മാൾട്ടാ വാർത്തകൾ

മാൾട്ട മെഡ്എയറിനെതിരെ തൊഴിൽ തർക്കം രജിസ്റ്റർ ചെയ്ത് ജി.ഡബ്ല്യു.യു

ജനറൽ വർക്കേഴ്സ് യൂണിയന്റെ (GWU) മാരിടൈം ആൻഡ് ഏവിയേഷൻ വിഭാഗം മാൾട്ട മെഡ്എയറിനെതിരെ ഔദ്യോഗികമായി തൊഴിൽ തർക്കം രജിസ്റ്റർ ചെയ്തു. മാൾട്ട മെഡ് എയറിലെ ചില ഗ്രേഡുകളിലെ ജീവനക്കാരെ പ്രതിനിധീകരിക്കുന്ന യൂണിയനായി ഔദ്യോഗിക അംഗീകാരം ലഭിച്ചതിന് പിന്നാലെയാണ് കമ്പനിയുമായി ജി.ഡബ്ല്യു.യു തൊഴിൽ തർക്കം രജിസ്റ്റർ ചെയ്തത്.

പുതിയ കൂട്ടായ കരാറിനായുള്ള (Collective Agreement) ചർച്ചകളിലേക്ക് കടക്കുന്നതിന്റെ ഭാഗമായി, നിലവിൽ ജീവനക്കാരുടെ സേവന-വേതന വ്യവസ്ഥകൾ നിർണ്ണയിക്കുന്ന രേഖകൾ ലഭ്യമാക്കണമെന്ന് യൂണിയൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ രേഖകൾ നൽകാനാവില്ലെന്ന നിലപാടിലാണ് കമ്പനി മാനേജ്‌മെന്റ്.

ഡിപ്പാർട്ട്‌മെന്റ് ഫോർ ഇൻഡസ്ട്രിയൽ ആൻഡ് എംപ്ലോയ്മെന്റ് റിലേഷൻസ് (DIER) തങ്ങളെ ജീവനക്കാരുടെ ഔദ്യോഗിക പ്രതിനിധിയായി അംഗീകരിച്ചിട്ടും മാനേജ്‌മെന്റ് രേഖകൾ നിഷേധിക്കുകയാണെന്ന് വെള്ളിയാഴ്ച പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ യൂണിയൻ വ്യക്തമാക്കി.

തൊഴിലാളികളെ പ്രതിനിധീകരിച്ച് കാര്യക്ഷമവും സുതാര്യവുമായ ചർച്ചകൾ നടത്തുന്നതിന് മാനേജ്‌മെന്റിന്റെ ഈ നിലപാട് തടസ്സമാണെന്ന് ജി.ഡബ്ല്യു.യു ചൂണ്ടിക്കാട്ടി.

“കൂട്ടായ ചർച്ചകൾ പരസ്പര ബഹുമാനത്തിലും സുതാര്യതയിലും അധിഷ്ഠിതമായിരിക്കണം. തൊഴിലാളികളുടെ പ്രതിനിധിയെന്ന നിലയിൽ യൂണിയന്റെ പങ്കിനെ മാനിക്കുകയും വേണം,” എന്ന് സെക്ഷൻ സെക്രട്ടറി ജൂർഗൻ അസോപാർഡി പറഞ്ഞു.

അംഗീകൃത യൂണിയന് ആവശ്യമായ അടിസ്ഥാന വിവരങ്ങൾ നിഷേധിക്കുന്നത് തൊഴിലാളി പ്രതിനിധാനത്തെ ബലഹീനമാക്കാനും നല്ലൊരു വ്യവസായ ബന്ധത്തെ തകർക്കാനുമുള്ള ശ്രമമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തൊഴിലാളികളുടെ അവകാശങ്ങളെയും സുതാര്യമായ ചർച്ചകളെയും തടസ്സപ്പെടുത്താനുള്ള നീക്കങ്ങൾക്കെതിരെ മൗനം പാലിക്കില്ലെന്ന് യൂണിയൻ വ്യക്തമാക്കി. ചർച്ചകളിലൂടെയും സഹകരണത്തിലൂടെയും പ്രശ്നം പരിഹരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും, എന്നാൽ മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്ന് അനുകൂല നിലപാട് ഉണ്ടായില്ലെങ്കിൽ  പ്രക്ഷോഭങ്ങൾ ശക്തമാക്കുമെന്നും യൂണിയൻ മുന്നറിയിപ്പ് നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button