അന്തർദേശീയം

കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട നിയമങ്ങൾ ലംഘിച്ചു; മസ്കിന്റെ എക്സിന് വൻ തുക പിഴയിട്ട് ആസ്ട്രേലിയൻ കോടതി

കാൻബറ : കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട നിയമങ്ങൾ ലംഘിച്ചതിന് ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള എക്‌സ് പ്ലാറ്റ്‌ഫോമിന് ആസ്ട്രേലിയൻ ഫെഡറൽ കോടതി വൻ തുക പിഴ ചുമത്തി. കുട്ടികളെ ഓൺലൈൻ വഴി ചൂഷണം ചെയ്യുന്നതിനെതിരെ സ്വീകരിച്ച സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ നിശ്ചിത സമയത്തിനകം സമർപ്പിക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് പിഴയിട്ടത്.

ഫെഡറൽ കോടതിയിൽ നടന്ന വാദത്തിനിടെ രാജ്യത്തെ ഓൺലൈൻ സുരക്ഷ നിയമം ലംഘിച്ചതായി എക്സ് സമ്മതിച്ചു. തുടർന്ന് കേസ് പരിഗണിച്ച ഫെഡറൽ കോടതി ജസ്റ്റിസ് മൈക്കൽ വീലഹാൻ, എക്സ് അടക്കേണ്ട പിഴ തുക ഏകദേശം 6,50,000 ആസ്‌ട്രേലിയൻ ഡോളറായി ഉയർത്തി നിശ്ചയിക്കുകയായിരുന്നു. കൂടാതെ റെഗുലേറ്ററുടെ നിയമപരമായ കോടതിച്ചെലവുകളിലേക്ക് 1,00,000 ആസ്‌ട്രേലിയൻ ഡോളർ കൂടി നൽകാനും കോടതി ഉത്തരവിട്ടു. പിഴ 45 ദിവസത്തിനുള്ളിൽ അടക്കണം. എക്സും ഇ​ സേഫ്റ്റി റെഗുലേറ്ററും തമ്മിൽ മൂന്ന് വർഷം മുമ്പ് ആരംഭിച്ച നിയമയുദ്ധത്തിനാണ് ഇതോടെ വിരാമമാകുന്നത്.

കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി എക്സ് നടപ്പിലാക്കിയ പ്രക്രിയകളെക്കുറിച്ചും ആഭ്യന്തര സുരക്ഷാ സംവിധാനങ്ങളെക്കുറിച്ചും ഔദ്യോഗിക വിവരങ്ങൾ നൽകുന്നതിൽ കമ്പനി വൈകിയതായിരുന്നു കേസിന് ആധാരം. 2003ലാണ് ആസ്ട്രേലിയയിലെ ഇന്റർനെറ്റ് റെഗുലേറ്ററായ ഇ സേഫ്റ്റി എക്സിനെതിരെ ആദ്യം പിഴ ചുമത്തിയത്. എന്നാൽ, ട്വിറ്റർ എക്സ് കോർപറേഷനുമായി ലയിക്കുന്നതിന് മുമ്പാണ് പിഴയിട്ടതെന്നും ട്വിറ്റർ ഇനി ഒരു കമ്പനി അല്ലെന്നും അതിനാൽ പാലിക്കേണ്ടതിലെന്നും എക്സ് വാദിക്കുകയായിരുന്നു.

വ്യാഴാഴ്ച റെഗുലേറ്ററുടെ ആവശ്യങ്ങളോട് പ്രതികരിക്കാൻ വൈകിയതിലൂടെ ആസ്‌ട്രേലിയയിലെ ഓൺലൈൻ സേഫ്റ്റി നിയമത്തി​ലെ വ്യവസ്ഥകൾ കമ്പനി ലംഘിച്ചതായി എക്‌സിന് വേണ്ടി ഹാജരായ അഭിഭാഷകർ കോടതിയിൽ സമ്മതിച്ചു. നിശ്ചിത സമയപരിധി കഴിഞ്ഞ് ഒരു മാസത്തിലേറെക്കാലം കമ്പനി ഈ നിർദേശങ്ങൾ പാലിക്കാതെ മുന്നോട്ട് പോയ പശ്ചാത്തലത്തിലാണ് 2023ൽ അധികൃതർ പിഴ ചുമത്താൻ തീരുമാനിച്ചത്.

2022ലാണ് ഇലോൺ മക്സ് ട്വിറ്റർ 44 ബില്യൺ ഡോളറിന് സ്വന്തമാക്കുന്നത്. പിന്നീട് അതിനെ എക്സ് എന്ന് പേരുമാറ്റി. ഇതിനുപിന്നാലൊയിരുന്നു തർക്കങ്ങളുടെ തുടക്കം. കുട്ടികളെ ചൂഷണം ചെയ്യുന്നതിന് എതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ച് 25 ചോദ്യങ്ങൾ അടങ്ങിയ ചോദ്യാവലി ഇ സേഫ്റ്റി എക്സിന് അയച്ചിരുന്നു. എന്നാൽ, എക്സ് നൽകിയ മറുപടി അപൂർണവും അപര്യാപ്തവുമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ആദ്യം 6,10,000 ആസ്ട്രേലിയൻ ഡോളർ പിഴയായി ചുമത്തിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button