വിദേശ വിദ്യാർഥികൾക്ക് തിരിച്ചടി : പഠനാനന്തരം യുഎസിൽ ജോലി ചെയ്യാൻ ലക്ഷം ഡോളർ ഫീസ് ഈടാക്കാൻ ട്രംപ് ഭരണകൂടം

വാഷിങ്ടൺ ഡിസി : അമേരിക്കയിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം അവിടെത്തന്നെ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന വിദേശ വിദ്യാർഥികൾക്ക് വൻ വെല്ലുവിളിയാകുന്ന പുതിയ നിർദേശങ്ങളുമായി ട്രംപ് ഭരണകൂടം. പഠനാനന്തരം അമേരിക്കയിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന വിദേശ ബിരുദധാരികളിൽനിന്ന് $1,00,000 (ഏകദേശം 95 ലക്ഷത്തോളം ഇന്ത്യൻ രൂപ) ഫീസ് ഈടാക്കുന്നത് ട്രംപ് ഭരണകൂടം പരിഗണിക്കുന്നതായി റിപ്പോർട്ട്. നിർദേശം നടപ്പിലാക്കാൻ തീരുമാനിക്കുന്ന പക്ഷം എച്ച് 1 ബി വിസ പ്രകാരം അമേരിക്കയിൽ കരിയർ സ്വപ്‌നം കാണുന്ന ഇന്ത്യക്കാരടക്കമുള്ള വിദേശികൾക്ക് അത് ഏറക്കുറേ അസാധ്യമായി മാറിയേക്കും
ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്‌മെന്റ് ഇതുസംബന്ധിച്ച ചർച്ചകൾ നടത്തുന്നുണ്ടെന്ന് ദ വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടായിട്ടില്ല. പഠനം പൂർത്തിയാക്കിയ ശേഷം അമേരിക്കയിൽത്തന്നെ തുടരാൻ ആഗ്രഹിക്കുന്ന വിദേശ വിദ്യാർഥികൾക്ക് നിർദിഷ്ട ഫീസ് ബാധകമാകുമെന്നാണ് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നത്.
എഫ്-1 വിസയിലുള്ള വിദേശ വിദ്യാർഥികൾക്ക് ബിരുദാനന്തരം അവരുടെ മേഖലകളുമായി ബന്ധപ്പെട്ട് താത്കാലിക ജോലിപരിചയം നേടാൻ അനുവദിക്കുന്ന ഓപ്ഷണൽ പ്രാക്ടിക്കൽ ട്രെയിനിങ് (ഒപിടി) പ്രോഗ്രാമിനെ ഈ നീക്കം ബാധിച്ചേക്കും. നേരത്തെയും ഒപിടിക്കെതിരെ ട്രംപ് ഭരണകൂടം രംഗത്തുവന്നിരുന്നു. വിസാ തട്ടിപ്പിനും കാലാവധി കഴിഞ്ഞുള്ള താമസത്തിനും വേണ്ടി ഒപിടി പ്രോഗ്രാം ദുരുപയോഗം ചെയ്യപ്പെടാമെന്നായിരുന്നു ട്രംപ് ഭരണകൂടത്തിന്റെ ആരോപണം.
അമേരിക്കയിൽ പഠനം പൂർത്തിയാക്കിയ ശേഷം എച്ച്-1 ബി അല്ലെങ്കിൽ മറ്റു ജോലി വിസകളിലേക്ക് കടക്കുന്നതിനായി ആയിരക്കണക്കിന് ഇന്ത്യൻ വിദ്യാർഥികളാണ് ഒപിടിയെ പ്രയോജനപ്പെടുത്തുന്നത്. പുതിയ നിർദേശം നടപ്പിലാക്കിയാൽ വലിയ തോതിൽ ഇന്ത്യൻ വിദ്യാർഥികൾക്ക് ഇത് തിരിച്ചടിയാകും. ജോലി നേടണമെങ്കിൽ വൻ തുക അധികമായി നൽകേണ്ടിവരും.
നിലവിൽ ഈ വിഷയം ഭരണകൂടത്തിന്റെ ആഭ്യന്തര ചർച്ചകളിൽ മാത്രമാണുള്ളതെന്നും അന്തിമ തീരുമാനം വൈറ്റ് ഹൗസ് ഇതുവരെ കൈക്കൊണ്ടിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കുന്നു. ഫീസ് അടയ്‌ക്കേണ്ടത് വിദ്യാർഥികളാണോ, ജോലി നൽകുന്ന കമ്പനികളാണോ അതോ സർവകലാശാലകളാണോ എന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല.



