ന്യൂയോർക്കിൽ മിന്നൽ പ്രളയം; ബസിൽനിന്നിറങ്ങിയ യുവതി കുത്തിയൊലിക്കുന്ന വെള്ളത്തിൽ ഒലിച്ചുപോയി

ന്യൂയോർക്ക് : ന്യൂയോർക്ക് നഗരത്തിൽ തുടരുന്ന അതിശക്തമായ മഴയെയും മിന്നൽ പ്രളയത്തെയും തുടർന്നുണ്ടായ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമത്തിൽ വൈറലാകുന്നു. നഗരത്തിലെ ഡ്രെയിനേജ് സംവിധാനങ്ങളെപ്പോലും അപ്രസക്തമാക്കിയ മഴയിൽ തെരുവുകളെല്ലാം തോടുകളായി മാറിയിരിക്കുകയാണ്. ഇതിനിടെ ഒരു ബസിൽനിന്ന് ഇറങ്ങാൻ ശ്രമിച്ച യുവതി ശക്തമായ ഒഴുക്കിൽപ്പെട്ട് പോകുന്ന 15 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയാണ് ഇപ്പോൾ ജനങ്ങളെ ഭീതിയിലാഴ്ത്തുന്നത്.
വെള്ളപ്പൊക്കം കാരണം ബസ് ഫുട്പാത്തിന് അടുത്തേക്ക് ചേർത്തുനിർത്താൻ കഴിയാതിരുന്നതിനെത്തുടർന്ന് റോഡിന് മധ്യത്തിലായാണ് ഡ്രൈവർ വാഹനം നിർത്തിയത്. പിങ്ക് നിറത്തിലുള്ള വസ്ത്രം ധരിച്ച യുവതി ബസിൽനിന്ന് നടപ്പാതയിലേക്ക് ചാടാൻ ശ്രമിച്ചെങ്കിലും ദൂരം കണക്കാക്കുന്നതിൽ പിഴവ് സംഭവിക്കുകയും കോൺക്രീറ്റ് വക്കിൽ തട്ടി വെള്ളത്തിലേക്ക് വീഴുകയുമായിരുന്നു. അതിശക്തമായ ഒഴുക്കിൽപ്പെട്ട് യുവതി നിമിഷങ്ങൾക്കുള്ളിൽ ഒഴുകിപ്പോയി. ബസിലുണ്ടായിരുന്ന മറ്റു യാത്രക്കാരും നാട്ടുകാരും പരിഭ്രാന്തരായി പിന്നാലെ ഓടിയെങ്കിലും യുവതിയെ രക്ഷിക്കാനായോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
ഈ സംഭവത്തിന്റെ വീഡിയോ പ്രചരിച്ചതോടെ ബസ് ഡ്രൈവർക്കെതിരേ രൂക്ഷമായ വിമർശനമാണ് ഉയരുന്നത്. ബസ് കുറച്ചുകൂടി വശത്തേക്ക് ചേർത്തുനിർത്താമായിരുന്നുവെന്നും ഡ്രൈവറുടെ അശ്രദ്ധയാണ് യുവതിയെ അപകടത്തിലാക്കിയതെന്നും സോഷ്യൽ മീഡിയ ഉപയോക്താക്കൾ കുറ്റപ്പെടുത്തുന്നു. ന്യൂയോർക്കിലെ ഉയർന്ന ജീവിതച്ചെലവിനെയും അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മയെയും പരിഹസിച്ചുകൊണ്ടുള്ള പ്രതികരണങ്ങളും ഇതിനോടൊപ്പം വരുന്നുണ്ട്. യുവതിയുടെ തല കോൺക്രീറ്റിൽ ശക്തമായി ഇടിച്ചതിനാൽ പരിക്കുകൾ ഗുരുതരമാകാൻ സാധ്യതയുണ്ടെന്ന ആശങ്കയിലാണ് പലരും.
അതേസമയം, നഗരത്തിലെ ഓടകൾക്ക് താങ്ങാവുന്നതിലധികം മഴയാണ് പെയ്തതെന്ന് മേയർ സോഹ്റാൻ മംദാനി പ്രതികരിച്ചു. മണിക്കൂറിൽ രണ്ട് ഇഞ്ച് മഴ വരെ ഉൾക്കൊള്ളാനുള്ള ശേഷിയേ നഗരത്തിലെ ഡ്രെയിനേജ് സംവിധാനത്തിനുള്ളൂ എന്നും എന്നാൽ കഴിഞ്ഞ ദിവസം ഇതിലുംവലിയ അളവിലുള്ള മഴയാണ് ഉണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി. വെള്ളപ്പൊക്കം ബാധിച്ച പ്രദേശങ്ങൾ സന്ദർശിച്ച മേയർ സന്ദർശിച്ചു.



