന്നതിനായി ശബ്ദരഹിത വെടിക്കെട്ട് പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികളും കമ്മീഷണർ നിർദേശിച്ചിരുന്നു.



