അന്തർദേശീയം

പാകിസ്ഥാനില്‍ കൽക്കരി ഖനി സ്ഫോടനം; 15 മരണം, 20 പേർ കുടുങ്ങിക്കിടക്കുന്നു

കറാച്ചി : പാകിസ്ഥാനിലെ ബലൂചിസ്ഥാൻ്റെ പ്രവിശ്യാ തലസ്ഥാനമായ ക്വറ്റയ്ക്ക് സമീപമുള്ള കൽക്കരിപ്പാടത്തുണ്ടായ സ്ഫോടനത്തിൽ 15 പേർ മരിച്ചതായി റിപ്പോർട്ട്. ഇരുപതോളം പേർ കുടുങ്ങിക്കിടക്കുകയാണ്. രക്ഷാപ്രവർത്തനം തുടരുന്നു. വ്യാഴാഴ്ച സൊറേഞ്ച് കൽക്കരിപ്പാടത്താണ് അപകടമുണ്ടായത്. സ്ഫോടനംമൂലം സമീപത്തെ മറ്റൊരു ഖനിക്കും കേടുപാടുകളുണ്ടായി.

രക്ഷാപ്രവർത്തകർ വെള്ളി രാവിലെ വരെ 15 മൃതദേഹങ്ങൾ കണ്ടെടുക്കുകയും കുടുങ്ങിക്കിടന്ന 16 പേരെ രക്ഷപ്പെടുത്തുകയും ചെയ്തു, വ്യാഴാഴ്ച ഷിഫ്റ്റ് മാറുന്ന സമയത്ത് മാരകമായ മീഥെയ്ൻ വാതകം അടിഞ്ഞുകൂടിയതാണ് ഭൂമിക്കടിയിലെ സ്ഫോടനത്തിന് കാരണമായതെന്ന് ഓൾ പാകിസ്ഥാൻ കോൾ മൈനേഴ്സ് അസോസിയേഷനിലെ പീർ മുഹമ്മദ് കാക്കർ അറിയിച്ചു. സ്വകാര്യ ഖനി ഉടമകൾ ആവശ്യമായ സുരക്ഷാ നടപടിക്രമങ്ങൾ പാലിക്കുന്നില്ലെന്നും തൊഴിലാളികളെ ശരിയായി രജിസ്റ്റർ ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

തൊഴിലാളികളിൽ ഭൂരിഭാഗം പേരും മറ്റ് പ്രവിശ്യകളിൽ നിന്നും അഫ്ഗാനിസ്ഥാനിൽ നിന്നും ഉൾപ്പെടെ ഉപജീവനത്തിനായി എത്തുന്നവരാണ്. മരിച്ച ഓരോ തൊഴിലാളിയുടെയും കുടുംബത്തിന് 5 ലക്ഷം പാകിസ്ഥാൻ രൂപ വീതവും പരിക്കേറ്റ ഓരോ തൊഴിലാളിക്കും 3 ലക്ഷം പാകിസ്ഥാൻ രൂപ വീതവും നഷ്ടപരിഹാരം നൽകുമെന്ന് ബലൂചിസ്ഥാൻ ഖനി-ധാതു വകുപ്പ് മന്ത്രി ശുഐബ് നോഷെർവാനി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button